കലഞ്ഞൂര്‍ : കലഞ്ഞൂര്‍ -പാടം റോഡിലെ മൂന്ന് പാലങ്ങളും കലുങ്കുകളും അപകടാവസ്ഥയില്‍. ഇവ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. മണ്ഡലത്തില്‍ വികസനങ്ങള്‍ വാരിക്കോരി നല്കി എന്ന് വാഗ്ദാനങ്ങള്‍ നല്കുന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രാദേശിക അവഗണനയുടെ സ്മാരകമായിട്ടാണ് ഈ പാലങ്ങള്‍ കലഞ്ഞൂരില്‍ സ്ഥിതിചെയ്യുന്നത്. കൊല്ലം -പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കലഞ്ഞൂര്‍-പാടം റോഡിലെ കലഞ്ഞൂര്‍ ജംഗ്ഷനു സമീപമുള്ള കീച്ചേരി പാലം, വാഴപ്പാറ പാലം, മാങ്കോട് പാലം കാലപ്പഴക്കത്താല്‍ ഏതു സമയവും നിലംപൊത്താവുന്നതാണ്. ദിനംതോറും പതിനഞ്ച് മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്.ടി.സി, പ്രൈവറ്റ് ബസുകള്‍ ഈ പാലങ്ങള്‍ വഴി കടന്നുപോകാറുണ്ട്. അടിത്തറകളും കൈവരികളും തകര്‍ന്ന നിലയിലാണ്. രാജഭരണകാലത്ത് വീതി കുറച്ച് നിര്‍മ്മിച്ച ഇടുങ്ങിയ കീച്ചേരിപാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം വഷങ്ങളായി പ്രദേശവാസികള്‍ ഉയര്‍ത്തുന്നതാണ്. അടിത്തറകള്‍ക്ക് പോലും വിള്ളല്‍ സംഭവിച്ച ഈ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്.
വനം വകുപ്പിന്റെ ദ്രുതകര്‍മ്മ സേന ആസ്ഥാനത്തിനും നിര്‍ദ്ദിഷ്ട ആയുര്‍വേദ പാര്‍ക്കിനും സമീപത്തായിട്ടാണ് കൈവരികളും അടിത്തറകളും തകര്‍ന്ന വാഴപ്പാറ പാലം സ്ഥിതി ചെയ്യുന്നത്. മാങ്കോട് ജംഗ്ഷന് കിഴക്കുഭാഗത്തായി കൊടുംവളവില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ കൈവരികള്‍ പൂര്‍ണ്ണമായും തകര്‍ന്നുവീണിട്ടുണ്ട്. ഇതിനൊപ്പം റോഡിന്റെ അരിക് ഇടിഞ്ഞ് വലിയ കുഴികളും രൂപപ്പെട്ടത് അപകടഭീഷണി ഉയര്ത്തുന്നുണ്. ഈ റൂട്ടില്ത്തന്നെയുള്ള നാല് ചെറിയ കലുങ്കുകളും തകര്‍ന്നിരിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനക്കാലത്തെ കാല്‍നട മാര്‍ഗ്ഗം അച്ചന്‍കോവില്‍ യാത്ര ചെയ്യുന്ന ഭക്തര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കലഞ്ഞൂര്‍-പാടം റോഡാണ്. പാടത്തെത്തി വനത്തിലൂടെയാണ് തീര്‍ത്ഥാടകര്‍ അച്ചന്‍കോവിലേക്ക് പോകുന്നത്. റോഡ് വികസനത്തിന് കോടികള്‍ ചെലവഴിച്ചു എന്ന് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നെങ്കിലും പഞ്ചായത്തിനെയും കിഴക്കന്‍ മലയോര മേഖലകളെയും നിരന്തരം അവഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: