പത്തനംതിട്ട: സ്കൂള്‍ കുട്ടികളില്‍ മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും ഉപയോഗം വര്‍ദ്ധിക്കുന്നു. സ്കൂള്‍ പരിസരങ്ങളില്‍ ഇവ വില്‍ക്കുന്ന ആളുകളെ ദിനംപ്രതി പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് പറയുമ്പോഴും കുട്ടികളില്‍ ഇവയുടെ ലഭ്യത കുറയുന്നില്ല. സ്കൂള്‍ ക്യാമ്പസുകള്‍ക്ക് പുറത്ത് ബിയര്‍-വൈന്‍ പാര്‍ലറുകളിലും യൂണിഫോം ധാരികളായ വിദ്യാര്‍ത്ഥികളെ സ്ഥിരമായി കാണുന്ന കാഴ്ചകളാണ് പലയിടത്തുമുള്ളത്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ നിന്നും പഠന സമയങ്ങളില്‍ അപ്രത്യക്ഷമാകുന്നത് കണ്ടെത്താനോ രക്ഷിതാക്കളെ വിവരം ധരിപ്പിക്കാനോ അദ്ധ്യാപകര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്കൂള്‍ പഠന സമയങ്ങളില്‍ ക്ലാസുകളില്‍ ഹാജരാകാതിരിക്കുന്ന കുട്ടികളെപ്പറ്റി രക്ഷിതാക്കള്‍ വിവരം ലഭ്യമാക്കാന്‍ തദ്ദേശ സ്വരംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് പറയുമ്പോഴും ക്ലാസ് സമയങ്ങളില്‍ പുറത്ത് വിഹരിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളില്‍ പോലും വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുകളില്‍ നിന്നും സിറിഞ്ചും ലഹരിമരുന്നും കണ്ടുവരുന്നതായും അദ്ധ്യാപകര്‍ പറയുന്നു.
കൂട്ടം കൂടി ലഹരിമരുന്നുകളും മയക്കുമരുന്നും പങ്കിട്ട് കഴിക്കുന്ന വിദ്യാര്‍ത്ഥികളും ക്ലാസുകളിലുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ധ്യാപകരും പറയുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ പല രക്ഷിതാക്കളും അദ്ധ്യാപകരോട് മോശമായി പെരുമാറുന്നതായും അദ്ധ്യാപകര്‍ പറയുന്നുണ്ട്. ക്ലാസ് സമയങ്ങളില്‍ കൂട്ടുകാരുമൊത്ത് നദീ തീരത്തും മറ്റും ഉല്ലാസം പങ്കിടുന്ന വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെടുന്നതും പതിവാണ്.
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങളായ സിഗരറ്റ്, പാന്‍മസാല, കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ എന്നിവ വില്ക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഈ നടപടി ഫലപ്രാപ്തിയിലെത്തുന്നില്ലെന്നാണ് അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ ദൈനംദിന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 മെയ് മാസം അവസാനത്തോടുകൂടിയാണ് സ്കൂള്‍ പരിസഹരങ്ങളിലെ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങിയത്. ഇതുവരെ 12650 പേരെ സംസ്ഥാനത്തൊട്ടാകെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 13031 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയും 47291 റെയ്ഡുകള്‍ നടത്തുകയും ചെയ്തതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: