പത്തനാപുരം: പിറവന്തൂര്‍ കമുകുംചേരിയില്‍ മൂന്നുവയസ്സുകാരനുള്‍പ്പെടെ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കമുകുംചേരി വരിക്കോലില്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പുത്തന്‍ വിളയില്‍ സരസ്വതിയമ്മ(58), മരുമകള്‍ സുനിത(25), കൊച്ചുമകന്‍ ആദിത്യന്‍(3) എന്നിവരെയാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്കുള്‍പ്പെടെ ശരീരമാസകലം പേപ്പട്ടിയുടെ കടിയേറ്റ ഇവര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. പ്രദേശത്ത് നിരവധി നാളുകളായി പേപ്പട്ടിയുടെയും തെരുവ് നായ്‌ക്കളുടെയും ശല്യം പതിവാണ്. എന്നാല്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
















