ചാത്തന്നൂര്‍: ആളില്ലാക്കസേരകളുമായി വി.എം.സുധീരന് ചാത്തന്നൂരില്‍ വരവേല്‍പ്പ്. കൊട്ടിഘോഷിച്ചുകൊണ്ട് ചാത്തന്നൂരില്‍ എത്തിയ ജനരക്ഷായാത്രയെ വരവേറ്റത് ആളില്ലാത്ത കസേരകളായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധു കൂടിയായ ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് സമ്മേളന സ്ഥലത്ത് എത്തിയതുമില്ല. ഓരോ മണ്ഡലം കമ്മിറ്റികളില്‍ നിന്നും എത്തിയത് നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രം. എ വിഭാഗത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ബിന്ദുകൃഷണയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വാഗതസംഘം പൂര്‍ണമായും കൈയടക്കിയതായി എ വിഭാഗം ആരോപിക്കുന്നു. നിയോജകമണ്ഡലത്തില്‍ ഏത് യോഗമായാലും ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്ന മുതിര്‍ന്ന നേതാവ് സി.വി.പത്മരാജനെ പൂര്‍ണ്ണമായും അവഗണിച്ചു. സ്‌റ്റേജില്‍ ഉണ്ടായിരുന്ന ചാത്തന്നൂരിലെ മുന്‍ എംഎല്‍എ കൂടിയായ പ്രതാപവര്‍മ്മ തബാനെ പ്രസംഗിക്കാന്‍ പോലും ക്ഷണിക്കാതെ അപമാനിച്ചു. വരുന്ന നിയമാസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ സീറ്റിനു വേണ്ടിയുള്ള നീക്കമാണ് ബിന്ദുകൃഷ്ണയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് എന്നും ഒരു വിഭാഗം ആരോപിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സീറ്റുമോഹികളുടെ സംഗമവേദിയായി യോഗം മാറി. പ്രദേശത്ത് താമസക്കാരനായ കെപിസിസി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ഉണ്ണിത്താന്‍ തുടങ്ങി അര ഡസനോളം സീറ്റുമോഹികള്‍ വേദി കയ്യടക്കിയിരുന്നു.
















