കൊല്ലം: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതേ്യക ആയോധനകലാ പരിശീലനം നല്കുന്ന ഉണ്ണിയാര്‍ച്ച പദ്ധതിക്കും പിന്നാക്ക പ്രദേശങ്ങളില്‍ നിന്നും കായികപ്രതിഭകളെ കണ്ടെത്തി പരിശീലനം നല്കുന്ന ഏകലവ്യപദ്ധതിക്കും തുടക്കമായി.
എന്റെ കൊല്ലം പദ്ധതി പ്രകാരം വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടപ്പാക്കുന്ന രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം കൊല്ലം ലാല്‍ ബഹൂദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ നിര്‍വഹിച്ചു. ഉണ്ണിയാര്‍ച്ച പദ്ധതിയില്‍ ആയോധനകലാ പരിശീലനം അഞ്ചുമുതല്‍ ഏഴുവരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ്. ആദ്യഘട്ടത്തില്‍ ഓരോ താലൂക്കിലെയും തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ സ്കൂളിലെ 20 പെണ്‍കുട്ടികള്‍ വീതമുള്ള ബാച്ചുകള്‍ക്കാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകര്‍ പരിശീലനം നല്‍കും. കരാട്ടേ, കളരി, തായ്കൊണ്ട ഇനങ്ങളിലാണ് പരിശീലനം. കൂടാതെ ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളില്‍ നിന്നും കായികപ്രതിഭകളെ കണ്ടെത്താനും സായിയുമായി സഹകരിച്ച് ജില്ലാ ഭരണകൂടം ഏകലവ്യ എന്ന പ്രതേ്യകപദ്ധതിയും നടപ്പാക്കും. പൊതുജന പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളില്‍ നിന്നും 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കായികക്ഷമതാ നിര്‍ണയത്തിലൂടെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക. ഇവരുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും കായികപരിശീലനവും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്പോസര്ഷിപ്പില് നടക്കും. ബാസ്കറ്റ്ബോള്‍, വോളിബോള്‍, അത്ലറ്റിക്സ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ ആകെ അഞ്ച് കുട്ടികളെയാണ് പരിശീലന പദ്ധതിയില്‍ തിരഞ്ഞെടുക്കുക. ഇതിനുള്ള കായികക്ഷമതാ നിര്‍ണയം ഉടന്‍ ആരംഭിക്കും.
ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്നാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.വത്സല അധ്യക്ഷത വഹിച്ചു. സായ് കേരള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ഐസക്ക്, കൊല്ലം കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന സി.ശശിധരന്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ്.ചിത്ര, എഡിഎം എം.എ.റഹീം, ആര്‍ഡിഒ എം.വിശ്വനാഥന്, കൊല്ലം തഹസീല്‍ദാര്‍ സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് സായിയിലെ വിദ്യാര്‍ഥികള്‍ തായ്കൊണ്ടയുടെ പ്രകടനം നടത്തി. 13 മുതല്‍ 15 വരെ ഷില്ലോങില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ സായിയിലെ വിദ്യാര്‍ഥികള്‍ക്കും പരിശീലകര്‍ക്കും ജില്ലാ കളക്ടര്‍ ഫലകം സമ്മാനിച്ചു. തായ്കൊണ്ട ഇനത്തില്‍ സ്വര്‍ണം നേടിയ മാര്‍ഗരറ്റ് മരിയ റെജി, വെള്ളി നേടിയ മനുജോണ്‍, പരിശീലകരായ ബാലഗോപാല്‍, കണ്ണന് ബാലാദേവി എന്നിവര്‍ ഫലകം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: