പത്തനംതിട്ട: പട്ടിക ജാതി വിഭാഗത്തില്‍ പെട്ട കുടുംബത്തെ ഇന്ദിരാ ആവാസ് യോജന(ഐഎവൈ) പദ്ധതിയിലെ വീടു അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു. കൈക്കുഞ്ഞ് ഉള്‍പ്പെടെ മൂന്നു കുട്ടികളോടൊപ്പം ചുറ്റുമറയില്ലാത്ത ഷെഡില്‍ കഴിയുകയാണ് ഏഴംകുളം കണ്ണംപള്ളില്‍ വീട്ടില്‍ ശശിയും ഭാര്യ വത്സലയും. കൂലിപ്പണി ചെയ്താണ് ശശി കുടുംബത്തിനുള്ള വരുമാനം കണ്ടെത്തുന്നത്.
ഏഴംകുളം വില്ലേജില്‍ നാലു സെന്റ് സ്ഥലം സ്വന്തമായുണ്ട് ശശിക്ക്. സ്വന്തമായി സ്ഥലം ഉണ്ടെന്നു ചൂണ്ടിക്കാട്ടി രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും ഇന്ദിരാ ആവാസ് യോജന പദ്ധതിപ്രകാരം വീട് ലഭിക്കുന്നതിന് അപേക്ഷ നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ ഒരോ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകായാണെന്നാണ് ശശിയുടെ പരാതി. ഐഎ വൈ പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതിന് ഗ്രാമസഭ തയ്യാറാക്കിയ പട്ടികയില്‍ രണ്ടാമത്തെ പേരുകാരനാണ് ശശി. വീട് അനുവദിക്കുന്നതിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഹാജരാക്കിയപ്പോള്‍ പട്ടികജാതിക്കാരനെന്ന സര്‍ട്ടിഫിക്കറ്റു വേണമെന്നായി. അതും നല്കിയപ്പോള് വരുമാന സര്‍ട്ടിഫിക്കറ്റും കൂടി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍, ഐഎവൈ പദ്ധതി പ്രകാരം വീടു ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് വില്ലേജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. പ്രമാണത്തിന്റെ പകര്‍പ്പും കൈവശാവകാശ സര്‍ട്ടിഫിറ്റും ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ അപേക്ഷ അംഗീകരിക്കാമെന്നാണ് ചട്ടം. അന്തിയുറങ്ങാന്‍ ഒരു കൂര സ്വന്തമായി ലഭിക്കാനായി ഓഫീസുകളില്‍ കയറിയിറങ്ങി ശശി സമയം ചലവഴിക്കുന്നതുകാരണം കൂലിപ്പണിക്കും പോകാന്‍ കഴിയുന്നില്ല. ഇവരുടെ നിത്യജീവിതത്തെപോലും ഇത് ബാധിച്ചിരിക്കുകയാണ്. വീട് അനുവദിക്കാത്തതിനെതിരേ പട്ടികജാതി വകുപ്പിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കാന് ഒരുങ്ങുകയാണീ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: