കാസര്‍കോട്: മനുഷ്യമനസ്സില്‍ നിന്ന് കല ചോര്‍ന്നു പോകുന്നതാണ് കലികാലത്തിന്റെ തെളിവെന്ന് പ്രശസ്ത സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രന് പറഞ്ഞു. കേന്ദ്രസര്‍വ്വകലാശാല മലയാള വിഭാഗത്തിലെ കലാവേദിയായ ‘നിര്‍ഝരി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തില്‍ കലയുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അതിന് അര്‍ത്ഥമുണ്ടാകുമെന്നും നല്ല മനുഷ്യരുള്ള സമൂഹം രൂപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോടിന്റെ സാംസ്കാരിക വൈവിധ്യം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരവാദിത്വം കേന്ദ്ര സര്‍വ്വകലാശാല ഏറ്റെടുത്തിരിക്കുകയാണ്. ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ പരിപോഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാള വിഭാഗമാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ആ മലയാള വിഭാഗത്തെ അഭിനന്ദിക്കുന്നതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ പ്രസ്താവിച്ചു. പഠനത്തോടൊപ്പം ഒട്ടേറെ സാംസ്കാരികപരിപാടികളും മലയാളവിഭാഗത്തില്‍ നടത്തുന്നുണ്ട്. ആറു മാസത്തിനുളളില്‍ത്തന്നെ ഇത്തരം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സാഹത്യസൃഷ്ടികള് അടങ്ങിയ ”വാക്കുരി” എന്ന കൈയെഴുത്തു പ്രസിദ്ധീകരണം ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രകാശിപ്പിച്ചു.
മലയാള വിഭാഗം അദ്ധ്യക്ഷന്‍ ഡോ.എ.എം.ഉണ്ണിക്കൃഷ്ണന്, എടനീര്‍ മഠം ശ്രീഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ഡയറക്ടര്‍ ജയറാം ഭട്ട്, നിര്‍ഝരി സംയോജക ഡോ. ബി. കെ. അനഘ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ നൃത്ത, സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. ശേഷം എടനീര്‍മഠം ശ്രീഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലിയുടെ ആഭിമുഖ്യത്തില്‍ ‘ശ്രീകൃഷ്ണലീല’ എന്ന യക്ഷഗാനം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: