പതിനഞ്ച് വര്‍ഷം മുമ്പാണ് ഭാരതം ആദ്യമായി അത്തരത്തിലൊരു സുന്ദരമുഹൂര്‍ത്തത്തിന് സാക്ഷിയായത്. സമുദ്രത്തിലും ആകാശനീലിമയിലും വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച അന്താരാഷ്ട്ര കപ്പല്‍ വ്യൂഹപരിശോധനയ്ക്ക് 2001 ല്‍ മുംബൈ തീരം ഭാരത നാവിക സേനയുടെ കരുത്ത് തെളിയിച്ചുകൊണ്ട് വിസ്മയം സൃഷ്ടിച്ചു. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തുന്ന ഭാരത നാവികസൈനികരുടെ മനക്കരുത്തിന് മുന്നില്‍ ശിരസ് നമിച്ചുകൊണ്ട് അത്ഭുതാദരങ്ങളോടെ ഒരിക്കല്‍ കൂടി നിന്നുപോയി ഭാരത ജനത. ഒപ്പം 52 രാജ്യങ്ങളും.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള നാവിക സേന പങ്കെടുക്കുന്ന ഗംഭീര ചടങ്ങാണ് അന്താരാഷ്ട്ര കപ്പല്‍ വ്യൂഹപരിശോധന. ദീര്‍ഘനാളത്തെ പാരമ്പര്യമാണ് അതിന് അവകാശപ്പെടാനുള്ളത്. മോടി പിടിപ്പിച്ച യുദ്ധക്കപ്പലുകള്‍, തലയെടുപ്പോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാഴ്ച. രാജ്യസ്നേഹത്തോടെ, കര്‍ത്തവ്യബോധത്തോടെ നിലയുറപ്പിച്ചിരിക്കുന്ന നാവികര്‍.
ഒറ്റനോട്ടത്തില്‍ ഇതാണ് ഫഌറ്റ് റിവ്യൂ. എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത് ഇത് നിര്‍വഹിക്കുന്ന ഒരു ധര്‍മമുണ്ട്. ശത്രുക്കളില്‍ നിന്നും ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍, കരുതലോടെ നിലയുറപ്പിക്കാന്‍ എത്രമാത്രം സന്നദ്ധമാണ് സേന എന്നതിന്റെ സൂക്ഷ്മപരിശോധനയ്ക്കായാണ് ഇത്തരമൊരു പ്രദര്‍ശനത്തിന് രൂപം നല്കിയിരിക്കുന്നതുതന്നെ.
അതേസമയം യുദ്ധത്തിനുള്ള യാതൊരു സൂചനയും ഇല്ലാത്തപ്പോള്‍ യുദ്ധക്കപ്പലുകള്‍ സമ്മേളിക്കരുതെന്നാണ് പുതിയ നിയമം. അതിഥികളായെത്തുന്നവര്ക്കുമുന്നില് യുദ്ധത്തില്‍ നേടിയ വിജയം ആഘോഷത്തോടെ പ്രദര്‍ശിപ്പിക്കുകയാണ് ഫഌറ്റ് റിവ്യൂവില്‍ ചെയ്യുന്നത്. നിരവധി സന്ദര്‍ഭങ്ങളില്‍ കടലും കടന്ന് നമ്മുടെ നാവികര്‍ സൗഹൃദരാജ്യങ്ങളുടെ അന്താരാഷ്ട്ര കപ്പല്‍ വ്യൂഹ പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്.
ചരിത്രം പരിശോധിച്ചാല്‍, ഭാരത നാവിക സേന ബ്രിട്ടണില്‍ നിന്നും നിരവധി രീതികളാണ് കടംകൊണ്ടിട്ടുള്ളത്. അതിലൊന്നാണ് ഫഌറ്റ് റിവ്യൂ. സര്‍വസൈന്യാധിപനായ രാഷ്ട്രപതിയുടെ നേതൃത്വത്തിലാണ് കപ്പല്‍ വ്യൂഹ പരിശോധന നടക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇതിനോടകം പത്ത് ഫഌറ്റ് റിവ്യൂകള്‍ നടന്നിട്ടുണ്ട്. 1953 ലാണ് ആദ്യത്തെ നാവികാഭ്യാസം നടന്നത്. തീരസംരക്ഷണ സേനയും മെര്‍ച്ചന്റ് നേവിയും നാവികസേനയുടെ ശക്തി വിളിച്ചോതാന്‍ സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥം 21 പ്രാവശ്യം ആചാരവെടി മുഴക്കിയശേഷമാണ് ഫഌറ്റ് റിവ്യൂവിന് തുടക്കം കുറിക്കുക. ഭാരത നാവികരുടെ തയ്യാറെടുപ്പും അച്ചടക്കവും മറ്റും വിലയിരുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രാധാന്യമാണ് കപ്പല്‍ വ്യൂഹ പരിശോധനയ്ക്കുള്ളത്. പരസ്പര വിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിനൊപ്പം അയല്‍രാജ്യങ്ങളിലെ നാവിക സേനയേയും റിവ്യൂവില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു. ഇതിന് ആതിഥ്യം വഹിക്കുന്ന രാജ്യത്തിന് തങ്ങളുടെ നാവിക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്നതിനും സൗഹൃദത്തിന്റെ പാലം തീര്‍ക്കുന്നതിനും ഉള്ള അവസരമാണ് ലഭിക്കുന്നത്.
2016 ല്‍ അന്താരാഷ്ട്ര കപ്പല്‍ വ്യൂഹ പരിശോധനയ്ക്ക് ആതിഥ്യം വഹിക്കാന്‍ ഭാരതത്തിനാണ് അവസരമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ വിവിധ രാജ്യങ്ങളിലെ നാവികസേനകള്‍ ഒരുമിച്ച നാവികാഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ചത് വിശാഖപട്ടണമാണ്. ഫെബ്രുവരി നാല് മുതല്‍ എട്ടുവരെ നടന്ന അന്താരാഷ്ട്ര ഫഌറ്റ് റിവ്യൂവില്‍ 52 രാജ്യങ്ങളാണ് പങ്കെടുത്തത്. നാലായിരത്തിലധികം നാവികര്‍, 75 ഓളം യുദ്ധക്കപ്പലുകള്‍, കടലിലും ആകാശത്തും വിസ്മയം തീര്‍ത്തു. അമേരിക്ക, ചൈന, ബ്രസീല്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളതായിരുന്നു 24 യുദ്ധക്കപ്പലുകള്‍.
സാഹസികതയും കരുത്തും ഒത്തുചേര്‍ന്ന പ്രകടനം. ആരായാലും ശ്വാസംഅടക്കിപ്പിടിച്ചിരുന്നേ കാണൂ. പരിശീലനത്തിലെ മികവ് ഓരോ പ്രകടനത്തിലും ദര്‍ശിക്കാം. സുന്ദരനിമിഷങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം നാവികസേനയിലുള്ള വിശ്വാസവും ഏവരിലും ഊട്ടിയുറപ്പിക്കുന്നതായിരുന്നു അന്താരാഷ്ട്ര കപ്പല്‍ വ്യൂഹ പരിശോധന. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നടന്ന പരിപാടി ഭാരത നാവികസേനയുടെ ത്രിലോക ശക്തി വിളിച്ചോതുന്നതായിരുന്നു. കരയിലും ജലത്തിലും ആകാശത്തിലും ഭാരതസേന കരുത്തരാണെന്ന് ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ തെളിയിക്കപ്പെട്ട ദിനങ്ങള്‍.
ആദ്യദിനം ആദ്യമെത്തിയത് കൊച്ചിയിലെ ദക്ഷിണ നാവികസേനാ കമാന്‍ഡില്‍ നിന്നുള്ള പായ്ക്കപ്പല്‍ ഐഎന്‍എസ് തരംഗിണിയാണ്. ഐഎന്‍എസ് സുമേദ, സുകന്യ എന്നീ യുദ്ധക്കപ്പലുകള്ക്കുപുറമെ അന്തര്‍വാഹിനികളായ സിന്ധുരാജ്, സിന്ധുകേസരി, സിന്ധുധ്വജ് എന്നിവയും ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു കടലില്‍ അണിനിരന്നു.
ഫെബ്രുവരി ഏഴിന് ചേതക് ഹെലികോപ്ടറുകളാണ് അഭ്യാസപ്രകടനങ്ങള്‍ക്ക് തുടക്കമിട്ടത്. ഹോക്ക് പോര് വിമാനങ്ങളുടെ വിസ്മയക്കാഴ്ചകള്‍ക്കും പിന്നീട് വിശാഖപട്ടണ തീരം സാക്ഷിയായി. യുദ്ധസമാനമായ അന്തരീക്ഷം കാണികള്‍ക്കുമുന്നില്‍ സൃഷ്ടിച്ച് കമാന്‍ഡോകള്‍ കാണികളുടെ നെഞ്ചിടിപ്പ് വീണ്ടും കൂട്ടി.
സമുദ്രത്തില്‍ വച്ച് ഏതെങ്കിലും ആക്രമണത്തെ നേരിടേണ്ടിവരുമ്പോള്‍ എത്തരത്തിലാണ് നാവികസേന പോര്‍മുഖത്ത് സജീവമാകുന്നതെന്നതിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ഓരോ ഇനവും.
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളിലേക്ക് ഹെലികോപ്ടറുകള്‍ കൃത്യമായി പറന്നിറങ്ങുന്നതും പറന്നുകൊണ്ടിരിക്കുന്ന ഹെലികോപ്ടറുകളില്‍ നിന്നും കടലിലെ ഓളങ്ങളില്‍ ഇളകിയാടുന്ന ചെറുനൗകകളിലേക്ക് കയറിലൂടെ നാവികര്‍ ഊര്‍ന്നിറങ്ങുന്നതും എല്ലാം ഒരു ആക്ഷന്‍ ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതായി. ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നും വിരാടില്‍ നിന്നും പോര് വിമാനങ്ങള്‍ ആകാശത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയും മിഗ് പോര്‍വിമാനങ്ങളില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിശ്ചിത സ്ഥാനങ്ങളിലേക്ക് കൃത്യതയോടെ ബോംബ് വര്‍ഷിക്കുന്നതും കാണികളെ ആവേശഭരിതരാക്കി.
ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് രണ്‍വീര്‍, ഐഎന്‍എസ് രണ്‍വിജയ്, ഐഎന്‍എസ് തബാര്‍, തര്‍ക്കഷ്. ഐഎന്‍എസ് ശിവൈക്, ഐഎന്‍എസ് സത്പുര, ഐഎന്‍എസ് സഹ്യാദ്രി, ഐഎന്‍എസ് ഗംഗ, ഐഎന്‍എസ് കിരണ്‍, ഐഎന്‍എസ് വിഭൂതി, ഐഎന്‍എസ് കൂടല്ലൂര്‍, ഐഎന്‍എസ് കോഴിക്കോട്, ഐഎന്‍എസ് സുനയന, ഐഎന്‍എസ് സരയു, ഐഎന്‍എസ് സുമേധ, ഐഎന്‍എസ് സുകന്യ, ഐഎന്‍എസ് നിരൂപക്, ഐഎന്‍എസ് നിരീക്ഷക്, ഐഎന്‍എസ് ഐരാവത് തുടങ്ങി ഭാരതത്തിന്റെ ശക്തിയറിയിച്ച കപ്പലുകള്‍ക്ക് പുറമെ വിദേശ കപ്പലുകളും കടലില്‍ അണിനിരന്നു.
അര്‍ജന്റീന, ആസ്ട്രേലിയ, ബഹറിന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബ്രൂണെ, കാനഡ, ചിലി, ചൈന, ഈജിപ്ത്, ഫിജി, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇന്തോനേഷ്യ, ഇറാന്, ഇസ്രായേല്‍, ജപ്പാന്, കെനിയ, ദക്ഷിണ കൊറിയ, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മ്യാന്മാര്, നമീബിയ, ന്യൂസിലന്റ്, നൈജീരിയ, ഒമാന്‍, ഫിലിപ്പൈന്‍സ്, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്, ശ്രീലങ്ക, സുഡാന്, സ്വീഡന്, ടാന്‍സാനിയ, തായ്ലന്റ്, ടുണീഷ്യ, തുര്‍ക്കി, യുകെ, യുഎസ്എ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് അന്താരാഷ്ട്ര കപ്പല്‍ വ്യൂഹപരിശോധനയില് പങ്കെടുത്ത രാജ്യങ്ങള്‍. ഇതില്‍ ചൈനയുടെ പങ്കാളിത്തം എന്തുകൊണ്ടും ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയിലിരുന്നാണ് പ്രണബ് മുഖര്‍ജിയും നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഫഌറ്റ് റിവ്യൂ വീക്ഷിച്ചത്. ഇവര്‍ക്കൊപ്പം 22 രാജ്യങ്ങളുടെ നാവികസേനാ മേധാവികളും ഫഌറ്റ് റിവ്യൂ വീക്ഷിക്കാന്‍ എത്തിയിരുന്നു. നേരില്‍ക്കണ്ടറിഞ്ഞ അനുഭവത്തെക്കുറിച്ച് വര്‍ണിക്കാന്‍ വിസ്മയം എന്ന വാക്ക് പോരാതെ വന്നു എല്ലാവര്ക്കും. ഭാരതത്തിന്റെ നാവിക പാരമ്പര്യം എന്ന പുസ്തകവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുകയുണ്ടായി. പാശ്ചാത്യ, പൗരസ്ത്യ കലാവിരുന്നുകള്കൊണ്ടും ഏറെ ആകര്‍ഷണീയമായിരുന്നു അന്താരാഷ്ട്ര ഫഌറ്റ് റിവ്യൂ. കൊച്ചി കപ്പല്ശാലയുടേതുള്പ്പെടെയുള്ള വിവിധ നിശ്ചലദൃശ്യങ്ങളുടെ അവതരണവും പരിപാടിയെ കൂടതല്‍ സമ്പന്നമാക്കി.
ഭാരതത്തിന്റെ സുരക്ഷയില്‍ സുപ്രധാന പങ്കുവഹിക്കുന്ന നാവികസേന, അതിലെ ഓരോ കമാന്‍ഡോകളും എത്രമാത്രം കഠിനാധ്വാനത്തിലൂടെയാണ് രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നത് എന്ന് അനുഭവിച്ചറിയുന്നതിനുള്ള അവസരമാണ് വിശാഖതീരം ഒരുക്കിയത്. 2014 ല്‍ വിശാഖപട്ടണത്ത് വീശിയടിച്ച ഫുഹൂദ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് എല്ലാരാജ്യങ്ങളില്‍ നിന്നുമുള്ള കപ്പല്‍ വ്യൂഹങ്ങളെ സ്വീകരിക്കാന്‍ പോന്ന വിധത്തില്‍ സജ്ജമായിക്കൊണ്ടാണ് വിശാഖതീരം ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: