കുഞ്ഞുങ്ങളുടെ ഉള്ളമറിഞ്ഞ കവി കുഞ്ഞുണ്ണി മാഷാണ് അതിനു അന്ന് തുടക്കം കുറിച്ചത്. ഇന്ന് അരവിന്ദ വിദ്യാമന്ദിരം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക സാംസ്കാരിക സേവന മേഖലകളിലും സ്തുത്യര്‍ഹമായ പ്രവര്ത്തപങ്കാളിത്തമുള്ള അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കണ്ടറി സ്കൂള്‍ അയനിമഹര്ഷിയുടെ നാമധേയത്താല്‍ പാവനമായ ആനിക്കാടിന്റെ ഹൃദയത്തുടിപ്പാണിപ്പോള്.
കഠോപനിഷത്തിലെ ഗുരു ശിഷ്യ സ്തുതിയില്‍ ഉള്‍പ്പെടുന്ന ‘തേജസ്വിനാളവധീതമസ്തു’ ആണ് അരവിന്ദയുടെ ആദര്‍ശവാക്യം. ഒരു വിദ്യാലയത്തെ സംബന്ധിച്ച് അവശ്യം വേണ്ടത് ശുദ്ധവും ശാന്തവും സ്വച്ഛവുമായ പഠനാന്തരീക്ഷവും, പ്രകൃതിയുടെ സാമീപ്യവുമാണ്. ഇവയെല്ലാം ഒത്തിണങ്ങി, അധ്യയന രംഗത്ത് കാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ അരവിന്ദ നക്ഷത്രശോഭയിലാണ്.
വിദ്യാഭ്യാസരംഗത്ത് പിന്നാക്കമായിരുന്ന ഒരു ഗ്രാമത്തെ വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടിക്കയറാന്‍ സഹായകമാകാന്‍ അരവിന്ദയ്ക്ക് കഴിഞ്ഞിരിക്കുന്നുവെന്നതിന് ഇതിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ സാക്ഷി. സിബിഎസ്ഇ സിലബസിനൊപ്പം യോഗ, സംസ്കൃതം, സംഗീതം, നൈതികം, കായികം എന്നിവ ചേര്‍ന്ന ‘പഞ്ചാംഗ ശിക്ഷ’ണ പദ്ധതിയിലാണ് ഓരോ വിദ്യാര്‍ത്ഥിയും ഇവിടെ പരിശീലനം നേടുന്നത്.
വിദ്യാഭ്യാസം, സംസ്കാരം, സാമൂഹികസേവനം എന്നീ മേഖലകളെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് അരവിന്ദയുടെ മുഖ്യലക്ഷ്യം. ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര വിദ്യാഭ്യാസ പ്രസ്ഥാനമായ വിദ്യാഭാരതിയുടെ, കേരള ഘടകമായ ഭാരതീയ വിദ്യാനികേതനോട് സംയോജിപ്പിച്ചാണ് അരവിന്ദ വിദ്യാമന്ദിരം പ്രവര്‍ത്തിക്കുന്നത്. ‘ഒരു വിദ്യാലയം ഒരു സംസ്കാര കേന്ദ്രം’ എന്ന ആപ്തവാക്യത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയാണ് അരവിന്ദയുടെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അതിന്റെ ലക്ഷ്യത്തിലൂടെ നയിക്കുവാന്‍ കഴിയുന്നുവെന്ന ചാരിതാര്‍ത്ഥ്യം ഇതിന് പിന്നില്‍ ആവശ്യമായ ഊര്‍ജ്ജം നല്കി പ്രവര്‍ത്തിക്കുന്ന എല്ലാവരിലും പ്രകടമാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്തപ്രചാരക് ആയിരുന്ന കെ. ഭസ്കര്‍ റാവുവിന്റെ നിര്‍ദ്ദേശാനുസരണം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ആനിക്കാട് രൂപീകൃതമായ അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയടെ നേതൃത്വത്തിലാണ് അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1990 മെയ് 19ന് ഒരു നേഴ്സറി വിദ്യാലയമായാണ് അരവിന്ദ വിദ്യാമന്ദിരത്തിന്റെ തുടക്കം. ഇന്ന് എല്‍കെജി മുതല്‍ പ്ലസ് ടു വരെ ആയിരത്തി അഞ്ഞുറോളം കുട്ടികളാണ് ഇവിടെ നിന്നും ജ്ഞാനം നേടുന്നത്. എസ്സി, എസ്ടി, ഒബിസി തുടങ്ങി പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പഠിതാക്കള്‍ക്ക് ഫീസാനുകൂല്യവും നല്‍കിവരുന്നുണ്ട്. ഇതിനു പുറമേ ഓരോ ക്ലാസുകളിലും മികച്ച നിലയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നിരവധി സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളില്‍ നൂറ് ശതമാനമാണ് ഇവിടുത്തെ വിജയം. അര്‍പ്പണ മനസ്കരായ 105ഓളം അധ്യാപക-അനധ്യാപകരുടെ പരിശ്രമങ്ങളും മികവുറ്റ വിദ്യാലയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ പിന്നിലുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകളും ആധുനികരീതിയില്‍ തയ്യാറാക്കിയ കാന്റീനും വിദ്യാലയത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസുകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
ബോധി ഇന്റഗ്രേറ്റഡ് റസിഡന്‍ഷ്യല്‍ കോച്ചിങ്
സിബിഎസ്ഇ വിദ്യാലയത്തില്‍ ലഭ്യമാകുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഉന്നത നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പ്രവേശനം നേടാന്‍ അടിസ്ഥാന ശാസ്ത്ര, ഗണിതവിഷയങ്ങളില്‍ അടിത്തറ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലനങ്ങളും ഇവിടെ നടന്നുവരുന്നു. ഇതിനുവേണ്ടി ഹയര്‍ സെക്കണ്ടറി തലത്തില്‍ ബോധി ഇന്റഗ്രേറ്റഡ് റസിഡന്‍ഷ്യല്‍ കോച്ചിങും രജതജൂബിലി വര്‍ഷത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഐഐടി ജോയിന്റ് എന്‍ട്രന്‍സ്, മെഡിക്കല്‍ എന്‍ട്രന്‍സ് തുടങ്ങിയ ദേശീയതല പരീക്ഷകള്‍ക്കുള്ള പരിശീലനം സമന്വയിപ്പിച്ചുള്ളതാണ് ഇന്റഗ്രേറ്റഡ് കോച്ചിങ്. ഐഐടി കള്‍ക്കും എംബിബിഎസിനും പുറമേ ഐഐഎസ്സി, ഐസര്‍, നൈസര്‍, അറ്റോമിക് എനര്‍ജി, സിബിഎസ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയും ഇന്റര്‍ഗ്രേറ്റഡ് കോച്ചിങ് വിദ്യാര്‍ത്ഥികളുടെ ഉന്നതപഠന ലക്ഷ്യങ്ങളാണ്.
ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ജി. കെ. വേണുഗോപാലാണ് ഗണിതശാസ്ത്ര വിഭാഗം മേധാവി. ഗവ. ബ്രണ്ണന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. കെ. പി. സതീഷ്, നാട്ടകം ഗവ. കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ശ്രീനിവാസ്, പ്രമുഖ അന്തരീക്ഷ ശാസ്ത്രജ്ഞന് ഡോ. എം. കെ. സതീഷ്കുമാര്‍ എന്നിവര്‍ ഫിസിക്സും കോട്ടയം സിഎംഎസ് കോളേജ് കെമിസ്ട്രി വിഭാഗം മുന്‍ മേധാവി പ്രൊഫ. വി.എ.എല്‍. ആന്റണി, ചങ്ങനാശേരി എന്‍എസ്എസ് കോളേജ് കെമിസ്ട്രി വിഭാഗം മുന്‍മേധാവി പ്രൊഫ. രാജ്മോഹന്‍ എന്നിവര്‍ കെമിസ്ട്രി ക്ലാസുകളും നയിക്കുന്നു.
ബയോളജി ക്ലാസുകള്‍ നയിക്കുന്നത് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ബയോളജി വിഭാഗം മുന്‍മേധാവി പ്രൊഫ. കെ. പാപ്പച്ചന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരാണ.് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി ആത്മവിശ്വാസത്തോടെ മുന്നേറുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നത് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും സൈക്കോതെറാപ്പിസ്റ്റുമായ ഡോ. ടി. പി. ശശികുമാറാണ്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക ഫോറങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ലിറ്ററസി ക്ലബ്, മാത്സ് ക്ലബ്, ഇക്കോ ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, സയന്‍സ് ക്ലബ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
സാരംഗി, സേവ
വിദ്യാലയ പ്രവര്‍ത്തനത്തോടൊപ്പം സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളെ മുന്‍നിര്‍ത്തി സേവന സാംസ്കാരിക കലാ പ്രവര്‍ത്തനങ്ങളിലും അരവിന്ദ സജീവമാണ്. സാംസ്കാരിക വിഭാഗമായ സാരംഗി എല്ലാവര്‍ഷവും പ്രഗത്ഭരെ പങ്കെടുപ്പിച്ചുള്ള സാംസ്കാരിക സമ്മേളനങ്ങളും, ജ്ഞാന യജ്ഞങ്ങളും നടത്തിവരുന്നു. ഇത് കലാസാഹിത്യരംഗത്ത് താല്പര്യമുള്ള കുട്ടികള്‍ക്ക് പ്രോത്സാഹനമാകുന്നു. 117 സ്കൂളുകള്‍ പങ്കെടുത്ത കോട്ടയം സഹോദയ സര്‍ഗ്ഗസംഗമത്തില്‍ എട്ടാം സ്ഥാനവും സഹോദയയിലെ സ്കൂള്‍ മാഗസിനുകളില്‍ അരവിന്ദയുടെ ‘പ്രസാദം’ രണ്ടാം സ്ഥാനവും നേടി. സാരംഗി കലാപഠനകേന്ദ്രത്തില് ശാസ്ത്രീയ കലകളുടെ അഭ്യസനവും നടക്കുന്നുണ്ട്.
പാഠ്യേതര വിഷയങ്ങള്‍ക്കപ്പുറം ഓരോ പഠിതാവിനേയും സമൂഹത്തിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ചുമതലയാണ് സേവന വിഭാഗമായ സേവയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ‘മാനവസേവ മാധവസേവ’ എന്ന ആപ്തവാക്യത്തിന്റെ പിന്‍ബലത്തില്‍ സേവ നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നിലകൊള്ളുന്നു. സാധുക്കളായ കുടുംബങ്ങളെ കണ്ടെത്തി ചികിത്സാ സഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന് ആഹ്വാനം ഉള്‍ക്കൊണ്ട് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
സ്കൂളുമായി ബന്ധപ്പെട്ടുള്ള മാതൃസമിതിയുടെ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി ആവിഷ്ക്കരിക്കപ്പെട്ട ‘ആ മോതിരം’ പദ്ധതിവഴി രണ്ട് ലക്ഷം രൂപ സമിതി സമാഹരിച്ചു. രാജ്യത്തെ പാവപ്പെട്ട കുട്ടികളുടെ ക്ഷേമത്തിന് വിനിയോഗിക്കുന്നതിനായി ഭാരതീയ വിദ്യാനികേതന്‍ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് അരവിന്ദയിലെ കുട്ടികള്‍ 1,34,663രൂപ നല്കുകയുണ്ടായി. കശ്മീര്‍, ചെന്നൈ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊരു സങ്കല്‍പ്പമുണ്ട്, അതു സാധ്യമാകുന്നുവെന്നാണ് അനുഭവം. ഇവിടുന്നു പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പുസ്തകം മാത്രമല്ല, ജീവിതവും പഠിക്കുന്നു. അവര്‍ അക്ഷരങ്ങളിലൂടെ അറിഞ്ഞതും അനുഭവവും ജീവിതചര്യയാകുന്നു. അവര്‍ സാമൂഹ്യ ജീവിതം നയിക്കുന്നു.
പരിസ്ഥിതിദിനം, വായനദിനം, സംസ്കൃതദിനം, ഭരണഘടനാദിനം എന്നിവയ്ക്കു പുറമേ ഗുരുപൂര്‍ണ്ണിമ, രക്ഷാബന്ധന്, രാമായണമാസം, ഓണം, നവരാത്രി, ക്രിസ്തുമസ്, ദീപാവലി, ധനുമാസ തിരുവാതിര, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ആഘോഷങ്ങളും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
രജതജയന്തി ആഘോഷം
അരവിന്ദയെ ഒരു വികാരമായി നെഞ്ചിലേറ്റിയവരുടെ ആഹ്ലാദമുഹൂര്ത്തമായിരുന്നു സ്കൂളിന്റെ രജത ജയന്തി ആഘോഷം. കോട്ടയം പട്ടണത്തില്‍ നിന്നും ഏകദേശം 25 കിലോ മീറ്റര്‍ ദൂരത്ത് തലയെടുപ്പോടെ നിലകൊള്ളുന്ന അരവിന്ദ വിദ്യാമന്ദിരത്തിന്റെ രജതജയന്തി ആഘോഷം 2014 ആഗസ്റ്റ് 30ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തു. 2015 മെയ് 24ന് നടന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം സംഘപ്രസ്ഥാനങ്ങളിലെ ഗുരുസ്ഥാനീയനായ പദ്മവിഭൂഷണ് എല്‍. കെ. അദ്വാനി നിര്‍വ്വഹിച്ചു.
സ്കൂളിനൊപ്പം സാരംഗിയുടെയും സേവയുടെയും രജതജൂബിലി ആഘോഷവും നടന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍, വിവേകാനന്ദ വേദിക് മിഷന് ഡയറക്ടര്‍ ഡോ. ലക്ഷ്മി കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന് ഡോ. ടി. കെ. ജയകുമാറിന് അരവിന്ദ കീര്‍ത്തിമുദ്ര സമ്മാനിച്ചു. പ്രൊഫ. സി. എന്‍. പുരുഷോത്തമന് പ്രസിഡന്റും ബി. അനില്‍കുമാര്‍ സെക്രട്ടറിയുമായ സമിതിയാണ് അരവിന്ദയുടെ ഭരണനിര്‍വ്വഹണം നടത്തുന്നത്.
ആദ്ധ്യാത്മിക കേന്ദ്രം
സമൂഹത്തില്‍ ആരും അനാഥരല്ല എന്ന സന്ദേശവുമായി അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി ഏറ്റെടുത്തിരിക്കുന്ന പുതിയ ദൗത്യമാണ് ആദ്ധ്യാത്മിക കേന്ദ്രം. വയോജനങ്ങള്‍ക്ക് സ്വസ്ഥമായ വാനപ്രസ്ഥജീവിതം നയിക്കാനും നിരാലംബരായ ബാലികാബാലന്മാര്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ കഴിയാനുള്ള സൗകര്യങ്ങളും ഇവിടെ വിഭാവനം ചെയ്യുന്നു. അരുവിക്കുഴി മുക്കാലി റോഡില്‍ കദളിമറ്റം ജങ്ഷന് സമീപം പന്നഗം തോടിന്റെ തീരത്ത് ആര്യാട്ട് എ.എം. കൃഷ്ണന് നായര്‍ അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിക്ക് ദാനമായി നല്കിയ ഒരേക്കര്‍ ഭൂമിയിലാണ് പുണ്യസ്ഥാപനം പടുക്കുന്നത്. ഇതിന്റെ ഭൂമിപൂജയും ശിലാപൂജയും ഇടമന ഇല്ലത്ത് കൃഷ്ണന് നമ്പൂതിരിയും ശിലാസ്ഥാപനം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തസംഘചാലക് പി.ഇ.ബി. മേനോനും 2016 ഫെബ്രുവരി ഏഴിന് നിര്‍വ്വഹിച്ചു.
ഏതൊരു സന്നദ്ധസംഘടനയ്ക്കും ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ ആരംഭത്തില്‍ അരവിന്ദയെയും ബാധിച്ചിരുന്നു. അതെല്ലാം അതിജീവിച്ച് നടത്തിയ മുന്നേറ്റത്തിലൂടെ സമൂഹത്തിന്റെ ഏത് ദിശയിലും പ്രവര്‍ത്തിക്കുവാനുള്ള കരുത്ത് ഇന്ന് അരവിന്ദ കള്‍ച്ചറല്‍ സൊസൈറ്റി നേടിയിരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങളിലേക്ക് കാലെടുത്തുവയ്ക്കുന്നവര്ക്ക് അരവിന്ദയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും പ്രചോദനവും, മാര്‍ഗ്ഗദീപവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: