കുന്നത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ചാക്ഷേപിക്കുകയും വിദ്യാര്‍ത്ഥിയെ അകാരണമായി പുറത്താക്കുകയും ചെയ്ത് ശാസ്താംകോട്ട ഡിബി കോളേജ് പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി കോളേജില്‍ സമരം ആരംഭിച്ചു. രണ്ടാഴ്ച മുമ്പാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ച് പ്രിന്‍സിപ്പാള്‍ ആക്ഷേപിച്ചത്. അന്നുമുതല്‍ എബിവിപി ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. അതേസമയം വിദ്യാര്‍ത്ഥി സമരം അട്ടിമറിക്കാന്‍ പ്രിന്‍സിപ്പാളും അധ്യാപകരും രംഗത്തുവരികയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ഹാജര്‍ വെട്ടിക്കുറയ്‌ക്കുകയും ചെയ്തു. എന്നാല്‍ നടപടിയെടുക്കാതെ പിന്‍മാറില്ലെന്ന് എബിവിപി ഉറച്ച നിലപാട് സ്വീകരിക്കുകയും ഇന്നലെ മുതല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുകയുമായിരുന്നു. സമരം എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എബിവിപി എസ്‌സി എസ്ടി വിഭാഗിന്റെ മുന്‍ സ്റ്റേറ്റ് കണ്‍വീനര്‍ ബബുല്‍ദേവ് മുഖ്യ പ്രഭാഷണം നടത്തി. കൈലാസ്, മഹേഷ്, വിഷ്ണുമോഹന്‍, ദിലീപ്, നീരജ്, കൃപന്‍ എന്നിവര്‍ സംസാരിച്ചു.
















