കോട്ടയം: പാര്‍ലമെന്റ് അക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്സല്‍ഗുരു അനുസ്മരണം രാജ്യദ്രോഹം തന്നെയാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. ജെഎന്‍യു സംഭവത്തില്‍ ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഫ്സല്‍ഗുരു അടക്കമുള്ളവരുടെ കൈവശമുണ്ടായിരുന്ന ആര്‍ഡിഎക്സ് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ പാര്‍ലമെന്റ് മാത്രമല്ല സുപ്രീംകോടതി സമുച്ചയമടക്കം തകരുമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നീചമായ തരത്തില്‍ പാര്‍ലമെന്റില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ പദ്ധതിയിട്ടത് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. അങ്ങനെയുള്ളയാളിനെ അഫ്സല്ഗുരുജിയെന്ന് വാഴ്ത്തി പ്രശംസിച്ച് നടക്കുന്നയാളുകള്‍ ഭാരതത്തിലെ ദേശീയവികാരമുള്ള ബഹുഭൂരിപക്ഷം വരുന്ന ജനസഞ്ചയത്തെ കൊഞ്ഞനംകാണിക്കുകയാണെന്നും കെ.ടി. തോമസ് പറഞ്ഞു.
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതാരെന്ന കാര്യത്തിലാണ് വിവാദം. ചില ദേശീയ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളില്‍ വിദ്യാര്ത്ഥിയൂണിയന് നേതാവ് കനയ്യകുമാറിന്റെ സാന്നിധ്യത്തില്‍ ചിലര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നത് കാണാം. ആ സംഭവത്തില്‍ വിദ്യാര്‍ത്ഥിനേതാവിന്റെ പ്രേരണയോ പരോക്ഷ പിന്തുണയോ കൊടുത്തിട്ടുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
1950 കളുടെ അവസാനകാലത്ത് ഡിഎംകെ നേതാവ് അണ്ണാദുരൈ രാജ്യസഭയില്‍ നടത്തിയ പ്രസംഗവും ജെഎന്‍യു സംഭവവുമായി താരതമ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ചരിത്രബോധമില്ലാത്തവരാണ്. അണ്ണാദുരൈ ഭാരതം വിഭജിക്കണമെന്നല്ല ആവശ്യപ്പെട്ടത് ദ്രാവിഡ സംസ്ഥാനം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഐക്യരാഷ്ട്രസഭയില്‍ ഭാരതപ്രതിനിധിയായി അണ്ണാദുരൈ പങ്കെടുത്ത് നടത്തിയ പ്രസംഗം നെഹ്രുവിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയതാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: