മേളത്തെ സംഗീതസാന്ദ്രമായ തലത്തിലേക്കു നയിക്കുവാന്‍ കുറുങ്കുഴല്‍കലാകാരന്മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മേളം നയിക്കുന്നത് ഉരുട്ടുചെണ്ടപ്രമാണിയാണെങ്കിലും അതിനോടൊപ്പം സ്ഥാനമാണ് കുറുങ്കുഴല്‍ പ്രമാണിക്കുമുള്ളത്. ക്ഷേത്രച്ചടങ്ങുകളില്‍ പ്രധാനപ്പെട്ട കുഴല്‍പറ്റിനും കുഴല്‍ അനിവാര്യമാണ്.
കഴിഞ്ഞ 25 വര്‍ഷമായി കുറുങ്കുഴല്‍ വാദന രംഗത്തുള്ള ശ്രദ്ധേയനായ യുവകലാകാരനാണ് പട്ടിക്കാട് അജി. പാരമ്പര്യമായി കൈവന്ന സംഗീതത്തിന്റെ അനുഭവസമ്പത്തുമായി ഈ കലാകാരന് മേളത്തെ സംഗീതവുമായി സമന്വയിപ്പിക്കുന്നതിന് നടത്തുന്ന പരീക്ഷണങ്ങള്‍ സ്വാഗതാര്‍ഹമാണ്.
തൃശൂരിനടുത്ത് പട്ടിക്കാട്, പാണഞ്ചേരി ദേശത്ത് മേലുവീട്ടില്‍ നാരായണന്‍നായരുടേയും രമയുടേയും മൂത്ത മകനായി 1978ല്‍ ജനനം. പതിമൂന്നാമത്തെ വയസ്സില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കുഴലിലെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്ത പഴോരു ഗോവിന്ദന് കുട്ടിനായരായിരുന്നു ആദ്യഗുരു. പ്രശസ്ത കുറുങ്കുഴല്‍ കലാകാരന്മാരായ കൊമ്പത്ത് കുട്ടന് പണിക്കര്‍, വെളപ്പായ നന്ദന് എന്നിവരില്‍ നിന്നും ഉപരിപഠനം. അരങ്ങേറ്റ വര്‍ഷം തന്നെ തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ കുറുങ്കുഴല്‍ വിഭാഗത്തിന്റെ പങ്കാളിയായി. അന്ന് ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി പല്ലാവൂര്‍ അപ്പുമാരാരായിരുന്നു. ഇപ്പോള്‍ ഇലഞ്ഞിത്തറ മേളത്തില്‍ അജിയുടെ സ്ഥാനം പ്രധാന കുറുങ്കുഴല്‍ കലാകാരന്മാര്‍ക്കരികിലാണ്.
കുറുങ്കുഴലില്‍ അജി പ്രമാണം ഏറ്റെടുത്തത് 14-ാമത്തെ വയസ്സിലായിരുന്നു. തൃശ്ശൂരിനടുത്ത് മുക്കാട്ടുകര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച പള്ളിവേട്ടക്ക് രാമന്‍കണ്ടത്ത് കൃഷണന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരി മേളത്തിനായിരുന്നു. അങ്ങനെ വളരെ ചെറുപ്പത്തില്‍ തന്നെ അസുലഭ അവസരം അജിക്കു കൈവന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ് ഇതെന്ന് അജി പറയുന്നു.
മേളത്തിന് 15 ചെണ്ടക്ക് 17 കുഴല്‍ വരെ ആകാം. എണ്ണം കൂടുന്നതുകൊണ്ട് മേളത്തിന്റെ സൗന്ദര്യം ഒട്ടും കുറയുന്നുമില്ല. അടിസ്ഥാനപരമായി കുറുങ്കുഴല്‍ സംഗീതാത്മകതയുള്ള ഒരു വാദ്യമാണ്. ഒരു നിശ്ചിത ആധാര ശ്രുതിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സ്വരങ്ങള്‍ വായിക്കാന്‍ കുറുങ്കുഴലിനു കഴിയും. പഞ്ചാരി മേളത്തിനു ശങ്കരാഭരണവും പാണ്ടിക്ക് ഭൈരവി രാഗവുമാണ് വിധിപ്രകാരം വായിക്കേണ്ടത്.
പ്രശസ്ത ചെണ്ട വാദ്യകലാകാരന്മാരായ പണ്ടാരത്തില്‍ മുരളീധര മാരാര്‍, ചെറുശ്ശേരി കുട്ടന് മാരാര്‍ എന്നിവരില്‍ നിന്നാണ് അജി കുറുങ്കുഴലിനെ മേളവഴിയില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത അടുത്തറിഞ്ഞത്. കുറുങ്കുഴലുമായി ദല്‍ഹി, മുംബൈ, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ച അജി സ്കൂള്‍ യുവജനോത്സവ വേദികളിലും കുറുങ്കുഴല്‍ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.
നൂറോളം ശിഷ്യന്മാരെ ഈ രംഗത്തു കൊണ്ടു വന്ന അജി, ചെണ്ട തുടങ്ങി മറ്റു കലാകാരന്മാര്ക്കു കിട്ടുന്ന അംഗീകാരം കുഴല്‍ കലാകാരന്മാര്ക്ക് കിട്ടുന്നില്ല എന്ന അഭിപ്രായക്കാരനാണ്.
തൃശൂര്‍ കുറ്റുമുക്ക് ശിവക്ഷേത്രത്തില്‍ കുഴല്‍ അടിയന്തിര പ്രവൃത്തി ‘ചെയുന്ന ഇദ്ദേഹം ഭാവിതലമുറയ്ക്ക് കുറുങ്കുഴലിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി ഒരു കലാകേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: