തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന് ഉഗ്രശാസനയായി വ്യാപാരികളുടെ സമരപ്രഖ്യാപനം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂരില്‍ സംഘടിപ്പിച്ച സംസ്ഥാന സമരപ്രഖ്യാപന കണ്വെന്ഷന് യുഡിഎഫ് സര്‍ക്കാരിന്റെ വ്യാപാരി വിരുദ്ധ നിലപാടിനുള്ള താക്കീതായി മാറി. ദ്രോഹ നിലപാട് തുടര്‍ന്നാല്‍ വ്യാപാരി സമൂഹം ഇനി മുതല്‍ വില്പന നികുതി നല്‍കേണ്ടെന്ന് തീരുമാനിക്കുമെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ദീന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. വില്പന നികുതി ഉദ്യോഗസ്ഥന്മാര് പോലീസുമായി ചേര്‍ന്ന് വ്യാപാരികളെ പീഡിപ്പിക്കുകയാണ്.
കെട്ടിട ഉടമകള്‍ക്ക് അനുകൂലമായി വാടക കുടിയാന് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനവും പ്രതിഷേധാര്‍ഹമാണ്. നസറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളുടെ പ്രതിഷേധം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ മാത്രമെ പിന്തുണക്കൂ എന്ന് നസറുദ്ദീന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉദ്യോഗസ്ഥ മേധാവിത്വമാണ് നിലനില്‍ക്കുന്നത്. 60 ലക്ഷത്തില്‍താഴെ വ്യാപാരം നടത്തുന്ന പ്രിവന്റീവ് ടാക്സടക്കുന്ന വ്യാപാരികളെ പീഡിപ്പിക്കുകയും ഭീമമായ കുടിശ്ശിക ഇവരില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നുണ്ട്. അടുത്ത നിയമസഭയില്‍ വ്യാപാരികളുടെ പ്രതിനിധി ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ ആരുമായും തൊട്ടുകൂടായ്മയില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നും നസറുദ്ദീന്‍ പറഞ്ഞു.
ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി.ചുങ്കത്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി സമരപ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി.അബ്ദുള്‍ഹമീദ്, പി.എം.എ.ഇബ്രാഹിം, പെരിങ്ങമല രാമചന്ദ്രന്, ടി.കുഞ്ഞാമുഹാജി, മലയില്‍ ഭാസ്കരന് നായര്‍ തുടങ്ങിയവരും പ്രസംഗിച്ചു. വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സംഘടിപ്പിച്ച സംഗമം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ശക്തി വിളിച്ചറിയിക്കുന്നതായി. പതിനായിരക്കണക്കിന് അംഗങ്ങള്‍ കണ്വെന്ഷന് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: