കുന്നത്തൂര്‍: ദളിത് വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ചാക്ഷേപിച്ച കോളേജ് പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ എബിവിപി പ്രവര്‍ത്തകരുടെ സമരപന്തല്‍ ശാസ്താംകോട്ട പോലീസ് പൊളിച്ചുനീക്കി.
രാത്രിയുടെ മറവിലായിരുന്നു സംഭവം. കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പന്തല്‍ പൊളിച്ച് നീക്കിയത്. സമരത്തിന് നേതൃത്വം കൊടുത്ത അഞ്ച് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
കോളേജ് വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ചാക്ഷേപിക്കുകയും വിദ്യാര്‍ത്ഥിയെ അകാരണമായി കോളജില്‍നിന്നും പുറത്താക്കുകയും ചെയ്ത ശാസ്താംകോട്ട ഡിബി കോളേജ് പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി കോളേജില്‍ സമരം ആരംഭിച്ചിട്ട് ദിവസങ്ങളായി. രണ്ടാഴ്ച മുമ്പാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ച് പ്രിന്‍സിപ്പാള്‍ ആക്ഷേപിച്ചത്. അന്നുമുതല്‍ എബിവിപി ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രക്ഷോഭത്തിലാണ്. അതേസമയം വിദ്യാര്‍ത്ഥിസമരം അട്ടിമറിക്കാന്‍ പ്രിന്‍സിപ്പാളും അധ്യാപകരും അന്നുമുതല്‍ രംഗത്തുവരികയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ഹാജര്‍ വെട്ടിക്കുറയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയെടുക്കാതെ പിന്‍മാറില്ലെന്ന് എബിവിപി ഉറച്ച നിലപാട് സ്വീകരിക്കുകയും അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം ഹൈക്കോടതി നിരോധിച്ചിരിക്കുകയാണെന്നും സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നുമാണ് മറുവാദം. പ്രിന്‍സിപ്പാളിന് ഇടതുപക്ഷ അധ്യാപക സംഘടനകള്‍ പൂര്‍ണ്ണപിന്തുണ നല്‍കിയിരുന്നതായി എബിവിപി ആരോപിച്ചു. അധ്യായനം തടസപ്പെടുത്താതെ കോളേജിന് പുറത്ത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാനും സമരപന്തല്‍ പൊളിച്ച് നീക്കാനും ആര്‍ക്കും അധികാരമില്ലെന്നും സംഭവം പ്രതിഷേധാര്‍ഹമാണെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു. സമരം അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിച്ച് പ്രിന്‍സിപ്പാള്‍ ശ്രമിക്കേണ്ടെന്നും ദേവസ്വം ബോര്‍ഡില്‍ പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കി സമരം കൂടുതല്‍ ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
















