പത്തനംതിട്ട: രൂക്ഷമായ വരള്‍ച്ചാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കൂടിയ വികസന സമിതി യോഗം അംഗീകരിച്ചു. കെ.എസ്.ആര്.ടി.സിയില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികകള്‍ നികത്താന്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു. അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം എം.എല്‍.എമാരായ അഡ്വ.മാത്യു ടി.തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പടെ ജനപ്രതിനിധികള്‍ പിന്താങ്ങി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക നല്കി താല്‍ക്കാലിക കുടിവെള്ള വിതരണത്തിന് സംവിധാനമുണ്ടാക്കണം, പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം, കുഴല്‍ക്കിണറുകള്‍ നന്നാക്കണം, ജല, ഭൂഗര്‍ഭ വകുപ്പുകളുടെ പ്രവര്‍ത്തനം വരള്‍ച്ചാവേളയില്‍ കൂടുതല്‍ ഊര്‍ജിതമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ എം.എല്‍.എമാര്‍ ഉന്നയിച്ചു. വെള്ളം പമ്പുചെയ്യുന്ന പ്രദേശങ്ങളില്‍ കെട്ടിനില്‍ക്കാതെ ഒഴുക്ക് സുഗമമാക്കുന്നതിനും അണക്കെട്ടുകള്‍ തുറക്കുന്നതു സംബന്ധിച്ചും പ്രത്യേക യോഗം കൂടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പൈപ്പ് ലൈനുകള്‍ നീട്ടുന്നതിനും കുഴല്‍ക്കിണറുകള്‍ നന്നാക്കുന്നതിനും പുതിയവ കുഴിക്കുന്നതിനും ഊന്നല്‍ നല്‍കണമെന്ന് അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കരുവാറ്റ പൈപ്പ് ലൈന്‍ പണി ത്വരിതപ്പെടുത്തണം, അടൂര്‍ തോട്ടുവ, കൊടുമണ്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് താഴുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു.
തിരുവല്ല നഗരസഭാ പ്രദേശത്ത് ശുദ്ധജല വിതരണം തടസപ്പെടുന്നതിന് പരിഹാരം വേണം. ആഞ്ഞിലിമൂട് ഭാഗത്ത് കെ.എസ്.റ്റി.പി റോഡ് പണി നടക്കുമ്പോള്‍ ഒരാഴ്ചത്തേക്ക് ജലവിതരണം മുടങ്ങുമെന്നത് ആശങ്കയുണ്ടാക്കുന്നതായും വേനല്‍ക്കാലത്ത് ജലവിതരണം തടസപ്പെടുത്തരുതെന്നും മാത്യു ടി.തോമസ് എം.എല്‍.എ അറിയിച്ചു.
ഉപയോഗരഹിതമായ കുഴല്‍ കിണറുകള്‍ ഉപയോഗ്യമാക്കണം, കുഴിക്കാന്‍ അനുമതി ലഭിച്ച ഇടങ്ങളില്‍ കുഴല്‍ക്കിണറുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ രാജു ഏബ്രഹാം എം.എല്‍.എ ഉന്നയിച്ചു. പന്നിക്കുഴി പാലത്തിനു സമീപമുള്ള കുഴി ഗതാഗത തടസം സൃഷ്ടിക്കുന്നതും, പുതിയ പാലത്തിലൂടെ യാത്ര അപകടകരമാവുന്നതും പഴയ പാലം അടച്ചിട്ടിരിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മാത്യു ടി.തോമസ് എം.എല്‍.എ അറിയിച്ചു.
തിരുവല്ല മുത്തൂര്‍ അങ്കണവാടിക്ക് സമീപത്തെ എല്‍.പി സ്കൂളില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താന്‍ ഡി.പി.ഐയുടെ അനുവാദം ഉടന്‍ ലഭിക്കുമെന്ന് ആര്.ഡി.ഒ എം.എല്‍.എയെ അറിയിച്ചു. അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എക്സ്റേ പ്രവര്‍ത്തിക്കാത്തതും പുതിയ എച്ച്.എം.സി കൂടാന്‍ നടപടിയെടുക്കാത്തതും അന്വേഷിക്കണമെന്നും എം.എല്‍.എ അറിയിച്ചു. കൊടുമണ്‍ അങ്ങാടിക്കല്‍ പ്രദേശത്ത് കാട്ടുപന്നി ശല്യം തടയുന്നത് ഇനിയും അമാന്തിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കൊടുമണ്‍ പ്രദേശത്ത് പെട്ടിക്കടകളില്‍ അധികൃത മദ്യവില്‍പ്പന തടയുക, പള്ളിക്കലില്‍ അനധികൃതമായി മണ്ണ് എടുക്കുന്നത് തടയുക, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങള്‍ തടയുക, കെ.പി റോഡ് ചന്ദനപ്പള്ളി വളവില്‍ അപകട മേഖല ബോര്‍ഡും സിഗ്നല്‍ ലൈറ്റും സ്ഥാപിക്കുക, കെ.ഐ.പി കനാല്‍ കാടുപിടിച്ചിടത്ത് ഒഴുക്ക് സുഗമമാക്കുക, പന്തളം പി.എച്ച്.സിയില്‍ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുറക്കുക, നഗരസഭ കെട്ടിടത്തിനുള്ള സ്ഥലം കൈമാറ്റം നടപടി ത്വരിതപ്പെടുത്തുക എന്നിവയ്ക്കൊപ്പം ജലഅതോറിറ്റിയും മരാമത്തും റോഡ് പണികളില്‍ കൂടിയാലോചനകള്‍ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍, പന്തളം നഗരസഭാ വൈസ് ചെയര്മാന് ഡി. രവീന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: