നെന്മണി വനിതാസംഘത്തിന്റെ കൊയ്‌ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ.പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വെഞ്ഞാറമൂട്: ആലിയാട് മൂഴിയില്‍ ഏലായില്‍ വിളഞ്ഞ പവിഴം നെല്‍മണികള്‍ നെന്മണി വനിതാ സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍ വിളവെടുത്തു. മൂന്ന് തവണ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചെങ്കിലും സംഘാംഗങ്ങളുടെ പതറാത്ത മനസ്സിനും അധ്വാനത്തിനും മുന്നില്‍ ആറേക്കര്‍ കതിരണിഞ്ഞു.
110 ദിവസം കൊണ്ട് വിളവെടുക്കാന്‍കഴിയുന്ന ‘പവിഴം’ ഇനം വിത്താണ് നെല്‍കൃഷിക്ക് ഉപയോഗിച്ചത്. ജൈവവളവും ജൈവ കീടാനാശിനിയും ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിലായിരുന്നു കൃഷി. യന്ത്രവത്കരണം പൂര്‍ണമായും ഒഴിവാക്കി. മൂന്നുതവണ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചുവെങ്കിലും വീണ്ടും കൃഷി ഇറക്കുകയായിരുന്നു. 13 അംഗ സംഘം മാണിക്കല്‍ പഞ്ചായത്തിലെ വാവുക്കോണം ഏലായിലും വലിയ കട്ടക്കാല്‍ ഏലായിലുമായി ആറേക്കര്‍ പ്രദേശത്താണ് കൃഷിയിറക്കിയിരിക്കുന്നത്.
നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍ നിര്‍വഹിച്ചു. ആദ്യം പാകമായ വാവുക്കോണം ഏലായിലെ വിളവെടുപ്പ് ഉദ്ഘാടനമാണ് പ്രസിഡന്റ് നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്തംഗം വൈ.വി. ശോഭകുമാര്‍, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കലാകുമാരി, ചന്ദ്രിക, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, വൈസ്പ്രസിഡന്റ് കെ. ജയന്‍, അംഗങ്ങളായ സദാശിവന്‍നായര്‍, ലേഖാകുമാരി, ശാന്തകുമാരി, വിജയകുമാര്‍, കൃഷിഓഫീസര്‍ ഇന്ദു, സംഘാംഗങ്ങള്‍ എന്നിവര്‍ കൊയ്‌ത്തുത്സവത്തില്‍ പങ്കാളികളായി.
















