പാലക്കാട്: കുടില്‍വ്യവസായ നിര്‍മ്മാണത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുമ്പോഴും പ്രതികള്‍ക്കായി പോലീസ് ഇരുട്ടില്‍ തപ്പുന്നു. വീട്ടിലിരുന്ന് മെഴുകുതിരികള്‍ നിര്‍മിച്ച് നല്ല വരുമാനമുണ്ടാക്കാമെന്നും മെഴുകുതിരികള്‍ കൃത്യമായി തിരിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് ചില ഏജന്‍സികള്‍ നടത്തുന്ന തട്ടിപ്പുകള്‍ ജില്ലയില്‍ വ്യാപകം. മെഴുകുതിരി നിര്‍മാണം പഠിപ്പിക്കുവാനും അച്ചുകള്ക്കുമായി പതിനായിരത്തിലേറെ രൂപയാണ് ഇവര്‍ ഉപഭോക്താക്കളില്‍നിന്നും ഈടാക്കുന്നത്.
ഒരു മണിക്കൂര്‍ നേരത്തെ പരിശീലനത്തിനുശേഷം അച്ചുകള്‍ നല്‍കുകയും ഗുണനിലവാരം കുറഞ്ഞ മെഴുകു നല്‍കുകയും ചെയ്യുന്നു. ഇതിനുശേഷം മെഴുകുതിരി ഉണ്ടാക്കി തിരിച്ചു നല്കാന് ശ്രമിക്കുമ്പോള്‍ ഇവര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. പാലക്കാട് ജില്ലയില്‍ ഒട്ടേറെ കുടുംബശ്രീ യൂണിറ്റുകളും വ്യക്തികളും ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കുടുങ്ങിയിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ പോലീസില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവരുടെ പേരില്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒരു ഡസനിലേറെ സംഘങ്ങളാണ് ജില്ലയില്‍ ഇത്തരത്തില്‍ മെഴുകുതിരിയുടെയും മറ്റും നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. മെഴുകുതിരിക്കു പുറമെ ബള്‍ബുകളും, കൂണും ഉല്പാദിപ്പിക്കുന്നതിലൂടെ മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന അവകാശവാദമാണ് ജനങ്ങളെ കുടുക്കുന്നത്. വീട്ടമ്മാര്‍ക്കും ആരോഗ്യപ്രശ്നമുള്ള പുരുഷന്മാര്ക്കുമെല്ലാം കാര്യമായ അദ്ധ്വാനമില്ലാതെ വന്‍ വരുമാനം ലഭിക്കുമെന്ന് വിശ്വസിച്ച് ദിവസവും നൂറ് കണക്കിനാളുകള്‍ ഇവരുടെ ചതിയില്‍പ്പെടുന്നു.
ആയിരം രൂപയ്ക്ക് താഴെ വിലയുള്ള മെഴുകുതിരി അച്ചിന് പതിനായിരം രൂപ വരെ ഇവര്‍ വില ഈടാക്കുന്നു. അതുപോലെകാര്യമായി ചെലവൊന്നുമില്ലാതെ ലഭിക്കുന്ന കൂണ്‍കൃഷി പരിശീലനത്തിനും പതിനായിരത്തിലേറെ രൂപയാണ് ഇവര്‍ ഫീസിനത്തില്‍ വാങ്ങുന്നത്. കൃഷി വകുപ്പ് 110 പേരടങ്ങുന്ന സംഘത്തിന് സൗജന്യമായാണ് കൂണ്‍കൃഷി പരിശീലനം നടത്തുക.
മെഴുകുതിരി, കൂണ്, ബള്‍ബുകള്‍ എന്നിവ ഉല്പാദിപ്പിച്ച ഇവ വിറ്റഴിക്കാന്‍ പാടുപെടുകയാണ് ഇവരുടെ വലയിലകപ്പെട്ടവര്‍ . വിപണിയില്‍ മെഴുകുതിരിക്ക് വലിയ ഡിമാന്റില്ലെങ്കിലും കൂണും, ബള്‍ബുകളും ഉല്പാദിപ്പിച്ച ശേഷം കടകളും വീടുകളും കയറിയിറങ്ങി വില്‍ക്കേണ്ട ഗതികേടിലാണ് പരസ്യം കണ്ടിറങ്ങുന്നവര്‍. ഇതേതുടര്‍ന്ന് പരിശീലനം ലഭിച്ചവരാകട്ടെ ഏതാനും ദിവസങ്ങള്‍ക്കകം ഈ ഏര്‍പ്പാട് നിര്‍ത്തുകയും ചെയ്യുന്നു. മാസങ്ങള്‍ക്കുശേഷം തട്ടിപ്പ് മനസിലായിവരുമ്പോഴേക്കും നല്ലൊരു വരുമാനം പ്രതീക്ഷിച്ചവരില്നിന്നും നഷ്ടപ്പെട്ടിട്ടുണ്ടാകും.
സംസ്ഥാനത്ത് ഇത്തരം ബിസിനസ്സുകള്‍ക്ക് നിയമങ്ങളും അനുകൂലമാണെന്നിരിക്കെ തമിഴ്നാടില്‍നിന്നുള്ള സംഘങ്ങളും ഇത്തരം തട്ടിപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. തമിഴ്നാടില്‍ നിന്നുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നില്‍. വന്‍കിട പത്രങ്ങളിലെ ക്ലാസിഫൈഡില് പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.
സാധാരണക്കാരും നിരക്ഷരരുമായ വീട്ടമ്മമാരും മറ്റു വരുമാനം മോഹിച്ചിറങ്ങി മാനനഷ്ടത്തിനു പുറമെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: