ലോകപ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നിലപാടെന്താണ്? പാക്കിസ്ഥാന് അനുകൂല നിലപാടോ? ഈ ചോദ്യം ഉയരുന്നത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ ദേശദ്രോഹി അഫ്സല് ഗുരുവിനെ വിശുദ്ധനാക്കിയ പശ്ചാത്തലത്തിലാണ്. അഫ്സല് ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ, ആഗോള പ്രശസ്തി നേടിയ ജെഎന്‍യുവില്‍നിന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് കഴിഞ്ഞ കുറെദിവസങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നത്.
ദേശസ്നേഹികളെ സംബന്ധിച്ചിടത്തോളം അവര്‍ ഏത് പാര്‍ട്ടിക്കാരായിരുന്നാലും ഒരിക്കലും അംഗീകരിക്കാനാവാത്ത ഒന്നാണിത്. പാക് ഭീകരസംഘടനയായ ലഷ്ക്കറെ തൊയ്ബ ഭാരതത്തിന്റെ തകര്‍ച്ച കാംക്ഷിക്കുന്ന സംഘടനയാണ്. ഈ ഇസ്ലാമിക ഭീകരവാദ സംഘടനയുമായി ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജെഎന്‍യു സമരത്തെ ലഷ്ക്കറെ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് പിന്തുണച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വെളിപ്പെടുത്തുകയുണ്ടായി.
രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരോട് ക്ഷമിക്കാന്‍ സാധ്യമല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇപ്പോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിസ് സയിദിന്റെ പിന്തുണ ഉണ്ടെന്ന വസ്തുത ഒരു യാഥാര്‍ത്ഥ്യമാണ്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വാഴ്ത്തപ്പെടുന്ന ഭാരത പാര്‍ലമെന്റിനെ ആക്രമിച്ചതിനാലാണ്.
അഫ്സല് ഗുരുവിന്റെ ചരമവാര്‍ഷികം ബുദ്ധിജീവികള്‍ എന്നുദ്ഘോഷിക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ എന്തിന് ആചരിക്കണം? ഈ ചടങ്ങില്‍ ഭാരതവിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങിയിരുന്നു. ലഷ്ക്കറെ തൊയ്ബയും ഹഫീസ് സയിദിന്റെയും പിന്തുണ സ്വീകരിക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ നയമാണ് സ്വീകരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തം. എന്നിട്ടും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമരംനടത്തുകയും അദ്ധ്യാപകര്‍ കനയ്യ കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പണിമുടക്കിയിരിക്കുകയുമാണ്!
ജനക്കൂട്ടത്തെ ഇളക്കിവിടാനോ ആക്രമണത്തിന് പ്രേരിപ്പിക്കാനോ ഉദ്ദേശിച്ച് പറയുന്ന വാക്കുകള്‍ രാജ്യദ്രോഹപരമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കനയ്യ കുമാറും സംഘവും അഫ്സല് ഗുരുവിനെ വിശുദ്ധനാക്കാനാണല്ലൊ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. നിരപരാധികളായ വിദ്യാര്‍ത്ഥികളെ പിടികൂടരുതെന്നും ആഭ്യന്തര മന്ത്രാലയം പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി ഈ വിഷയം ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവരോട് യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറിയും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ സീതാറാം യെച്ചൂരിയോടും സിപിഐ നേതാവ് ഡി.രാജയോടും രാജ്നാഥ് സിംഗ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുകയുണ്ടായി. ഡി.രാജയുടെ മകള്‍ അപരാജിതയും ജെഎന്‍യുവിലെ ദേശവിരുദ്ധ ചേരിയില്പ്പെടുന്നു.
പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതും അധ്യാപകര്‍ അതിനെ പിന്തുണക്കുന്നതും ന്യായീകരിക്കാനാവില്ല. ഇത് ഈ രാജ്യത്തെ ജനങ്ങളോടും കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപിയോടുമുള്ള അസഹിഷ്ണുതയുടെ പ്രതിഫലനം കൂടിയാണ്. കനയ്യ കുമാറും മുന്‍ ഡിഎസ്യു അംഗം ഉമര്‍ ഖാലിദുമാണ് അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഭീകരവാദിയെ പിന്തുണച്ചുനടത്തിയ പരിപാടിയില്‍ ആര്‍എസ്എസ് ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. ന്യൂദല്‍ഹിയിലെ സിപിഎം ഓഫീസിന്റെ ബോര്‍ഡില്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്ന പാര്‍ട്ടിയെന്ന് ചിലര്‍ എഴുതിവെച്ചത് ജനങ്ങളുടെ പ്രതിഷേധത്തിന് തെളിവാണ്. അത്രയ്ക്ക് നിരുത്തരവാദപരമായ സമീപനമാണ് ആ പാര്‍ട്ടി സ്വീകരിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാനും ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുക്കാനും ശ്രമിച്ച പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയില്‍നിന്ന് മറിച്ച് പ്രതീക്ഷിക്കാനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: