ജയേഷ് മുള്ളത്ത്
കരുവാരക്കുണ്ട്: മലയോര മേഖലയിലെ പ്രധാന നാണ്യവിളകളിലൊന്നായ കുരുമുളകിന്റെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വിളവെടുപ്പ് കാലമായപ്പോഴേക്കും വിലയിലുണ്ടായ അസാധാരണമായ കുറവാണ് പുതിയ ആശങ്കക്ക് കാരണം. കിലോ ഗ്രാമിന് 590 രൂപയാണ് നിലവിലെ വില. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് 715 രൂപവരെ വിലയുണ്ടായിരുന്നു.
മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റം സംഭവിച്ചപ്പോഴും കര്‍ഷകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചിരുന്നത് കുരുമുളകിന്റെ വിലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന വിലക്കുറവ് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
മറ്റ് വിളകളേക്കാള്‍ വിലയുണ്ടായിരുന്നതിനാല്‍ പലരും കുരുമുളക് കൃഷിക്ക് പ്രത്യേക ശ്രദ്ധനല്കിയിരുന്നു. കാലാവസ്ഥയും പ്രതികൂലമായി ബാധിച്ചതോടെ ഈ വര്‍ഷം ഉല്പാദനത്തിലും കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. അതെ സമയം ലോകത്തെ ഏറ്റവും വലിയ കുരുമുളക് ഉല്പാദന രാജ്യമായ വിയറ്റ്നാമില്‍ ഉല്പാദനം വര്‍ദ്ധിച്ചതും അവിടെ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും ഭാരതത്തിലേക്ക് ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് നിലവില്‍ വിലകുറയാന്‍ കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഭാരതത്തിലെ കുരുമുളകിന് മറ്റ് രാഷ്ട്രങ്ങളിലെ കുരുമുളകിനേക്കാള്‍ 70 രൂപ അധികമാണ് വില. അതുകൊണ്ടാണ് ഇറക്കുമതിയുടെ തോത് വര്‍ദ്ധിക്കാന്‍ കാരണം. എന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്കിയതുപോലെ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തിലും ഇടപെടുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളും കാരണം കുരുമുളക് ഉല്പാദനം രാജ്യത്ത് 40 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്. മലയോര മേഖലയിലെ കുരുമുളക് കര്‍ഷകര്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാരിനെയും കൃഷിവകുപ്പിനെയും സമീപിച്ചെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. പഴയകാല പ്രതാപത്തിലേക്ക് കുരുമുളക് കൃഷിയെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളെന്നും അതിനായി ഈ വിഷയംകേന്ദ്രസര്ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: