കാഞ്ഞങ്ങാട്: ഭാരതത്തിലെ വിശ്വകര്‍മ്മജരുടെ പ്രമുഖ ആരാധനാ കേന്ദ്രമായ കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം അജാനൂര്‍ ശ്രീമദ് പരഃശിവ വിശ്വകര്‍മ്മ ക്ഷേത്രം കാലാനുസൃതമായ മാറ്റങ്ങളോട് കൂടിയും പഞ്ചജാതി വിശ്വകര്‍മ്മജരുടെ ശില്പകലാ വൈഭവം സമ്മേളിക്കത്ത രീതിയിലും നവീകരിക്കുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ 2000 വിശ്വകര്‍മ്മജര്‍ ചേര്‍ന്ന് രൂപീകരിച്ച വിശ്വകര്‍മ്മ ബ്രാഹ്മണ സംരക്ഷണ സംഘമാണ് 1947ല്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ത്രികാല പൂജാ സമ്പ്രദായത്തോട് കൂടിയുള്ള ക്ഷേത്രത്തിലെ നിത്യപൂജാ കര്‍മ്മങ്ങളും ഉല്‍സവാഘോഷങ്ങളും മൈസൂര്‍ നാഗലിംഗ ഗുരുസ്വാമി മഠം നിര്‍ദ്ദേശാനുസരണമാണ് നടത്തപ്പെടുന്നത്.
ക്ഷേത്ര നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കര്‍ണ്ണാടകയിലെ കാര്‍ക്കളയില്‍ നിന്നും ഈ മാസം 28ന് രാവിലെ മാവുങ്കാലിലെത്തുന്ന ആദ്യ ശില വഹിച്ച് കൊണ്ടുള്ള വാഹനത്തെ ക്ഷേത്രം ഭരണസമിതിയുടെയും നവീകരണ കമ്മറ്റിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തില്‍ വാദ്യഘോഷത്തോട് കൂടി ക്ഷേത്രത്തിലേക്ക് ആനയിക്കും. ആദ്യ ശില ഏറ്റുവാങ്ങല്‍ ചടങ്ങ് തമിഴ്നാട് തിരുവണ്ണാമല ശ്രീനന്ദല് മഠം ഇളയ മഠാധിപതി ശിവശ്രീ ശിവരാജ സ്വാമികള്‍ നിര്‍വ്വഹിക്കും.
പ്രധാന ദേവന്റെ ശ്രീകോവില്‍, ഉപദേവീ ദേവന്മാരുടെ ശ്രീകോവിലുകള്‍. ചുറ്റമ്പലം, സരസ്വതീ മണ്ഡപം, ഗുരുമഠം, അഗ്രശാല, ധ്വജസ്തംഭം, ഗോപുരം തുടങ്ങിയവ ഉള്‍പ്പെടുന്ന ക്ഷേത്ര സമുച്ചയത്തോടൊപ്പം തീര്‍ത്ഥാടകര്‍ക്കുള്ള താമസ സൗകര്യം, ഗ്രന്ഥാലയം ചിത്രശില്പ കരകൗശല സ്ഥിരം പ്രദര്‍ശനശാല, വൈദിക പഠനശാല, ക്ഷേത്രക്കുളം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നവീകരണ കമ്മിറ്റി ലക്ഷ്യമിടുന്നുതെന്ന് ക്ഷേത്രം പ്രസിഡന്റ് പി.കെ.രാമകൃഷ്ണന് ആചാരി, നവീകരണ കമ്മറ്റി ചെയര്മാന് വൈനിങ്ങാല്‍ പുരുഷോത്തമന് വിശ്വകര്മ്മന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: