പത്തനംതിട്ട: എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാദ്യമുയര്‍ത്തി ജനമനസ്സുകളെ കീഴടക്കി അശ്വമേധം നയിച്ചെത്തിയ ജനനായകന് കുമ്മനം രാജശേഖരനെ കാത്ത് സ്വീകരണവേദികളിലെല്ലാം ജനസാഗരങ്ങള്‍. പത്തനംതിട്ട ജില്ലയുടെ ചരിത്രത്തിലാദ്യമായി ഓരോ സ്വീകരണ സ്ഥലത്തും തൊട്ടടുത്ത സ്വീകരണ സ്ഥലത്തേക്കാളേറെ ആളുകളാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിച്ചെത്തിയ വിമോചന യാത്രയെ സ്വീകരിക്കാന്‍ മണിക്കൂറുകളോളം കാത്തുനിന്നത്. കത്തുന്ന വെയിലിനേയും ചുട്ടുപൊള്ളുന്ന ചൂടിനേയും നിലാവാക്കി അമ്മമാരും കുട്ടികളും വൃദ്ധരുമടങ്ങുന്നജനസഞ്ചയങ്ങള്‍ ഭാരത് മാതാ വിളികളുമായി ജനനായകനെ വരവേറ്റു. ചെങ്ങന്നൂരില്‍ നിന്നും എത്തിയ വിമോചനയാത്രയെ ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ നേതൃത്വത്തില്‍ ജില്ലാ ഭാരവാഹികള്‍ സ്വീകരിച്ച് ആദ്യസമ്മേളന നഗരിയായ തിരുവല്ലയിലേക്ക് ആനയിച്ചു. കുറ്റൂര്‍ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരത്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. തിരുവല്ലയില്‍ നിന്നും റാന്നിയിലേക്കാണ് വിമോചനയാത്ര നീങ്ങിയത്, കോഴഞ്ചേരിയില്‍ നിവര്‍ത്തന പ്രക്ഷോഭ നേതാവും കോഴഞ്ചേരി പ്രസംഗത്തിലൂടെ ചരിത്രത്തിലിടം നേടിയ എസ്.എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയായിരുന്ന സി.കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് റാന്നിയിലേക്ക് മാറ്റത്തിന്റെ ശംഖൊലിയുമായി വിമോചനയാത്രാ നായകനെത്തിയത്. കത്തുന്ന വെയിലിനേയും തൃണവല്‍ഗണിച്ച് കാത്തുനിന്ന ജനസഹസ്രങ്ങളുടെ ഇടയിലേക്ക് തുറന്ന വാഹനത്തിലെത്തിയ കുമ്മനം രാജശേഖരനെ പുഷ്പവൃഷ്ടിയോടെയും വള്ളപ്പാട്ടിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് പി.വി.അനോജ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണങ്ങള്‍ക്ക് ഹൃദ്യമായും കരുത്തുറ്റതുമായ ഭാഷയില്‍ നന്ദിപറയുകയും വരുന്നാളുകളിലെ കര്‍ത്തവ്യം ഓര്‍മ്മിപ്പിച്ചും കോന്നിയിലേക്ക് വീണ്ടും പ്രയാണം.കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും താളമേളങ്ങളും താലപ്പൊലിയുടേയും പുഷ്പവൃഷ്ടിയുടേയും അകമ്പടിയോടെ സമ്മേളനവേദിയായ ചന്ത മൈതാനിയിലേക്ക് ആനയിച്ചു. സമ്മേളന സ്ഥലത്തെത്തിയ കുമ്മനം രാജശേഖരനെ അമ്മമാര്‍ ആരതിയുഴിഞ്ഞ് തിലകം തൊടീച്ചാണ് വേദിയിലേക്ക് ആനയിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് കിടങ്ങേല്‍ വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പുഷ്പഹാരം അണിയിച്ചാണ് വേദിയിലേക്ക് സ്വീകരിച്ചത്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ തമ്മില്‍ തല്ലിക്കുന്ന ഇടതു വലതു മുന്നണികളുടെ രാഷ്ട്രീയ തനിനിറം തുറന്നുകാണിച്ച് ഹൃസ്യമായ പ്രസംഗം. തുടര്‍ന്ന് പത്തനംതിട്ടയിലേക്ക്. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിച്ച ജനനായകന് അമ്മമാര്‍ പൂത്താലവുമായി വഴിയൊരുക്കി. മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്തെ സമ്മേളന വേദിയിലേക്ക് എത്തിയ ജനനായകനെ പുഷ്പവൃഷ്ടി നടത്തിയാണ് വേദിയിലേക്ക് ആനയിച്ചത്. കൂറ്റന്‍ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. ആറന്മുള സമരനായകന്‍കൂടിയായി കുമ്മനത്തിന് ആറന്മുള പള്ളിയോടത്തിന്റെ മാതൃക സമ്മാനിച്ചാണ് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്.ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ സി.ബൊക്കാറോ, പ്രവാസിയായ അബ്ദുള്‍ മജീദ്, യോഗക്ഷേമസഭ ജില്ലാ ഉപസമിതി പ്രസിഡന്റ് ലാല്‍പ്രസാദ് ഭട്ടതിരി, എന്നിവരെ ബിജെപിയിലേക്ക് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാളണിയിച്ച് സ്വീകരിച്ചു. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നിലവിളക്ക് നല്‍കിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിനെ സ്വീകരിച്ചത്. കേരള രാഷ്ട്രീയത്തിലെ സമീപകാലത്തെ വഴിത്തിരിവിന്റെ ലക്ഷണമായി സ്വീകരണ യോഗങ്ങളിലെ ബഹുജന പങ്കാളിത്തം കാണണമെന്ന വാക്കുകളോടെയാണ് പ്രസംഗം ആരംഭിച്ചത്. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഒത്തുകളി ഭരണത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളാക്കുന്നതിന് മത കലഹം സൃഷ്ടിക്കുന്നതിന്റേയും തെളിവുകള്‍ നിരത്തി. കാര്‍ഷിക, വ്യാവസായിക രംഗങ്ങളില്‍ പുരോഗതിയും അക്രമ രാഷ്ട്രീയത്തില്‍ നിന്നുള്ള വിമോചനവും കേരളത്തിനാവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ മതനിരപേക്ഷത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുഖമുദ്രയാക്കണമെന്ന ഉപദേശത്തോടെയാണ് കുമ്മനം രാജശേഖരന് പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് അടൂരിലേക്ക് പ്രയാണം ആരംഭിച്ചു. സെന്‍ട്രല്‍ മൈതാനത്തുനിന്നും ആഘോഷപൂര്‍വ്വം സ്വീകരിച്ചാനയിച്ച യാത്രാനായകനെ ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയുമാണ് കെഎസ്ആര്‍ടിസി കോര്‍ണറിലെ വേദിയിലേക്ക് ആനയിച്ചത്. വാളും തലപ്പാവും നല്കി സ്വീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒത്തുകളിയിലൂടെ ഭരണം പങ്കിട്ടെടുക്കുന്ന സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും തുറന്നുകാണിച്ചാണ് പ്രസംഗം ആരംഭിച്ചത്. അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായി സിപിഎം മാറി. സിപിഎമ്മിന്റെ വാളിനിരയാകാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയും കേരളത്തില്‍ ഇല്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘട്ടനത്തിലൂടെ രക്തത്തുള്ളികള്‍ ഇറ്റിറ്റു വീഴണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും സംഘടിത വോട്ട് ബാങ്കിന് വേണ്ടി മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് മത വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ആവേശോജ്വലമായ സ്വീകരണങ്ങളേറ്റുവാങ്ങിയ ശേഷം രാത്രി 8.30 ഓടെ പത്തനാപുരത്തേക്ക് വിമോചനയാത്ര യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: