തിരുവനന്തപുരം: കേന്ദ്രം വിവിധ പദ്ധതികള്‍ക്കായി നല്കിയ, ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് 839.49 കോടിരൂപ. വ്യവസ്ഥകള്‍ പാലിക്കാത്തതുമൂലം പാഴാക്കിയത് 893.98 കോടിരൂപയും. സംസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള 2015 മാര്‍ച്ചിലെ സിഎജി റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍.
കേന്ദ്രസര്‍ക്കാരിന്റെ 2014-15 വര്‍ഷത്തെ 12 സുപ്രധാന പരിപാടികള്‍ നടപ്പാക്കാന്‍ ലഭിച്ചത് 461.53 കോടിരൂപയാണ്, ഇത് ചെലവഴിച്ചിട്ടില്ല. ഇതുകൂടാതെ പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ധനസഹായം വഴി ലഭിച്ച 377.96 കോടിരൂപയും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കൈയിലുണ്ട്.
2013-14 നെ അപേക്ഷിച്ച് 2014-15ല്‍ കേന്ദ്രസഹായത്തില്‍ 81 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി, 3370 കോടിയുടെ വര്‍ദ്ധന. 2013-14ല്‍ 4,138 കോടി കിട്ടി. 2014-15ല്‍ ഇത് 7508 കോടിയായി. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ 12 സുപ്രധാന പരിപാടികള്‍ നടപ്പാക്കാന്‍ ലഭിച്ചത് 2,646.51 കോടിരൂപയാണ്. സംസ്ഥാനവിഹിതം 412.19 കോടി. മൊത്തം ലഭിച്ചത് 3.058.80 കോടിരൂപ. ഇതിലെ 461.53 കോടിയാണ് ഉപയോഗിക്കാത്തത്. സര്‍വശിക്ഷാ അഭിയാനുള്ള 133.62 കോടിരൂപയും ദേശീയ ഗ്രാമീണ ആരോഗ്യമിഷനുള്ള 91.92കോടിരൂപയും തൊഴിലുറപ്പുപദ്ധതിക്കുള്ള 47.61കോടിരൂപയും ഇന്ദിര ആവാസ് യോജനയ്ക്കുള്ള 74.57 കോടിരൂപയും സ്വര്‍ണജയന്തി ഷഹരി റോസ്ഗാര്‍ യോജന പദ്ധതിക്കായി കുടുംബശ്രീക്കുള്ള 32.70 കോടിരൂപയും കുടുംബശ്രീക്കുള്ള 12.50 കോടിരൂപയും ഉപയോഗിച്ചില്ല.
പ്രധാനമന്ത്രി ഗ്രാമ സഡക് കോ ജനയ്ക്കുള്ള 11.12 കോടിരൂപയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനുള്ള 14.36 കോടിരൂപയും ദേശീയ ഗ്രാമീണ കുടിവെള്ള വിതരണ പ്രോഗ്രാമിനുള്ള 19.54കോടിരൂപയും സംയോജിത നീര്‍മറി പരിപാലന പദ്ധതിക്കുള്ള 4.94 കോടിരൂപയും ഉപയോഗിച്ചിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടും സംസ്ഥാനത്തിന്റെ വീഴ്ച മൂലം തടയപ്പെട്ടത് 89.39കോടിരൂപയാണ്. ഏജന്‍സികളുടെ പക്കല്‍ തടയപ്പെട്ടു കിടക്കുന്നത് 288.57 കോടിരൂപും. ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രോത്സാഹനമായി കേന്ദ്രത്തില്‍നിന്നുള്ള 38.38 കോടിരൂപ ചോദിച്ചുവാങ്ങുന്നതില്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ പരാജയപ്പെട്ടു. പുനഃസ്ഥാപിക്കാവുന്ന ഊര്‍ജത്തിന് പ്രോത്സാഹനമായി ലഭിച്ച 12.50 കോടിരൂപ ഇതുവരെ ചോദിച്ചു വാങ്ങിയില്ല. ഭരണനിവാരണ അതോറിറ്റിക്കുള്ള 9.16 കോടിരൂപ സര്‍ക്കാരിന്റെയും നടപ്പാക്കല്‍ ഏജന്‍സികളുടെയും പക്കല്‍ നടപടിക്രമങ്ങളിലെ കാലതാമസംമൂലം തടയപ്പെട്ടുകിടക്കുന്നു. 198.33 കോടിരൂപയുടെ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം തടയപ്പെട്ടുകിടക്കുകയാണ്. പോലീസ് സേനയുടെ നിലവാരമുയര്‍ത്തുന്നതിനുള്ള 28.32 കോടിരൂപയും പുരാതന ആദിവാസി സംഘങ്ങള്‍ക്കുള്ള 6.36 കോടിരൂപയും മത്സ്യബന്ധനമേഖലയ്ക്കുള്ള 8.98 കോടിയും ജയിലുകളുടെ നിലവാരമുയര്‍ത്തുന്നതിനുള്ള 15.63 കോടിരൂപയും മൃഗസംരക്ഷണത്തിനുള്ള 9.47 കോടിരൂപയും തടയപ്പെട്ടിട്ടുണ്ട്. യുഐസി നല്‍കുന്നതിനുള്ള 4.96കോടിരൂപയും തടയപ്പെട്ടു. ഉള്‍നാടന്‍ ജലപാതകള്‍ക്കും തീരദേശപരിപാലനത്തിനും ലഭിച്ചിരുന്ന തുകയില്‍ 32.83 കോടിരൂപയാണ് കിടക്കുന്നത്.
ആധാര്‍ വിവരങ്ങള്‍ ബിപിഎല്‍ വിവരങ്ങളുമായി സംയോജിപ്പിക്കാത്തതുമൂലം ആദ്യഗഡുവായി ലഭിച്ച 4.96 കോടി ഐടി മിഷനില്‍ ഉപയോഗമില്ലാതെ കിടക്കുകയാണ്. അതിനാല്‍ പിന്നീട് കിട്ടുമായിരുന്ന 44.64 കോടിരൂപ നഷ്ടമായി. ഉപയോഗ സാക്ഷ്യപത്രം സമര്‍പ്പിക്കാത്തതുമൂലം വനങ്ങള്‍ക്കായുള്ള പദ്ധതിയില്‍ 11.27 കോടിരൂപയുടെ കുറവുണ്ടായി. സ്വതന്ത്ര ജലനിയന്ത്രണ അതോറിറ്റി സ്ഥാപിക്കാത്തതുമൂലവും വെള്ളക്കരം പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയതുമൂലം ജലമേഖലയ്ക്ക് നഷ്ടമായത് 132 കോടിയാണ്. പദ്ധതിയേതര റവന്യൂ ചെലവുകള്‍ കൈവരിക്കാത്തതുമൂലം റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപണികള്‍ക്കുള്ള കേന്ദ്രസഹായത്തില്‍ 232 കോടിയുടെ കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: