തിരൂര്‍: മനുഷ്യരോട് സ്നേഹമില്ലാത്ത, അവര്‍ക്കുവേണ്ടി ജീവിക്കാത്തയാള്‍ക്ക് നല്ല സംവിധായകനോ എഴുത്തുകാരനോ ആവാന്‍ കഴിയില്ലെന്ന് നടന് മധു അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സമഗ്രസംഭാവനയ്ക്കുള്ള ദര്‍ശിനി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് മലയാളസിനിമ വളരെ ശക്തമാണ്. പുതിയ സംവിധായകര്‍ സിനിമ പഠിച്ചവരാണ്. ഭൂതകാലത്തിന്റെ അനുഭവവും കൂടി സ്വാംശീകരിക്കുമ്പോള്‍ മാധ്യമം ശക്തിയുള്ളതായി മാറുന്നു. ഒപ്പം പ്രേക്ഷകനും മാറേണ്ടതുണ്ട്. എല്ലാ സിനിമകളും പാഠപുസ്തകങ്ങളായി കാണാന്‍ പ്രേക്ഷകന് കഴിയണം. പ്രേക്ഷകനെ സ്നേഹിക്കാത്ത നിര്‍മാതാവിന് ഭാവിയില്ല. ചലച്ചിത്രകാരന് മനുഷ്യരോടും പ്രേക്ഷകരോടും സ്നേഹവും ബഹുമാനവും ഉണ്ടായിരിക്കണം. ചലച്ചിത്രകാരനായാലും നടനായാലും ചുറ്റുപാടുകളെയും സമൂഹത്തെയും അറിഞ്ഞിരിക്കണം. ചുറ്റുപാടുകളെ നിരീക്ഷിക്കാന്‍ കഴിയണം.
സിനിമയെപ്പോലെയും നാടകത്തെപ്പോലെയും പ്രേക്ഷകനെ ഒപ്പം ആനയിക്കാന്‍ കഴിയുന്ന ശക്തമായ മറ്റൊരു മാധ്യമമില്ലെന്ന് മധു പറഞ്ഞു. ശബ്ദത്തോടും രൂപത്തോടുംകൂടി കഥാപാത്രങ്ങള്‍ മുന്നില്‍ വരുന്ന മാധ്യമമാണത്. സിനിമ കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമുക്കിനിയും സിനിമ പഠിക്കാന്‍ നല്ലൊരു ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടായിട്ടില്ല. ഭാവിയില്‍ ലൈബ്രറികളില്‍ പുസ്തകങ്ങള്‍ക്ക് പകരം ഡി.വി.ഡികള്‍ നിറയുന്ന കാലംവരും.
സിനിമ വഴിതെറ്റിക്കുന്നതാണെന്നു വിശ്വസിക്കുന്ന കാലത്തുനിന്നാണ് തന്നെപ്പോലുള്ളവര്‍ വളര്‍ന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഇമേജില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. ഇമേജില്‍ അകപ്പെട്ടുപോകുന്ന നടന് തന്റെ കഴിവുകള്‍ വിനിയോഗിക്കാനാവില്ല. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ചെയ്യേണ്ടിവരും. പ്രേംനസീര്‍ ഇമേജില്‍ അകപ്പെട്ടുപോയ നടനാണ്.
പുതിയ നടന്മാര് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കലാശാലയില്‍ നാലുദിവസമായി നടന്നുവരുന്ന ദര്‍ശിനി അന്താരാഷ്ട്രചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. 1962ല്‍ ചലച്ചിത്രരംഗത്തെത്തിയ മധുവിന്റെ നടന്, സംവിധായകന്, നിര്‍മാതാവ് എന്നീ നിലകളിലുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം.
വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനത്തില്‍ മേളയിലെ മികച്ച മലയാളചിത്രത്തിനുള്ള ദര്‍ശിനി പുരസ്കാരം കളിയച്ഛന് എന്ന ചിത്രത്തിന്റെ സംവിധായകന് ഫാറൂഖ് അബ്ദുള്‍ റഹ്മാന് നടന് മധുവില്‍നിന്നും ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: