കല്‍പ്പറ്റ: സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവരാണ് ജനരക്ഷായാത്രയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന സിവില്‍ സ്റ്റേഷന് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദേഹം. യുഡിഎഫില്‍ നിന്നും എം.എല്‍.എമാര്‍ രാജിവെച്ചുകൊണ്ടിരിക്കുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രിമാരും രാജിവെക്കുന്നു.
സരിതയുടെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രിയുടെ സ്ഥിതിയും പരിങ്ങലിലാണ്. മണ്ണിനും പെണ്ണിനും വേണ്ടി തമ്മിലടിക്കുന്നവരുടെ പാര്‍ട്ടിയായി മാറി യുഡിഎഫ്. ദിവസവും കോടികളുടെ അഴിമതി കഥകളാണ് പുറത്തുവരുന്നത്.ഏത് വെല്ലുവിളികളും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സരിതയുടെ പുതിയ വെളിപ്പെടുത്തലോടെ പരിങ്ങലിലായിരിക്കുന്നു. കേരളം കണ്ട ഏറ്റവും വൃത്തിക്കെട്ട രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് കേരളത്തില്‍ ഉള്ളതെന്നും അദേഹം പറഞ്ഞു.കേരളത്തിന്റെ പൊതുസമൂഹത്തിനു തന്നെ ബാധ്യതയായ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം.
പ്രതിപക്ഷമായ ഇടതുപക്ഷമോ തെക്കും വടക്കും യാത്രകളുമായി ചുറ്റി തിരിയുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പോലും പറയാന്‍ ഇന്ന് ഇടതുപക്ഷത്തിനാവില്ല. ലാവലിന്‍ അഴിമതി കഥകള്‍ പിണറായിയെ തുറിച്ചുനോക്കുന്നു. ഇക്കാരണത്താലാണ് കേരളത്തില്‍ മൂന്നാം ബദല്‍ ആവശ്യവുമായി ബിജെപിരംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയെ കേരള ജനത ഇരു കൈകളും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. നിയമസഭ തെരഞ്ഞെടുപ്പ്കഴിയുന്നതോടെ കോണ്‍ഗ്രസ്സ് എന്ന പ്ര്സ്ഥാനം കേരളത്തില്‍ ഇല്ലാതാവും. ബിജെപിക്ക് അനുകൂലാമായ കാലാവസ്ഥയാണ് ഇന്നുള്ളതെന്നും സജി ശങ്കര്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ടി.എം സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ആര്. രാജീവ്, ജിതിന് ഭാനു, അജയന്, രാജമോഹന്‍, പ്രശാന്ത് മലവയല്‍, പി.വി ന്യട്ടന്ആരോട രാമചന്ദ്രന്, കണ്ണന് കണിയാരം എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: