ആലപ്പുഴ: 132 താളുകളില്‍ അച്ചടിച്ച ഒരു സ്‌കൂള്‍ മാഗസിന്‍. അതില്‍ പകുതിയിലേറെയും വര്‍ണതാളുകള്‍. ആലപ്പുഴ പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഇത്തരമൊരു മാഗസിന്‍ പ്രസിദ്ധീകരിച്ച് അത്യപൂര്‍വ്വമായ നേട്ടം കൈവരിച്ചത്. 1883ല്‍ സ്ഥാപിതമായ പനയക്കുളങ്ങര സ്‌കൂള്‍ എന്നുകൂടി അറിയപ്പെടുന്ന പറവൂര്‍ ഗവ. എച്ചഎസ്എസ്സിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണ് ഈ മാഗസിന്‍, മയൂഖം എന്നാണ് പേര്.
വൈവിദ്ധ്യപൂര്‍ണമായ ഉള്ളടക്കവും കുട്ടികളുടെ പങ്കാളിത്തവും മയൂഖത്തെ വേറിട്ടതാക്കുന്നു. 133 വര്‍ഷം നീളുന്ന വിദ്യാലയത്തിന്റെ സമ്പൂര്‍ണ ചരിത്രവും പ്രതിപക്ഷനേതാവും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ വി.എസ്. അച്യുതാനനന്ദനുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖവും മയൂഖത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. 85 വര്‍ഷം മുമ്പുള്ള സ്‌കൂള്‍ ജീവിതം അഭിമുഖത്തിലൂടെ വിഎസ് ഓര്‍മ്മിച്ചെടുക്കുന്നു.
ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ വ്യക്തികള്‍ നല്‍കിയ സന്ദേശങ്ങളും മയൂഖത്തിലുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, കെ.സി. വേണുഗോപാല്‍ എംപി, ജി. സുധാകരന്‍ എംഎല്‍എ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും രചനകള്‍ക്കു പുറമെ പ്രശസ്ത എഴുത്തുകാരായ കെ.കെ. സുധാകരന്‍, വേണു വാരിയത്ത് തുടങ്ങിയവരുടെ രചനകളുമുണ്ട്.
കുട്ടികള്‍ വരച്ച വര്‍ണാഭമായ ചിത്രങ്ങള്‍ക്കുപുറമെ പൊതുവിജ്ഞാന കുറിപ്പുകളും മയൂഖത്തെ ആകര്‍ഷകമാക്കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള തന്റെ ഓര്‍മ്മക്കുറിപ്പായ സ്മരണമണ്ഡലത്തില്‍ സ്‌കൂളിനെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ള ഏടുകളും ഏടുത്തുചേര്‍ത്തിട്ടുണ്ട്.
അദ്ധ്യാപകനും ചരിത്രഗ്രന്ഥകാരനുമായ വി. രാധാകൃഷ്ണനാണ് മയൂഖത്തിന്റെ ചീഫ് എഡിറ്റര്‍ ടി. കുഞ്ഞുമോന്‍, കെ. വിക്രമന്‍പിള്ള, ബൈജു ബാസ്റ്റിന്‍, വി.കെ. ഗീതാമണി, അമ്മിണിക്കുട്ടി, സോണിയ എ.ഡി, മിനിമോള്‍ വര്‍ഗീസ്, കല്‍പനാ നായര്‍ എന്നിവര്‍ പത്രാധിപ സമിതിയംഗങ്ങളായി പ്രവര്‍ത്തിച്ചു.
സ്‌കൂള്‍ അസംബ്ലിക്കിടെ നടന്ന ചടങ്ങില്‍ പ്രധാനാദ്ധ്യാപകനായ ടി. കുഞ്ഞുമോന്‍ സ്‌കൂള്‍ ലീഡര്‍ പ്രവീണ്‍ പ്രദീപിന് നല്‍കി മാഗസിന്‍ പ്രകാശിപ്പിച്ചു. എല്ലാവര്‍ഷവും മയൂഖം പ്രസിദ്ധപ്പെടുത്തുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
















