മങ്കട: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ കര്‍ഷകരുള്ള മണ്ഡലങ്ങളിലൊന്നായ മങ്കടയില്‍ വിത്യസ്തമായ ഒരു രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നു.
കാലങ്ങളായി യുഡിഎഫിനൊപ്പം നില്ക്കുന്ന ക്രിസ്തീയ വിഭാഗമാണ് ഇക്കുറി കളംമാറ്റി ചവിട്ടുന്നത്. അതാകട്ടെ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരുപോലെ എതിര്‍ത്തുകൊണ്ട്. ഇരുമുന്നണികളെയും പാഠം പഠിപ്പിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് മണ്ഡലത്തിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും.
ജില്ലയില്‍ നിലമ്പൂര്‍ കഴിഞ്ഞാല്‍ ക്രിസ്തീയ മതവിശ്വാസികളുള്ള മണ്ഡലമാണ് മങ്കട. റോമന്‍ കത്തോലിക്ക വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടെ ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ, സിഎസ്ഐ വിഭാഗത്തില്‍പ്പെട്ടവരും ധാരാളമുണ്ട്.
യുഡിഎഫിനെ ജില്ലയില്‍ മുസ്ലീം വിഭാഗം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നുമാണ് ഇവരുടെ പരാതി. സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇതിനെതിരെ പ്രതിഷേധിക്കാനാണ് സഭാവിശ്വാസികള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജില്ലയില്‍ നിന്ന് ഒരു പ്രതിനിധിയെങ്കിലും തങ്ങള്‍ക്ക് വേണമെന്ന് ക്രിസ്ത്യന്‍ വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, മോഹനവാഗ്ദ്ധാനങ്ങള്‍ മാത്രം നല്കി കബളിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. നിലമ്പൂരിലോ മങ്കടയിലോ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നെങ്കിലും, ഈ തീരുമാനം ലീഗ് അട്ടിമറിക്കുകയായിരുന്നു. ക്രിസ്ത്യാനികളും ന്യൂനപക്ഷ വിഭാഗമാണെങ്കിലും ന്യൂനപക്ഷങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് മുസ്ലീങ്ങള്‍ മാത്രമാണ്. ജില്ലയിലെ ഭൂരിപക്ഷമായ മുസ്ലീം വിഭാഗം അധികാരത്തിന്റെ ബലത്തില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇതിന് യുഡിഎഫ് മൗനാനുവാദവും നല്‍കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
അവസാന പ്രതീക്ഷയുമായി ക്രിസ്ത്യന്‍ വിഭാഗം ആശ്രയിച്ച സിപിഎമ്മും അക്ഷരാര്‍ത്ഥത്തില്‍ ചതിക്കുകയായിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ പ്രൊഫ.എം.തോമസ് മാത്യുവിന് എല്‍ഡിഎഫ് സീറ്റ് നല്‍കിയിരുന്നു. ജയിക്കുമെന്ന പ്രതീതിയുയര്‍ത്തിയെങ്കിലും അവസാനം പരാജയപ്പെട്ടു. ആര്യാടന്റെ വിജയത്തിനായി സിപിഎം തങ്ങളെ ബലിനല്കുകയായിരുന്നെന്ന് ക്രിസ്തീയ സംഘടനകള്‍ പറയുന്നു. തങ്ങളുടെ വോട്ടുകള്‍ പങ്കിട്ടെടുക്കാന്‍ മാത്രമാണ് ഇരുമുന്നണികളും മത്സരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റെങ്കിലും നല്‍കുമെന്ന് പറയാന്‍ എല്‍ഡിഎഫോ യുഡിഎഫോ ചങ്കൂറ്റം കാണിക്കുമോയെന്നും ഇവര്‍ ചോദിക്കുന്നു. ഇരുമുന്നണികളുടെയും കാലങ്ങളായുള്ള ചതിയില്‍ മനംമടുത്ത ക്രിസ്ത്യാനികളിലെ ഒരു വിഭാഗം ബിജെപിയോടടുക്കുന്നതും ശ്രദ്ധേയമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: