പത്തനംതിട്ട: സംസ്ഥാന ബജറ്റില്‍ പത്തനംതിട്ടജില്ലയ്ക്ക് കടുത്ത അവഗണന നേരിട്ടതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍ക്കൊപ്പം ഇടതു വലതു മുന്നണി പ്രതിനിധികളായ അഡ്വ.പീലിപ്പോസ് തോമസും ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജും ഒരേ സ്വരത്തില്‍ സമ്മതിച്ചു.
പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച സംസ്ഥാന ബജറ്റും പത്തനംതിട്ട ജില്ലയും സംവാദ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മൂവരും അഭിപ്രായ ഐക്യത്തിലെത്തിയത്. ബജറ്റില്‍ ജില്ലയ്ക്ക് അവഗണന നേരിട്ടതിന്റെ പ്രധാന ഉത്തരവാദികള്‍ ജില്ലയില്‍ നിന്നുള്ള ഇരു മുന്നണികളിലും പെട്ട ജനപ്രതിനിധികളാണെന്ന് ഷാജി ആര് നായര്‍ ചൂണ്ടിക്കാട്ടി. ജില്ലയ്ക്കുവേണ്ടി ജനപ്രതിനിധികള്‍ നടത്തിയ ഇടപെടലുകള്‍ എന്താണെന്ന് ജനങ്ങളോട് ഇവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയ്ക്കായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത ബജറ്റ് പൂര്‍ത്തിയാകാത്ത പദ്ധതികളുടെ കാര്യത്തിലും നിശബ്ദതപാലിക്കുന്നു. കുടിവെള്ള പദ്ധതികള്‍ നവീകരിക്കാന്‍ ഒരു പദ്ധതിയും ബജറ്റില്‍ കണ്ടില്ല. കാര്‍ഷിക മേഖലയെ അപ്പാടെ ബജറ്റ് അവഗണിച്ചതായും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. കൃഷി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവര്ക്കുപോലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ബജറ്റിനായില്ല. കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യത്തിന് പുതിയ പദ്ധതികള്‍ ഒരുക്കുകയോ നിലവിലുള്ള ജലസംഭരികള്‍ സംരക്ഷിച്ച് കൃഷിക്ക് വെള്ളം ലഭ്യമാക്കാന്‍ പദ്ധതിയൊരുക്കാനോ ബജറ്റില്‍ നിര്‍ദ്ദേശമില്ല. പ്രവാസികളാല്‍ ഏറെ സമ്പന്നമായ ജില്ലയില്‍ വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനോ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനോ ഒന്നും ബജറ്റില്‍ പദ്ധതികളില്ല. റബല്‍ ഉല്‍പ്പാദന രംഗത്തെ ഏറെ ആശ്രയിക്കുന്ന പത്തനംതിട്ടയില്‍ റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ടൂറിസത്തിന് വലിയ സാധ്യതയുണ്ടെങ്കിലും ജില്ലയ്ക്കത് അനുഗുണമാകുംവിധം പദ്ധതി തയ്യാറാക്കാന്‍ ബജറ്റിനായിട്ടില്ലെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. ജില്ലയുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് നേടിയെടുക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ബജറ്റ് വെളിവാക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോടികണക്കിനു രൂപയുടെ വിദേശമൂലധനം എത്തുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവാസികളെ സഹായിക്കാനുള്ള പദ്ധതികളില്ല. വ്യവസായ രംഗത്തു ജില്ല പിന്നോക്കമാണ്. പുതിയ പദ്ധതികള്‍ക്കു നിര്‍ദേശങ്ങളില്ല. കാര്‍ഷികമേഖല നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് തുടങ്ങിയ വിഷയങ്ങളില്‍ നേതാക്കള്‍ക്കു യോജിപ്പായിരുന്നു. റോഡ്, ടൂറിസം വികസനത്തില്‍ ബജറ്റില്‍ പത്തനംതിട്ടയ്ക്കു പരിഗണന നല്‍കിയിട്ടുണ്ടെന്ന് ഡോ.വര്‍ഗീസ് ജോര്‍ജ് ചൂണ്ടിക്കാട്ടിയപ്പോള്‍ ശബരിമലയുടെ പേരില്‍ പ്രഖ്യാപിച്ച പദ്ധതികളെ പത്തനംതിട്ടയുടെ അക്കൗണ്ടില്‍ പെടുത്തേണ്ടതില്ലെന്നായിരുന്നു അഡ്വ.ഫിലിപ്പോസ് തോമസിന്റെ അഭിപ്രായം. പത്തനംതിട്ടയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍പോലും തികഞ്ഞ അവഗണനയാണെന്ന് ഷാജി ആര്.നായര്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചാനിരക്കിലും പ്രതിശീര്‍ഷ വരുമാനത്തിലും പിന്നിലുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്ന് ഡോ.വര്‍ഗീസ് ജോര്‍ജും അഡ്വ.ഫിലിപ്പോസ് തോമസും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനു തന്നെ അഭിമാനമായ പല രംഗങ്ങളിലും മുന്നിലാണ് പത്തനംതിട്ട. പ്രവാസി നിക്ഷേപത്തിലും ജില്ലയിലെ ബാങ്കുകള്‍ മുന്നിലുണ്ട്. സംസ്ഥാനം 6.67 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയുടെ വളര്‍ച്ചാനിരക്ക് 2.5 ശതമാനം മാത്രമാണ്. ദേശീയ വളര്‍ച്ചാനിരക്ക് 8.2 ശതമാനമാണ്. കേരളം അഖിലേന്ത്യ ശരാശരിയേക്കാള്‍ താഴെയാണ്.
റബര്‍വില സ്ഥിരത ഫണ്ടില്‍ 500 കോടി രൂപ വകയിരുത്തിയെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് ഇതു ലഭിക്കാനുള്ള സാധ്യത ബുദ്ധിമുട്ടാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബജറ്റില്‍ 300 കോടി രൂപ വകയിരുത്തിയപ്പോള്‍ 150 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ഡോ.വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ 92 കോടി മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് അഡ്വ.ഫിലിപ്പോസ് തോമസും 75 ശതമാനത്തിലും താഴെയാണ് ചെലവെന്ന് ഷാജി ആര്.നായരും പറഞ്ഞു. റബര്‍ കര്‍ഷകരോടു യാതൊരു ആത്മാര്‍ഥതയും സംസ്ഥാന സര്‍ക്കാര്‍ കാട്ടിയിട്ടില്ലെന്ന് ഫിലിപ്പോസ് തോമസും ഷാജി ആര്.നായരും പറഞ്ഞു. റബറിനെ നാണ്യവിളകളുടെ പട്ടികയില്‍ നിന്നു മാറ്റി കാര്ഷികവിളയാക്കിക്കൊണ്ടുള്ള നയം കര്‍ഷകര്‍ക്കു ഗുണകരമാകുമെന്നും ഷാജി ചൂണ്ടിക്കാട്ടി.
നെല്‍കര്‍ഷകരോടു തികഞ്ഞ അവഗണനയാണുണ്ടായതെന്ന് ഫിലിപ്പോസ് തോമസ് പറഞ്ഞു. കുട്ടനാട് പാക്കേജിനു ബജറ്റ് വിഹിതമില്ല. പത്തനംതിട്ട ജില്ലയുടെ ഭാഗമായ അപ്പര്‍കുട്ടനാട്ടിലെ കാര്‍ഷികമേഖലയില്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കേണ്ടതാണ്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനോ സംഭരിക്കുന്ന നെല്ലിന്റെ വില നല്‍കാനോ കഴിയുന്നില്ല. കൃഷിക്കുവേണ്ടി വകയിരുത്തിയ ഫണ്ട് വകമാറ്റി. എന്നാല്‍ നെല്ലിന്റെ സംഭരണ വില കുടിശികയില്ലെന്നു വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ വര്‍ഷവും നെല്ലിന്റെ താങ്ങുവിലയില്‍ ഓരോ രൂപയുടെ വര്‍ധനയുണ്ടായി. കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നാളികേരം സംഭരിക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ട്.
പത്തനംതിട്ടയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും മൂലധന നിക്ഷേപത്തിനുമുള്ള പദ്ധതികളൊന്നും ബജറ്റിലുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
അല്പം രാഷ്ട്രീയം
പത്തനംതിട്ടയുടെ വികസനത്തില്‍ രാഷ്ട്രീയമായ ഇരട്ടത്താപ്പുണ്ടെന്ന് അഡ്വ.ഫിലിപ്പോസ് തോമസ് ആരോപിച്ചു. എന്നാല്‍ സംസ്ഥാന വിഹിതത്തിലെ 40 ശതമാനവും തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്കിയിട്ടുള്ളതിനാല് പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എക്കാലവും തങ്ങള്‍ക്കു പത്തനംതിട്ടയില്‍ മേല്‍ക്കോയ്മ ഉണ്ടായിരിക്കുമെന്ന അഹന്തയാണ് യുഡിഎഫിന്റേതെന്ന് ഫിലിപ്പോസ് പറഞ്ഞു. ഇടക്കാല ബജറ്റാണെങ്കില്‍ കൂടി സമീപജില്ലയായ കോട്ടയത്ത് അനുവദിക്കപ്പെട്ട പദ്ധതികള്‍ ഏറെയാണ്. ഇതിലൊരു അംശമെങ്കിലും പത്തനംതിട്ട ജില്ലയ്ക്ക് നല്‍കിയില്ല. കേരളത്തോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടില്‍ അവതരിപ്പിച്ച ബജറ്റില്‍ യാതൊരു പ്രഖ്യാപനങ്ങളും ഇല്ലെന്നതു ശ്രദ്ധേയമാണെന്നു അഡ്വ.ഫിലിപ്പോസ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: