ന്യൂദല്‍ഹി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിക്കെതിരായ എസ്എഫ്ഐ അതിക്രമ കേസില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു. കേസില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം അറിയിച്ചു. കേരളത്തില്‍ നടന്ന ദളിത് വിദ്യാര്‍ത്ഥിനിക്കെതിരായ പീഡനം സംബന്ധിച്ച വസ്തുതകള്‍ നേരിട്ടു മനസ്സിലാക്കുന്നതിന് വനിതാ കമ്മീഷന് പ്രത്യേക സംഘത്തെ അയക്കുമെന്നും ലളിതാ കുമാരമംഗലം അറിയിച്ചു.
കേസില്‍ പോലീസ് നടപടികള്‍ വൈകുന്നതിനെതിരെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ കേരളാ ഡിജിപി ടി.പി സെന്‍കുമാറിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം പോലീസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം സ്വീകരിക്കും. ദേശീയ വനിതാ കമ്മീഷന് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം അടുത്താഴ്ച കേരളത്തിലെത്തും. വളരെ ഗുരുതരമായ സംഭവമാണ് തൃപ്പൂണിത്തുറയില്‍ നടന്നതെന്നും പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലളിതാ കുമാരമംഗലം അറിയിച്ചു.
എസ്എഫ്ഐ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ പ്രതികളെ രക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ദേശീയ വനിതാ കമ്മീഷന് പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിനിധിസംഘം ഇന്നലെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലത്തെ കണ്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും പോലീസും സംഭവത്തെ വളരെ ലാഘവത്തോടെയാണ് കണ്ടതെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് വനിതാ കമ്മീഷനെ അറിയിച്ചു. പെണ്‍കുട്ടിയുടെ വിവാഹം മുടക്കാനും പെണ്‍കുട്ടിക്കെതിരെ അസ്ലീല പോസ്റ്ററുകള്‍ കോളേജില്‍ ഒട്ടിച്ച് അപമാനിക്കാനും ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടുമുണ്ട്. രണ്ടുമാസം മുമ്പ് അടൂരില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലും പ്രതികളെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാനത്ത് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരേ നടക്കുന്ന പീഡനങ്ങളില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ബിജെപിയുടെ പരാതിയും വനിതാ കമ്മീഷന് കൈമാറി. ഇതേത്തുടര്‍ന്നാണ് സംഭവത്തെ പറ്റി വിശദമായി അന്വേഷിക്കുന്നതിനായി പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: