പെരിന്തല്‍മണ്ണ: ഒരുകൂട്ടം സുമനസുകളുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഫലപ്രാപ്തിയിലെത്തിയിട്ട് നാളെ ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. പെരിന്തല്‍മണ്ണയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ അനുഭവിക്കുന്ന ദുരിതകഥകള്‍ 2008ല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും സംഭവത്തിന് സാമൂഹിക മാനങ്ങള്‍ കൈവരുകയും ചെയ്ത പശ്ചാത്തലത്തില്‍ അവരുടെ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിതമായ ”സായി സ്നേഹതീരം ” എന്ന സംഘടനയാണ് സേവനചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കുന്നത്.
അധികാരികളില്‍ നിന്ന് അവഗണന മാത്രം നേരിട്ട ഈ അധസ്ഥിത വര്‍ഗ്ഗത്തെ ഉദ്ധരിക്കാന്‍ സത്യസായി സേവാസംഘടനയിലെ പ്രവര്‍ത്തകര്‍ സ്വയം തയ്യാറാവുകയും സമാനമനസ്ക്കരോട് ഈ വിഷയം പങ്കുവെക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലായിരുന്നു ‘സായി സ്നേഹതീരത്തിന്റെ’ പിറവി. ഗോത്രവിഭാഗത്തിന്റെ ഉദ്ധാരണത്തിന് അത്യന്താപേക്ഷിതമായി വേണ്ടത് ”വിദ്യാഭ്യാസം നല്‍കുകയാണെന്ന് ” മനസിലാക്കിയ സ്നേഹതീരം പ്രവര്‍ത്തകര്‍ അതിനുള്ള നടപടികള്‍ ആരംഭിക്കുകയും 2009ല്‍ പെരിന്തല്‍മണ്ണ ടൗണില്‍ അളയക്കാട് ക്ഷേത്രത്തിനടുത്ത് രണ്ട് ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയും ചെയ്തു.15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമായി 25 കുട്ടികളെ ആ വര്‍ഷം ഏറ്റെടുക്കുകയും അടുത്തുള്ള സ്കൂളുകളില്‍ ചേര്‍ക്കുകയും ചെയ്തു. ”സായി സ്നേഹതീരം” എന്ന് നാമകരണം ചെയ്ത ഈ പദ്ധതി 2010 ജൂലൈ മാസത്തില്‍ സൊസൈറ്റി രജിസ്ട്രേഷന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. 2012 ആയപ്പോഴേക്ക് 55 സെന്റ് വിസ്തീര്‍ണ്ണമുള്ള രണ്ട് സ്ഥലങ്ങള്‍ സ്ഥാപനത്തിന്റെ പേരില്‍ വാങ്ങുകയും 2013ല്‍ അവിടെ ഹോസ്റ്റലുകള്‍ പണിയാനും പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സ്വന്തമായി കെട്ടിടങ്ങള്‍ കൈവന്ന പശ്ചാത്തലത്തില്‍ 2014 ഫെബ്രുവരിയില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരവും സായി സ്നേഹതീരത്തിന് ലഭിച്ചു.
25 കുട്ടികളുമായി ആരംഭിച്ച ഹോസ്റ്റലിലെ അംഗസംഖ്യ ഇപ്പോള്‍ 50ല്‍ എത്തിനില്‍ക്കുന്നു. 29 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളും ഇവിടെ താമസിച്ച് പഠിക്കുന്നു. ഇവരില്‍ 46 പേര് എസ്ടി വിഭാഗത്തിലും 3 പേര് എസ്സി വിഭാഗത്തിലും ഒരാള്‍ പിന്നോക്ക വിഭാഗത്തിലുപ്പെട്ട കുട്ടികളാണ്. ഇതുവരെ ഇവിടെ താമസിച്ച് പഠിച്ച കുട്ടികളില്‍ ആറുപേര്‍ എസ്എസ്എല്‍സി പരീക്ഷയും രണ്ടുപേര്‍ പ്ലസ്ടു പരീക്ഷയും മികച്ച മാര്‍ക്കോടെ വിജയിച്ചത് സായി സ്നേഹതീരത്തിന് അഭിമാനിക്കാന്‍ വക നല്കി. കേരളത്തിലെ ശ്രീസത്യസായി സംഘടനയുടെ അനുബന്ധ സ്ഥാപനമാണ് സായി സ്നേഹതീരമെങ്കിലും, നാട്ടിലെ നാനാജാതി മതസ്ഥരുടെ നിര്‍ലോഭമായ സഹകരണം സ്ഥാപനത്തിനു ലഭിക്കുന്നുണ്ടെന്ന് സായി സ്നേഹതീരം വൈസ് പ്രസിഡന്റ് കെ.ആര്.രവി ജന്മഭൂമിയോട് പറഞ്ഞു.
സായി സ്നേഹതീരം ഏഴാമത് വാര്‍ഷിക ആഘോഷങ്ങള്‍ നാളെ രാവിലെ 10 മണി മുതല്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ നടക്കും. രാവിലെ 10 മണിക്ക് രക്ഷാകര്‍തൃ സംഗമം നടക്കും. 11.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സത്യസായിസേവാ സംഘടന ജില്ലാ പ്രസിഡന്റ് കെ.ശിവശങ്കരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കലക്ടര്‍ ടി.ഭാസ്കരന് മുഖ്യാതിഥിയാകും. നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്യും. സെക്രട്ടറി കെ.എസ്.ബോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: