തൃശൂര്‍: സര്‍വ്വകലാശാല അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് എംജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ജെആര്‍എഫ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ നേടി ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന 176 പേരാണ് ദുരിതത്തിലായിട്ടുള്ളത്. ഇവര്‍ക്ക് പ്രതിമാസം ലഭിക്കേണ്ട അലവന്‍സ് മുടങ്ങിയിട്ട് വര്‍ഷത്തിലേറെയായി. ചിലര്‍ക്ക് ഒന്നര വര്‍ഷമായി അലവന്‍സ് ലഭിക്കുന്നില്ല.
ജെആര്‍എഫിന് 27,500 രൂപയും സീനിയേഴ്സിന് 30,800 രൂപയുമാണ് പ്രതിമാസം ലഭിക്കേണ്ടത്. എംജി സര്‍വ്വകലാശാല അധികൃതര്‍ റിസര്‍ച്ച് സ്കോളേഴ്സിന്റെ രജിസ്ട്രേഷന് യുജിസിയില്‍ സമയത്ത് നടത്താത്തതാണ് അലവന്‍സ് മുടങ്ങാന്‍ കാരണം. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് യുജിസിയെ കുറ്റപ്പെടുത്തി തടിയൂരാനുള്ള ശ്രമമാണ് സര്‍വ്വകലാശാലയുടേത്.
തുടര്‍ച്ചയായി അലവന്‍സ് മുടങ്ങിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞെങ്കിലും വൈസ് ചാന്സ്ലര് അടക്കമുള്ളവര്‍ കൈമലര്‍ത്തുകയാണ്. യുജിസിയോട് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് എംജി സര്‍വ്വകലാശാല അധികൃതര്‍ ഈ വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് സമയത്ത് നടത്താത്തിയിട്ടില്ലെന്നും അതുകൊണ്ടാണ് അലവന്‍സ് മുടങ്ങുന്നുമുള്ള സത്യം പുറത്തുവന്നത്.
176ല്‍ 20 പേരുടെ രജിസ്ട്രേഷന് മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ബാക്കി 156 പേരുടെ രജിസ്ട്രേഷന് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് യുജിസി മറുപടി. 20 പേര്‍ക്കുള്ള അലവന്‍സ് യുജിസി കൃത്യമായി സര്‍വകലാശാലക്ക് കൈമാറുന്നെങ്കിലും മറ്റുവിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുണ്ടാക്കുമെന്ന ഭയം മൂലം ഈ തുകയും വിതരണം ചെയ്യുന്നില്ല. കടുത്ത പ്രതിഷേധം ഉയരുമ്പോള്‍ ഒരു മാസത്തേയോ രണ്ടുമാസത്തേയോ അലവന്‍സ് വിതരണം ചെയ്ത് തടിതപ്പുകയാണ് ഇതുവരെയുള്ള രീതിയെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
യുജിസി നിബന്ധനകള്‍ അനുസരിച്ച് റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിക്കുന്നവര്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. അലവന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടൈം അധ്യാപക ജോലിക്ക് ശ്രമിക്കാന്‍ പോലും ഇതുമൂലം തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗവേഷണ വിദ്യാര്‍ത്ഥികളില്‍ പലരും വിവാഹിതരും കുടുംബ പ്രാരബ്ധങ്ങളുള്ളവരുമാണ്. ഇതിന് പുറമെ ഗവേഷണത്തിന് വേണ്ടിവരുന്ന ചെലവുകളും മറ്റും ഇവര്‍തന്നെ വഹിക്കേണ്ടിവരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അലവന്‍സ് എന്ന് ലഭിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ക്കും ഉറപ്പ് പറയാനാകുന്നില്ല. ഏപ്രില്‍ മുതല്‍ റിസര്‍ച്ച് സ്കോളര്‍മാര്‍ക്കുള്ള അലവന്‍സുകള്‍ നേരിട്ട് ബാങ്ക് എക്കൗണ്ട് വഴിയാക്കാന്‍ യുജിസി ആലോചിക്കുന്നുണ്ട്. എങ്കില്‍ യൂണിവേഴ്സിറ്റിക്ക് തലയൂരാം. ഇതോടെ വിദ്യാര്‍ത്ഥികളുടെ ഗവേഷണവും ഭാവിയും അനിശ്ചിതത്വത്തിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: