അലഹബാദിലെ പ്രയാഗില്‍, 1861 ഡിസംബര്‍ 25 ന് ജനിച്ച മദന്‍ മോഹന്‍ മാളവ്യയാല് സ്ഥാപിതമായ ബനാറസ് ഹിന്ദു സര്‍വകലാശാല. നൂറ്റിഇരുപത് കിലോമീറ്റര്‍ ഇപ്പറുത്തുള്ള വാരാണസിയിലേക്ക് വന്ന് ഒരു ഹിന്ദു സര്‍വകലാശാല സ്ഥാപിക്കാനായി അന്നത്തെ കാശി നരേഷ്നെ (സര് പ്രഭു നാരായണ്‍ സിങ്്) സമീപിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു നിയോഗമായിരുന്നിരിക്കണം. യാഥാര്‍ത്ഥ്യമാക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത ഒരു റസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റി, അതായിരുന്നു അദ്ദേഹം അവതരിപ്പിച്ച ആശയം.
അതിനകം നല്ലൊരു അധ്യാപകനായും അഭിഭാഷകനായും രാഷ്ട്രീയ പ്രവര്‍ത്തകനായും പ്രഭാഷകനായും പത്രാധിപരായും അറിയപ്പെട്ടിരുന്നു മദന്‍ മോഹന്‍ മാളവ്യ. അലഹബാദിലെ ഹിന്ദു ബോര്‍ഡിങ് ഹൗസിന്റെ ചുമതലയും ഭാരത് ധര്‍മ മണ്ഡലിന്റെ സ്ഥാപക സമ്മേളന പ്രതിനിധിയായി പങ്കെടുത്ത പശ്ചാത്തലവും ഒക്കെ ഇങ്ങനെയൊരു ആശയം അവതരിപ്പിക്കാന്‍ മറ്റാരെക്കാളും അദ്ദേഹത്തെ അര്‍ഹനാക്കി.
സെന്‍ട്രല്‍ ഹിന്ദു കോളേജിന്റെ സ്ഥാപകയായ ആനി ബസന്റും ഈ സമയത്ത് ഒരു ഹിന്ദു സര്‍വകലാശാല ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇരുവരും ഒരുമിക്കുകയും ആശയപൂര്ത്തീകരണത്തിനായി തുടര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു എന്നത് മറ്റൊരു നിയോഗം.
1911 ല്‍ ഹിന്ദു യൂണിവേഴ്സിറ്റി സൊസൈറ്റി രൂപീകരിച്ചു. സെന്‍ട്രല്‍ ഹിന്ദു കോളേജ് മാനേജ്മെന്റ് അംഗങ്ങള്‍ ഈ സൊസൈറ്റിയിലെയും അംഗങ്ങളായി.
മണിനാദവും ചന്ദനത്തിരിയുടെ ഗന്ധവുമുള്ള കാശിയിലെ അതിരുകള്ക്കുള്ളിലായിരിക്കണം, ”സിറ്റി ഓഫ് ടെമ്പിള്‍” എന്നറിയപ്പെടുന്ന വാരാണസിയിലായിരിക്കണം, സര്‍വകലാശാല സ്ഥാപിക്കേണ്ടത് എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു.
വാരാണസിയുടെ തെക്ക് ഭാഗത്തുള്ള നാഗ്വ പ്രദേശം കാശി ഹിന്ദു വിശ്വവിദ്യാലയ അഥവാ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കായി തീരുമാനിച്ചു. പൊതുജനങ്ങളില്‍ നിന്ന് ധനം ശേഖരിച്ച് സര്‍വകലാശാല പൂര്‍ത്തീകരിക്കുകയെന്നതായിരുന്നു ലക്ഷ്യം. പേരില്‍ ഹിന്ദു ഉണ്ടായിരുന്നെങ്കിലും, മാളവ്യയുടേത് മതേതര മനസ്സ് ആയിരുന്നതിനാല്‍ സംഭാവനയ്ക്കായി ആരെയും സമീപിക്കാന്‍ മടി ഉണ്ടായിരുന്നില്ല. അതിനാല്‍ മദന്‍ മോഹന്‍ മാളവ്യയും കൂട്ടരും സംഭാവന ലഭിക്കാനിടയുള്ളിടത്തൊക്കെ സഞ്ചരിച്ചു.
ധനികനായ ഹൈദരാബാദ് നിസാമിനെ സമീപിച്ചതും തുടര്‍ന്നുണ്ടായ സംഭവവും പ്രത്യേകമായി എടുത്തുപറയണം. ‘ഹിന്ദു’ സര്‍വകലാശാലയ്ക്കായി തന്നെ സമീപിച്ചതിലുള്ള അമര്‍ഷവും അവജ്ഞയും പരിഹാസവും ഒക്കെക്കൊണ്ട് തിളച്ച നിസാം തന്റെ കാലില്‍ ധരിച്ചിരുന്ന ചെരുപ്പ് ഊരി മദന്‍ മോഹന്‍ മാളവ്യക്ക് നേരെ വലിച്ചെറിഞ്ഞു. മഹത്തായ മനസ്സുള്ളയാള്‍ എന്നര്‍ത്ഥത്തില്‍ ”മഹാമന” എന്ന് മഹാത്മാഗാന്ധിയാല്‍ അഭിസംബോധന ചെയ്യപ്പെട്ട മദന്‍ മോഹന്‍ മാളവ്യ ആ ചെരുപ്പ് തനിക്കുള്ള സംഭാവനയായി സ്വീകരിച്ച് ശാന്തനായി ഇറങ്ങിപ്പോയി.
അദ്ദേഹം നിസാമിന്റെ ആ വിശേഷപ്പെട്ട ചെരുപ്പ് തെരുവില്‍ ലേലത്തിനായി വെച്ചു. ഇതറിഞ്ഞ നിസാം ഇളിഭ്യനായി. തന്റെ ചെരുപ്പ് മറ്റാരെങ്കിലും ധരിച്ചുകൊണ്ട് നടക്കുന്നത് അദ്ദേഹത്തിന് സങ്കല്‍പ്പിക്കാനാവുമായിരുന്നില്ല. ഭീമമായ തുക നല്കി നിസാം ആ ചെരുപ്പ് തിരികെ സ്വന്തമാക്കി.
”മഹാമന”യുടെ സംഭാവനകള്‍ക്കായുള്ള ഈ അലച്ചില്‍ മാളവ്യയ്ക്ക് ”പ്രിന്‍സ് ഓഫ് ബെഗ്ഗേര്‍സ്” എന്നൊരു വിശേഷണവും ചാര്‍ത്തിക്കൊടുത്തിരുന്നു.
ഫണ്ട് രൂപീകരണത്തോടൊപ്പംതന്നെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പ്രസക്തിയും ഉദ്ദേശ്യലക്ഷ്യങ്ങളും ആവശ്യങ്ങളും വിശദീകരിച്ച് ഒരു മെമ്മോറാണ്ടവും മദന്മോഹന് മാളവ്യ സര്‍ക്കാരിന് സമര്‍പ്പിച്ചു. അതിനെത്തുടര്‍ന്ന് 1915ല്‍ ബിഎച്ച്യു ആക്ട് പാസാക്കപ്പെട്ടു. 1916 ഫെബ്രുവരിയില്‍ സരസ്വതീപൂജാവേളയായ വസന്തപഞ്ചമി ദിനത്തിലാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. നളന്ദയുടെയോ തക്ഷശിലയുടെയോ പിന്മുറയില്പ്പെടുന്ന സര്‍വകലാശാലായാണ് ആരംഭിക്കപ്പെടുന്നത് എന്ന് വിശേഷിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്.
ബോംബെ, കല്‍ക്കത്ത, മദ്രാസ് സര്‍വകലാശാലകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും അവയൊക്കെ പരീക്ഷാ നടത്തിപ്പു കേന്ദ്രങ്ങള്‍ മാത്രമായിരുന്നു. ഇതിനു വ്യത്യസ്തമായി ലണ്ടന്‍ സര്‍വകലാശാലയുടെ മാതൃകയില്‍ ക്ലാസുകളോടെയുള്ളതായിരുന്നു കാശി ഹിന്ദു വിശ്വവിദ്യാലയ.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അയ്യായിരം ഏക്കറില്‍, സംസ്കൃതിയും ജ്ഞാനവും ധര്‍മവും പ്രസരിപ്പിച്ച് ഉജ്ജ്വലമായി നിലകൊള്ളുന്നു. വിജ്ഞാനം പകരുന്നതിനൊപ്പംതന്നെ സുന്ദരവുമാണ് ബനാറസ് ഹിന്ദു സര്‍വകലാശാല. കാമ്പസ് ആകാശക്കാഴ്ചയില്‍ ദൃശ്യമാവുക അര്ദ്ധവൃത്താകാരത്തിലാണ്. യുജിസിയുടെ ആദ്യ ചെയര്‍മാനായ ഡോ. ശാന്തി സ്വരൂപ് ഭട്ട്നഗര്‍ രചിച്ച, സര്‍വകലാശാലയുടെ ഔദ്യോഗിക ഗാനമായ ‘കുല്‍ഗീത്’ ഉയര്‍ത്തിപ്പിടിക്കുന്നതും ജ്ഞാനധര്മ സത്യങ്ങളെത്തന്നെയാണ്.
സരസ്വതീദേവിയുടെ രൂപം ചിഹ്നമായി സ്വീകരിച്ച സര്‍വകലാശാല മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം ”നൊളഡ്ജ് ഇംപാര്ട്സ് ഇമ്മോര്‍ട്ടാലിറ്റി” എന്നാണ്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പോലുള്ളവരും അദ്ധ്യാപകരാവാന്‍ സന്നദ്ധത കാണിച്ച ഇവിടെ രണ്ട് കാമ്പസുകളും മൂന്ന് ഇന്‍സ്റ്റിറ്റ്യൂട്ടുകളും നാല് ഇന്റര്‍ ഡിസിപ്ലിനറി സ്കൂളുകളും പതിനാറ് വൈജ്ഞാനിക ശാഖകളും 140 ഡിപ്പാര്‍ട്ടുമെന്റുകളും ഉണ്ട്. ഭാരതത്തില്‍ ഇങ്ങനെയുള്ള ഏക സര്‍വകലാശാലയാണിത്. പല ഡിപ്പാര്‍ട്ടുമെന്റുകളും ഇവിടെയാണ് ആദ്യമായി ആരംഭിച്ചത്. ഭാരതത്തിലെ എഴുന്നൂറിനടുത്തുള്ള യൂണിവേഴ്സിറ്റികളില്‍ ഒന്നാം സ്ഥാനത്താണിത്.
ഏഷ്യയിലെ ഏറ്റവും വലിയ മാനുസ്ക്രിപ്റ്റ് സംരക്ഷണ ലൈബ്രറി ഇവിടെയാണ്. സൈബര്‍ ലൈബ്രറി ഇവിടുത്തെ പ്രത്യേകതയാണ്. വാസ്തുഭംഗിയുള്ള കെട്ടിടവും പാശ്ചാത്യ മാതൃകയിലുള്ള റീഡിങ് റൂമുമുള്ള ലൈബ്രറിയില്‍ പതിമൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങളുടെ വന്‍ശേഖരവും കാണാം.
ഏഷ്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റിയാണിത്. പ്രമുഖ വ്യക്തികളുടെ പേരിലറിയപ്പെടുന്ന എഴുപത്തിരണ്ടോളം ഹോസ്റ്റലുകളും അനേകം ഗസ്റ്റ്ഹൗസുകളും ആയിരത്തോളം കിടക്കകളുള്ള ആശുപത്രിയും ഉണ്ട്. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി, പോസ്റ്റോഫീസ്, ബാങ്ക്, പെട്രോള്‍ പമ്പ്, നീന്തല്‍ക്കുളം, മൈതാനങ്ങള്‍, ക്ഷേത്രങ്ങള്‍, പബ്ലിക്കേഷന്‍ സെല്‍, ഹെലിപ്പാഡ്, വ്യോമത്താവളം, പൗരാണിക വസ്തുക്കളുടെ മ്യൂസിയമായ ഭാരത കലാഭവന്‍, ഇങ്ങനെ എണ്ണമറ്റ സ്ഥാപനങ്ങള്‍ കാമ്പസിനകത്തുണ്ട്.
ഭാരതത്തിലെയും വിദേശത്തെയും പ്രഗത്ഭരായ അദ്ധ്യാപകരുടെ സാന്നിധ്യമുള്ള ക്ലാസ്മുറികള്, മുപ്പതോളം വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കാല് ലക്ഷം പഠിതാക്കള്‍. ആയിരത്തിയെഴുന്നൂറ് അദ്ധ്യാപകരും എണ്ണായിരത്തോളം അനദ്ധ്യാപകരും അഞ്ഞൂറോളം അംഗങ്ങളുള്ള സുരക്ഷാസേനയുടെ ജാഗ്രതയുമുണ്ടിവിടെ. അങ്ങനെ ലോകത്തിലെ അത്യുന്നത സര്‍വകലാശാലകളിലൊന്നായി ബനാറസ് ഹിന്ദു സര്‍വകലാശാല നിലകൊള്ളുന്നു.
ആധുനികഭാരതത്തെ കെട്ടിപ്പടുക്കാന്‍ മുന്‍നിരയിലുണ്ടായ പ്രമുഖരില്‍ പലര്‍ക്കും ഈ വിശ്വവിദ്യാലയത്തിന്റെ പശ്ചാത്തലമുണ്ട്. ഐസക് ന്യൂട്ടന്റെ ശിഷ്യനും ഇവിടുത്തെ മാത്തമാറ്റിക്സ് പ്രൊഫസറുമായിരുന്ന വി.വി. നര്ലിഗര് ബനാറസ് സര്‍വകലാശാലയെക്കുറിച്ച് ഓര്‍ക്കുന്നത്, ”മധുര് മനോഹര്‍; അതീവ് സുന്ദര്‍” എന്നാണ്.
പ്രകൃതിയുമായി സമരസപ്പെട്ടു നില്ക്കുന്ന കാമ്പസില്‍ പക്ഷികളും സാധുമൃഗങ്ങളും മനുഷ്യരെപ്പോലെത്തന്നെ ഭയമില്ലാതെ വസിക്കുന്നു. ഇന്റോ-ഗോത്തിക്ക് സമ്പ്രദായത്തിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കാമ്പസിനകത്തെ എണ്ണിയാലൊടുങ്ങാത്ത കൈവഴിപ്പാതകളുടെ ഇരുവശത്തും നിശ്ചിത അകലത്തില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. അതിനാല്‍ തന്നെ വാരാണസി നഗരത്തെ അപേക്ഷിച്ച് കാമ്പസിനകത്തെ താപനില താഴെയാണ്.
ദൈവം എല്ലാറ്റിലുമുണ്ട്-ജീവനുള്ളതിലും ഇല്ലാത്തതിലും നമ്മുടെ നിലനില്‍പ്പിനു കൂടി നിലകൊള്ളുന്ന ഇവയോട് ബനാറസികള് നന്ദിയും ആദരവും പ്രകാശിപ്പിക്കുന്നു. അവര്‍ വൃക്ഷങ്ങളെയും കല്ലിനെയും ശില്പ്പങ്ങളെയും പൂജിക്കുന്നു. ദൈവത്തെ അവയില്‍ ദര്‍ശിക്കുന്നു. കാമ്പസിനകത്തും ഇത്തരം കാഴ്ചകള്‍ കാണാം. പരീക്ഷാവേളകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നു ”അകേലബാബ”ക്ക്.
കൊക്കക്കോള, പെപ്സി തുടങ്ങിയ പാനീയങ്ങളും പായ്ക്കറ്റ് ചിപ്സുകളും കാമ്പസിനകത്ത് അനുവദനീയമല്ല എന്നതും ഒരു മാതൃകയാണ്. കാമ്പസിനകത്തുതന്നെയുള്ള ലൈബ്രറികളിലേക്കോ കാന്റീനിലേക്കോ വിശ്വനാഥ ടെമ്പിളിലേക്കോ (ബിര്‍ളാ ടെമ്പിള്‍) പോകുവാനായി സൈക്കിള്‍ റിക്ഷകളേയോ സൗജന്യസേവനം നടത്തുന്ന ബസ്സുകളെയോ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ തന്നെയാണ് കാമ്പസിനകത്തെ വിശ്വനാഥ ക്ഷേത്രവും. ഇതിന്റെ ഗോപുരത്തില്‍ ഭഗവദ് ഗീതയില്‍ നിന്നുള്ള വരികളും ദേവതകളുടെ രൂപവും കൊത്തിവെച്ചിരിക്കുന്നു. ഉത്തര ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണിത് (252 അടി).
ശ്രാവണ മാസത്തിലെ ശിവപൂജയ്ക്ക് ക്ഷേത്രത്തിലേക്കും മാളവ്യജിയുടെ പിറന്നാള്‍ ദിനത്തില്‍ മാളവ്യ ഭവനിലേക്കും കാമ്പസ് കവാടം കടന്ന് നൂറുകണക്കിന് ഭക്തരും ആരാധകരും എത്തിച്ചേരും.എണ്ണമറ്റ യാത്രകളിലൂടെ അനേകം സ്ഥലങ്ങളിലെ അനേകം വ്യക്തികളിലൂടെ ”മഹാമന” മദന്‍ മോഹന്‍ മാളവ്യയും കൂട്ടാളികളും നിര്‍മിച്ചുയര്‍ത്തിയ ബനാറസ് ഹിന്ദു സര്‍വകലാശാല അതിന്റെ നൂറാം പിറന്നാള്‍ പൂര്‍ത്തിയാക്കുകയാണ്.
പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി തലവനും ആയിരത്തി അഞ്ഞൂറിനുമേല്‍ ഗവേഷണ പ്രബന്ധങ്ങളും നാല്‍പ്പത്തി അഞ്ചിനുമേല് ശാസ്ത്രഗ്രന്ഥങ്ങളും ലോകത്തിലെ അറുപതോളം യൂണിവേഴ്സിറ്റികളില്‍നിന്ന് ഡോക്ടറേറ്റുകളും ലഭിച്ചിട്ടുള്ള സി.എന്‍.ആര്. റാവു പറയുകയുണ്ടായി: ”കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദത്തിനായി ചെന്നപ്പോള്‍ മഹാമനയോടുള്ള ആദരസൂചകമായി ഞാന്‍ പാദരക്ഷകള്‍ അഴിച്ചുവെച്ചാണ് പ്രവേശിച്ചത്.” അദ്ധ്യാപകര്‍ക്ക് പാദനമസ്കാരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഇപ്പോഴും ഇവിടെ കാണുമ്പോള്‍ ഉജ്ജ്വലമായ ഭാരതസംസ്കാരമാണ് വെളിപ്പെടുന്നത്.
നാല് കവാടങ്ങളുള്ള സര്‍വകലാശാലയുടെ മുഖ്യ കവാടം ”ലങ്ക”യിലാണ്. അവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള ”മഹാമന”യുടെ പ്രതിമയെ കടന്നുപോകുന്ന ബനാറസികള് ഒരു നിമിഷം ഒന്നു വണങ്ങുന്നു.
ഒരുപാട് വ്യക്തികളില്‍നിന്ന് പലവഴിക്കും പലരും സംഭാവന ശേഖരിക്കുമ്പോള്‍ പലപ്പോഴും ”ഉറുപ്പിക നയാ പൈസ” എന്ന മട്ടില്‍ കണക്ക് സൂക്ഷിക്കാന്‍ നൂറ്റാണ്ടിനുമുമ്പുള്ള അക്കാലത്ത് കഴിയണമെന്നില്ല. ഇന്നത്തെ സുലഭമായ സൗകര്യങ്ങള്‍ അന്നില്ലല്ലൊ. എന്നിട്ടും ”മഹാമന”ക്ക് പ്രാര്‍ത്ഥനാപൂര്‍വം താപസതുല്യമായി തന്റെ ലക്ഷ്യത്തിനായി ഒരു പൈസപോലും പാഴാക്കാതെ ഉപയോഗിക്കാന്‍ കഴിഞ്ഞു. അതിനാലാണ് അതുകൊണ്ടാണ് അതുകൊണ്ടു മാത്രമാണ് ”യാചകരുടെ ആ രാജകുമാരന്” മുണ്ഡകോപനിഷത്തിലെ മഹത്സൂക്തമായ ”സത്യമേവ ജയതേ” പ്രചരിപ്പിക്കാനും അതിന്റെ മുഖ്യപ്രചാരകനാകാനും കഴിഞ്ഞത്. ഏറെ വൈകിയാണെങ്കിലും രാഷ്ട്രം 2014 ല്‍ മാളവ്യയെ ”ഭാരതരത്ന”മായി ആദരിച്ചു.
(ലേഖിക ബനാറസ് ഹിന്ദു
യൂണിവേഴ്സിറ്റിയിലെ എം.എ. സൈക്കോളജി
വിദ്യാര്‍ത്ഥിനിയാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: