പെരിന്തല്‍മണ്ണ: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം ഒന്നര മാസം മാത്രം അവശേഷിക്കെ സ്വകാര്യ ന്യൂജനറേഷന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കണക്കെടുപ്പും തുടങ്ങി. സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളായി രംഗപ്രവേശം ചെയ്ത പല ന്യൂജന്‍ ഭീമന്മാരും ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് വാഹന ഹൗസിംഗ് ലോണ്‍ അടക്കമുള്ള മേഖലയിലാണ്. അതാകട്ടേ, സാധാരണക്കാരെ കടക്കെണിയിലേക്ക് തള്ളിവിടുന്ന കഴുത്തറപ്പന്‍ പലിശയും ഈടാക്കിയാണ്. ഉപഭോക്താക്കളെ തെരഞ്ഞുപിടിച്ച്, മോഹനവാഗ്ദാനങ്ങള്‍ നല്കി ലോണ്‍ നല്കുന്ന ഇക്കൂട്ടര്‍ക്ക് ആ സ്നേഹമൊന്നും അധികനാള്‍ ഉണ്ടാകില്ല എന്നതാണ് സത്യം. ഒരു മാസം അടവുതെറ്റിയാല്‍ മുന്നറിയിപ്പ്, രണ്ട് മാസമായാല്‍ ഭീഷണി, മൂന്ന് മാസമായാല്‍ വീട്ടില്‍ കയറി കുത്തിയിരുപ്പ്, അതും കഴിഞ്ഞാല്‍ ഗുണ്ടായിസം. ഇതാണ് ന്യൂജന്‍ ബാങ്കുകാരുടെ രീതി. ഏറെ കൊട്ടിയാഘോഷിച്ച് കേരളം മൊത്തം കൊണ്ടാടിയ ഓപ്പറേഷന് കുബേരക്ക് പോലും ഇവരെ തൊടാനായില്ല. ചില സ്വകാര്യ പണമിടപാട് മുതലാളിമാരെ പിടികൂടിയത് ഒഴിച്ചാല്‍ ബാക്കിയെല്ലാം വെറും പ്രഹസനമായി മാറുകയായിരുന്നു. പാവങ്ങളെ മൊത്തമായി ഊറ്റുന്ന ഇക്കൂട്ടരെ തൊടാന്‍ പോലും രമേശ് ചെന്നിത്തലയുടെ കുബേരയ്ക്ക് പേടിയാണ്. പൊതുജനങ്ങളില്‍ നിന്ന് ഇത്തരം ന്യൂജനറേഷന് ബാങ്കുകള്‍ക്കെതിരെ നിരവധി പരാതി ഉയര്‍ന്നിട്ടും എന്ത് നടപടിയെടുത്തു എന്നുപോലും വ്യക്തമല്ല. എന്നാല്‍ ജനരോഷം ഭയന്ന് കഴിഞ്ഞ രണ്ടുവര്‍ഷം മാളത്തിലൊളിച്ച ഇത്തരക്കാര്‍ പൂര്‍വ്വാധികം ശക്തിയോടെ ഈ വര്‍ഷം രംഗത്ത് വന്നിരിക്കുകയാണ്. തവണകള്‍ മുടക്കുന്ന ഇടപാടുകാരുടെ പേരില്‍ ചെക്ക് കേസ് ഫയല്‍ ചെയ്യാനോ നിയമപരമായി നേരിടാനോ ഇവര്‍ക്ക് താല്പര്യം ഇല്ല. കോടതിയില്‍ പോകാതെ കേസ് ഒതുക്കണമത്രേ.
അതിനായി അവംലബിച്ചിട്ടുള്ള വൃത്തികെട്ട മാര്‍ഗങ്ങള്‍ പുറംലോകം അറിയുന്നില്ല എന്നതാണ് സത്യം. അനുഭവിക്കുന്നവരാകട്ടേ, നാണക്കേടുകൊണ്ട് പുറത്ത് പറയാനും മടിക്കുന്നു. ഇതുതന്നെയാണ് ഇത്തരക്കാര്‍ മുതലാക്കുന്നതും. കഴിഞ്ഞ രണ്ടാഴ്ചയായി ഇങ്ങനെയുള്ള ന്യൂജന്‍ ഭീമന്മാരുടെ കളക്ഷന്‍ ഏജന്റുമാര്‍ വീടുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കുടിശികയുള്ള തുക കിട്ടിയിട്ട് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങൂയെന്ന വാശിയാണ് കളക്ഷന്‍ ഏജന്റുമാര്‍ക്ക്. വാങ്ങിയെടുക്കുന്ന തുകയ്ക്ക് പ്രത്യേക കമ്മീഷനും ഇവര്‍ക്ക് ലഭിക്കും. അതുകൊണ്ട് തന്നെ സ്ത്രീകള്‍ മാത്രമുള്ള വീടാണെങ്കിലും ഇവരുടെ കുത്തിയിരുപ്പ് സമരത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. എന്തായാലും, വാര്‍ഷിക കണക്കെടുപ്പ് ഏപ്രില്‍ ഒന്നിന് നടക്കാനിരിക്കെ, ന്യൂജന്‍ ബാങ്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധാരണക്കാറ് ആത്മഹത്യയില്‍ ശരണം പ്രാപിക്കുമോയെന്ന സംശയം ബാക്കി നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: