ചാത്തന്നൂര്‍: കേന്ദ്രപദ്ധതികളോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യമാണെന്ന് കുമ്മനം രാജശേഖരന്‍. സാധാരണക്കാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ കേരളം ഇത്തരം പദ്ധതികള്‍ അവഗണിച്ച് കേന്ദ്രത്തിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചാത്തന്നൂരിലെ സ്വീകരണ ത്തില്‍ പറഞ്ഞു.
കേന്ദ്രം വിളിച്ചുചേര്‍ത്ത ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ആരുമുണ്ടായില്ല. അതുകൊണ്ട് തന്നെ കേരളത്തിനു കിട്ടേണ്ട ആവശ്യങ്ങള്‍ അവഗണിക്കപെടുകയാണ്. കേരളത്തില്‍ എങ്ങും അഴിമതിയും ധൂര്‍ത്തുമാണ്. അധികാരത്തില്‍ നിന്നും കിട്ടുന്നത് പങ്കുവച്ച് പാവങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ദുഖിതരെയും നിരാലംബരെയും ശ്രദ്ധിക്കാന്‍ സമയമില്ലാതെ അധികാരത്തിന്റെ സോപാനത്തില്‍ കഴിയുകയാണ്. ഇരുമുന്നണികളിലും തമ്മിലടിയും അന്തഛിദ്രവും കൊണ്ട് അഗ്‌നിപര്‍വതങ്ങളില്‍ ലാവ തിളക്കുന്നത് പോലെ പുകയുകയാണ്. ഇരുമുന്നണികളിലും അഞ്ചുവര്‍ഷം മാറി മാറി ഭരിക്കുമ്പോള്‍ അഴിമതി നടത്താന്‍ മത്സരിക്കുന്നു. ഭരണം മാറുമ്പോള്‍ പരസ്പരം ചെളിവാരി എറിയുന്നു. അതുകൊണ്ട് അഴിമതി നടത്താന്‍ മത്സരിക്കുന്നവര്‍ ജനങ്ങളെ സേവിക്കാന്‍ മറക്കുന്നു. അതുകൊണ്ട് തന്നെ ബിജെപി മുന്നോട്ടുവയ്‌ക്കുന്ന വിമോചനയാത്രയില്‍ ബിജെപി മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം ജനങ്ങള്‍ നെഞ്ചേറ്റുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വെള്ളവും തൊഴിലും നല്‍കാന്‍ കഴിയാത്തവരാണ് ഇവിടെയുള്ളത്. എന്നാല്‍ കഷ്ടപെടുന്ന ജനതയുടെ ഉന്നമനം ആവശ്യപ്പെട്ടാണ് ഈ യാത്രയെന്നും കുമ്മനം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, പി.എം.വേലായുധന്‍, അഡ്വ.ഗോപാലകൃഷ്ണന്‍, ബി.രാധാമണി, ഗിരിജാകുമാരി, രാജിപ്രസാദ്, വി.കെ.സജീവന്‍, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്‍, ജില്ലാ സെക്രട്ടറിമാരായ ബി.ഐ ശ്രീനാഗേഷ്, നെടുമ്പന ശിവന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകുമാര്‍ സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. ഇന്നലെ രാവിലെ പത്തിന് ഉമയനല്ലൂരില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യാത്രാനായകനെ ആനയിച്ച് സമ്മേളനവേദിയിലെത്തിച്ചു. വാഹനവ്യൂഹത്തോടൊപ്പം മുത്തുക്കുട, ചെണ്ടമേളം, പൂക്കാവടി എന്നിവ സ്വീകരണത്തിന് മിഴിവേകി. കത്തുന്ന ചൂടിലും രാജേട്ടനെ സ്വീകരിക്കാന്‍ വഴിയോരത്ത് ആയിരങ്ങളാണ് കാത്തുനിന്നത്.
















