തപസ്യ കലാസാഹിത്യവേദിയുടെ സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നല്കിയ
സ്വീകരണത്തില്‍ രാജാമണി. എസ്. രമേശന് നായര്‍, ജി. മാധവന്‍നായര്‍, ബോളിവുഡ് താരം മുഖേഷ് ഖന്ന, നടന് മധു,
പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, സജികുമാര്‍ ആവിഷ്ക്കാര്‍ തുടങ്ങിയവര്‍ വേദിയില്‍
അതുല്യ സംഗീതജ്ഞനായിരുന്ന ബി.എ.ചിദംബരനാഥിന്റെയും കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറായിരുന്ന തുളസിയുടെയും മകനായി സംഗീതത്തറവാട്ടില് പിറന്നുവീണയാളായിരുന്നു രാജാമണി. ബാല്യകാലത്ത് കഷ്ടപ്പാടിന്റെ ഇരുട്ടിലായിരുന്നു. സംഗീതമാണ് വെളിച്ചം പകര്‍ന്നത്. സംഗീതമാണ് തന്റെ കര്‍മവും മാര്‍ഗവും ലക്ഷ്യവുമെന്ന് തിരിച്ചറിഞ്ഞ് സാധനയും തപസ്സും ഉത്സാഹവുംകൊണ്ട് ആ രംഗത്ത് വിജയിച്ചയാളായിരുന്നു രാജാമണി.
ഇടക്കാലത്ത് രണ്ട് വര്‍ഷം ഗള്‍ഫില്‍ ജോലി നോക്കിയെങ്കിലും മരുഭൂമിയില്‍ മലര് വിരിയില്ലെന്നു മനസ്സിലാക്കി സ്വന്തം മണ്ണിലേക്കും സംഗീതത്തിലേക്കും തിരിച്ചുവരികയായിരുന്നു. വിപുലവും ഹൃദ്യവുമായ സൗഹൃദം വളര്‍ത്തിയെടുത്ത രാജാമണി ഏതു നല്ല കാര്യത്തിനും എപ്പോഴും സന്നദ്ധനായിരുന്നു. പ്രേരണാദായകമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഉത്സാഹം. ബുദ്ധിമുട്ടേറിയതെന്ന് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അഞ്ച് മിനിറ്റ് രാജാമണിയുമായി സംസാരിച്ചാല്‍ അതൊക്കെ എളുപ്പത്തില്‍ സാധിക്കാവുന്നതാണെന്ന ചിന്തവരും. തപസ്യയുടെ എറണാകുളം ജില്ലാ രക്ഷാധികാരിയായിരിക്കെ ഇങ്ങനെ അനുഭവപ്പെട്ട നിരവധി അവസരങ്ങളുണ്ട്.
ആസ്വാദകരുടെ മനസ്സില്‍ എന്നേക്കുമായി കുടിയേറിയ നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന രാജാമണി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കുക എന്ന രാസവിദ്യ പ്രയോഗിക്കുന്നതില്‍ അതുല്യനായിരുന്നു. ഈ രംഗത്തെ ഒരു ചക്രവര്‍ത്തി തന്നെയായിരുന്നു അദ്ദേഹം. മലയാളത്തിലും മറ്റ് ഭാഷകളിലുമായി എഴുന്നൂറിലേറെ സിനിമകള്‍ക്ക് രാജാമണി പശ്ചാത്തല സംഗീതമൊരുക്കി. ഇതില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയ പല സിനിമകളെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയതിനുപിന്നില് രാജാമണിയുടെ സംഗീത പ്രതിഭയ്ക്ക് വലിയ പങ്കുണ്ട്.
സംഗീതലോകത്ത് ഇനിയുമേറെ സംഭാവനകള്‍ നല്‍കാനിരിക്കെയാണ് അങ്ങേയറ്റം ആകസ്മികമായി രാജാമണി വിടപറഞ്ഞിരിക്കുന്നത്. സംഗീതപ്രേമികള്‍ക്ക് ഒരു വലിയ നഷ്ടവും ‘തപസ്യ’ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കനത്ത ആഘാതവുമാണ് ഈ വേര്‍പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: