ഗുണ്ട സംഘത്തിന്റെ അക്രമത്തില്‍ മരിച്ച വിനോദിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍
നെടുമങ്ങാട്: പരോപകാരം ചെയ്യാനിറങ്ങി കൊല കത്തിക്കിരയായ യുവാവിന്റെ മൃതദേഹം ഇന്നലെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആമ്പുലന്‍സ് വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് നെടുമങ്ങാട് എത്തിച്ചേര്‍ന്നത്. വിനോദിന്റെ മൃതദേഹം കാണാന്‍ ഓരോകവലയിലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ കാത്തുനിന്നു. കച്ചേരി ജംഗ്ഷന്‍, പാളയം ജംഗ്ഷന്‍, വാണ്ട, പനച്ചമൂട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുശേഷം സ്വവസതിയിലെത്തിച്ചു. പണിതീരാത്ത വീടിന്റെ മുന്നിലേക്കു കിടത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും വാവിട്ട് കരഞ്ഞു.
ഞായറാഴ്ച രാത്രി നെടുമങ്ങാട് നഗരത്തില്‍ അഴിഞ്ഞാടിയ കുളവിക്കോണത്തെ ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിലാണ് പനച്ചമൂട് മഞ്ജു ഭവനില്‍ റാഫി-ശ്രീകുമാരി ദമ്പതികളുടെ മകന്‍ വിനോദ് (27) കുത്തേറ്റ് മരിച്ചത്. മദ്യലഹരിയില്‍ കയ്യിലെ മുറിവില്‍ നിന്ന് അമിതമായി ചോരവാര്‍ന്ന് പോകുന്നത് ശ്രദ്ധിക്കാതെ നിന്നയാളെ ആശുപത്രിയിലെത്തിക്കാനുള്ള പരോപകാരം ചെയ്യാന്‍ നടത്തിയ ശ്രമമാണ് വിനോദെന്ന ഇരുപത്തേഴുകാരന്റെ ജീവനെടുത്തത്. വിനോദിന്റെ മൂന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നു പേരുടെയും വയറ്റില്‍ ആഴത്തിലുള്ള മുറിവാണുണ്ടായത്.
വന്‍കുടലില്‍ ദ്വാരംവീണതിനാല്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ മൂന്നു പേര്‍ക്കും അടിയന്തര ശസത്രക്രിയ നടത്തി. മൂന്നു പേരും അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ വിനോദിന് ചെവ്വാഴ്ച രാവിലെ ശസത്രക്രിയ നടത്താമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. പുലര്‍ച്ചെ ആറു മണിയോടെ വിനോദ് മരണപ്പെടുകയായിരുന്നു. ബിനു, വിനീത് എന്നിവര്‍ സഹോദരങ്ങളാണ്. ആക്രമണത്തില്‍ പരിക്കേറ്റ കൊല്ലങ്കാവ് സ്വദേശികളായ അനസ്, ഷാനവാസ്, പൂവത്തൂര്‍സ്വദേശി സാഗര്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
സ്വകാര്യവാഹനത്തിന്റെ ഡ്രൈവറായിരുന്ന വിനോദ് നിര്‍ധന കുടുംബത്തിലെ അംഗമാണ്. വിനോദിന്റെ മരണവും സുഹൃത്തുക്കള്‍ക്കുണ്ടായ ദുരന്തവും പനച്ചമൂട് ഗ്രാമത്തെയാകെ തളര്‍ത്തി. വിനോദിന്റെ മരണത്തിനുത്തരവാദികളായ അഞ്ച് പേര്‍ നെടുമങ്ങാട് പോലീസിന്റെ പിടിയിലായതായാണ് സൂചന. കുളവിക്കോണം സ്വദേശികളായ കണ്ണന്‍, ശരത്, രജിത്, ഷിബു, പനയമുട്ടം സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്. കുളവിക്കോണത്തെ ഗുണ്ടാസംഘത്തിന്റെ തലവന്‍ സി സി പ്രശാന്തും കാട്ടുണ്ണിയെന്നറിയപ്പെടുന്ന ഉണ്ണിയും ഒളിവിലാണ്. വിനോദ് ഉള്‍പ്പടെ നാല് പേരെയും കുത്തിയത് കൊല്ലം കൊട്ടാരക്കര സ്വദേശി കാട്ടുണ്ണിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കാട്ടുണ്ണിയും കൂട്ടാളികളും കുളവിക്കോണത്തെ ഗുണ്ട സംഘത്തോടൊപ്പം എത്തുക പതിവായിരുന്നു. നെടുമങ്ങാട് പ്രദേശത്തും എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കി മുങ്ങിക്കളയുകയാണ് പതിവ്. ക്ഷേത്ര പൂജാരിയുടെ കാല് തല്ലിയൊടിച്ചത്, വീടുകയറി അക്രമം, മോഷണം ഉള്‍പ്പടെ നിരവധി കേസിലെ പ്രതികളാണ് സിസി പ്രശാന്തിന്റെ സംഘമെന്ന് പോലീസ് പറഞ്ഞു.
















