കാസര്‍കോട്: സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ കാസര്‍കോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്ന കാര്യത്തില്‍ പൂര്‍ണ്ണമായും അവഗണിച്ചതായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ജില്ലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജ്ജം പകരേണ്ട സംസ്ഥാന സര്‍ക്കാര്‍ ആ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഏറെ പ്രതീക്ഷയൊടെ കാസര്‍കോടന്‍ ജനത ഉറ്റു നോക്കിയിരിക്കുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ച് യാതൊരു പ്രഖ്യാപനവുമില്ല. അതിനായി തുക മാറ്റിവെക്കാന്‍ തയ്യാറായിട്ടില്ല. മത്സ്യ ബന്ധന മേഖലയെ അവഗണിച്ചു. കടലാക്രമണം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ, മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനോ സഹായകരമായ പ്രഖ്യാപനങ്ങളില്ല. ജില്ലയില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമില്ല.
എന്‍ഡോ സള്ഫാന് ദുരിത ബാധിതര്‍ക്കായി പ്രഖ്യാപിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജിനായി നാമമാത്രമായ തുകയാണ് നീക്കിവെച്ചിട്ടുള്ളത്. അതിനാല്‍ തന്നെ മെഡിക്കല്‍ കോളേജ് യാതാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല. പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ നീക്കിവെച്ച് തുകയും അപര്യാപ്തമാണ്. അടയ്ക്കാ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് ആശ്വാസമായ യാതൊരു പ്രഖ്യാപനങ്ങളും ഇല്ല. എന്‍ഡോ സള്ഫാന് ദുരിത ബാധിതര്‍ക്കായി നീക്കിവെച്ചുയെന്ന് പറയുന്ന 10 കോടി രൂപ അത് മുന്‍പ് പറഞ്ഞത് ബജറ്റില്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ കോഴ്സുകളില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിട്ടും ബജറ്റില്‍ ജില്ലയ്ക്ക് അര്‍ഹമായ പരിഗണന നല്കുന്നതില് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജില്ലയോടുള്ള അവഗണനയാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: