പുല്‍പ്പളളി : പുല്‍പ്പള്ളി ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ ക്ലോക്ക്റൂം നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ഇവിടെ കക്കൂസ്ടാങ്ക് നിറഞ്ഞ് കവിഞ്ഞിട്ട് കാലങ്ങളായി. ടാങ്കിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ പകരം ടാങ്ക്നിര്മ്മിക്കാനോ തയ്യാറാകാതെ കക്കൂസ് മുറികളിലേയും മൂത്രപുരകളിലേയും ടൈലുകള്‍ പൊളിച്ചുമാറ്റി പുതിയത് പതിക്കാനുളള തിരക്കിലാണ് പദ്ധതി നടത്തിപ്പുകാരായ ജലനിധിയുടെ ചുമതലക്കാര്‍.
ഈ ആവശ്യത്തിന് വേണ്ടിമാത്രം വകയിരുത്തിയത് 934400 രൂപയാണ്. ബസ്സ്റ്റാന്റ് ആവശ്യത്തിന് ജല ലഭ്യത ഉറപ്പാക്കാന്‍ എന്നപേരില്‍ കുഴല്‍ കിണര്‍ ഉണ്ടാക്കാന്‍ 1.5 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഒരു പതിറ്റാണ്ട് മുമ്പ് ഈ മേഖലയിലുണ്ടായ ഗുരുതരമായ വരള്‍ച്ചയെ തുടര്‍ന്ന് വിവിധ ഗവ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനം ഗണ്യമായി കുറയുന്ന പ്രദേശമാണ് ഈ ടൗണ്‍ പരിധിയെന്ന് കണ്ടെത്തിയിട്ടുളളതാണ്. എന്നിട്ടും കുഴല്‍ കിണറിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് ആര്‍ക്ക് വേണ്ടി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ മുഴുവന്‍ ജലവിതരണത്തിന് പൈപ്പു ലൈനുകള്‍ നിര്‍മ്മിക്കുന്നവര്‍ ബസ്സ്റ്റാന്റില് കുഴല്‍ കിണര്‍ അടിക്കാന്‍ മിനക്കെടുന്നത് എന്തിന്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അനുമതി ലഭിച്ച പദ്ധതിയാണിത് .ആ സമയത്ത് നിര്‍മ്മാണ അനുമതി ലഭിച്ച 21 തടയിണകള്‍ നിര്‍മ്മിക്കാന്‍ ജലക്ഷാമം രൂക്ഷമാകുന്ന ഈ സമയത്തും ആരും തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. പുല്‍പ്പളളി ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന 13 കോടി രൂപയുടെ ജലനിധി പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്ന് കക്കൂസ് നവീകരണങ്ങള്‍ വിളിച്ചോതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: