കല്പറ്റ: ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സില്‍ ഇന്ത്യയ്ക്കും അംഗത്വം ലഭിക്കുന്നതിനു കളമൊരുങ്ങി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ് ഇന്ത്യയില്‍ ആദ്യമായി വയനാട്ടിലെ അമ്പലവയലില്‍ സംഘടിപ്പിച്ച ചതുര്‍ദിന അന്താരാഷ്ട്ര സിംപോസിയമാണ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂഴേസ് അസോസിയേഷനിലേക്കുള്ള വാതില്‍ ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത്. അസോസിയേഷനില്‍ അംഗത്വം ലഭിക്കുന്നത് ഭാരതത്തില്‍നിന്നുള്ള പൂക്കള്‍, പഴവര്‍ഗങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയുടെ കയറ്റുമതി ഗണ്യമായി വര്‍ധിക്കുന്നതിനു ഇടവരുത്തുമെന്നാണ് വിലയിരുത്തല്‍.
കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന മൂന്നാമത് പുഷ്പോത്സവത്തോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സിംപോസിയം. പ്രൊഡ്യുസേഴ്സ് അസോസിയേഷന് സെക്രട്ടറി ടിം ബ്രയര്‍ ക്ലിഫേ(യു.കെ.), മെമ്പറും ബല്‍ജിയം സര്‍വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ വിഭാഗം മേധാവിയുമായ ഗര്‍ട്ട് ട്രോണിംഗ് എന്നിവര്‍ സിംപോസിയത്തില്‍ ആദ്യന്തം പങ്കെടുക്കുന്നുണ്ട്. ഇത് അസോസിയേഷനില്‍ വൈകാതെ ഇന്ത്യയും ഇടംപിടിക്കുന്നതിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കേരള കാര്‍ഷിക സര്‍വകലാശാല അധികൃതര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ഹോര്‍ട്ടികള്‍ച്ചറല്‍ ശാസ്ത്രജ്ഞരും ഗവേഷക വിദ്യാര്‍ഥികളുമടക്കം 50 പേരാണ് സിംപോസിയത്തിനായി അമ്പലവയലില്‍ ഒത്തുകൂടിയിരിക്കുന്നത്. ഇന്ത്യയില്‍ കളളിച്ചെടികളുടെ ഉല്പാദന, വിപണന സാധ്യതകളാണ് സിംപോസിയം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. വയനാടിന്റെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ പൂക്കളുടേയും കള്ളിച്ചെടിയുടെയും ഉല്പദനത്തിനും വിപണനത്തിനും വലിയ സാധ്യതയുണ്ടെന്നാണ് ടിം ബ്രയര്‍ ക്ലിഫേ, ഗര്‍ട്ട് ട്രോണിംഗ്, ഐ.എസ്.എച്ച്.എസ്. പ്രതിനിധി ഡോ.ശിശിര്‍.കെ.മിത്ര,നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.കെ.സിംഗ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതെന്ന് മേഖലാ ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സ്മിത രവി, പി.സി.റജീഷ് എന്നിവര്‍ പറഞ്ഞു.
1948ല്‍ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി നിലവില്‍വന്നതാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ്. അലങ്കാരവൃക്ഷങ്ങള്‍, സസ്യങ്ങള്‍, പൂക്കള്‍ എന്നിവയുടെ ആഗോള ഡിമാന്‍ഡിന്റെ ഉത്തേജനം, വ്യാവസായിക താത്പര്യങ്ങളുടെ സംരക്ഷണം, വിജ്ഞാനവ്യാപനം എന്നിവ അസോസിയേഷന്റെ മുഖ്യലക്ഷ്യങ്ങളാണ്. നെതര്‍ലാന്‍ഡ്സ്, ജര്‍മനി, ബെല്‍ജിയം, യു.കെ.ഫിന്‍ലാന്‍ഡ്, ഡന്മാര്ക്ക്, ഹംഗറി, ചെക് റിപ്പബ്ലിക്, സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ഓസ്ട്രേലിയ, ചൈന, തായ്ലന്ഡ്, ഇന്‍ഡോനേഷ്യ, ജപ്പാന്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് നിലവില്‍ അസോസിയേഷനില്‍ അംഗത്വമുണ്ട്.
ലോകത്ത് ഏറ്റവുമധികം പഴവര്‍ഗങ്ങള്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ പഴവര്‍ഗങ്ങളുടെ ആഗോള കയറ്റുമതിയില്‍ 0.6 ശതമാനം മാത്രമാണ് രാജ്യത്തിന്റെ വിഹിതം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഇടം ലഭിക്കുന്നതോടെ ഈ അവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ് ഡിവിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ടി.ജാനകിറാം പറഞ്ഞു.
കള്ളിച്ചെടികളുടെ പ്രദര്‍ശനവും സിംപോസിയത്തിന്റെ ഭാഗമാണ്. പുഷ്പോത്സവനഗരിയിലേക്കുള്ള പ്രവേശനകവാടത്തോടുചേര്‍ന്നുന്ന ഹാളില്‍ 500ല്‍പരം ഇനങ്ങളിലായി 4000 കള്ളിച്ചെടികളാണ് പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നത്.
കീടങ്ങളെ കുടുക്കിലാക്കി ആഹരിക്കാന്‍ ശേഷിയുള്ള(ഇന്‍സക്ടിവോറസ്) നെപ്പന്തസ് കുടുംബത്തില്‍പ്പെട്ടതടക്കം ചെറുതും വലുതും മനോഹരങ്ങളുമായ കള്ളിച്ചെടികള്‍ പുഷ്പോത്സവം ആസ്വദിക്കാനെത്തുന്നവരുടെ മണിക്കൂറുകളാണ് അപഹരിക്കുന്നത്.
വയനാടന്‍ വനങ്ങളില്‍നിന്നു ശേഖരിച്ചതാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന കള്ളിച്ചെടികളില്‍ കുറെ. ഊട്ടി, ബംഗളൂരു, സിംക്കിം എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്നതാണ് ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: