വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന രംഗത്ത് വ്യതിരിക്തമായ ശൈലിയിലൂടെ കേരളത്തിലെ വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും ഒരുപോലെ സജീവസാന്നിധ്യമാണ് എബിവിപി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഖിലഭാരതീയ വിദ്യാര്‍ത്ഥിപരിഷത് എന്ന സംഘടന. 68 വയസ്സിലെത്തിയ വിദ്യാര്‍ത്ഥി പരിഷത് കേരളത്തില്‍ കഴിഞ്ഞ 45 വര്‍ഷങ്ങളായി നിരന്തരം പ്രവര്‍ത്തിച്ചു മുന്നേറുന്നു. തുടക്കനാള്‍ മുതല്‍ ഇന്നുവരെ എബിവിപി പ്രവര്‍ത്തനത്തിന്റെ ഗ്രാഫ് മുകളിലേക്കു മാത്രമാണ്. അങ്ങേയറ്റം പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് കേരളത്തില്‍ എബിവിപി ഈ മുന്നേറ്റം സാധ്യമാക്കിയത്.
ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്വാര്‍ത്ഥവും നിസീമവുമായ പ്രവര്‍ത്തനം ഇതിനു പിന്നിലുണ്ട്. കാരണം കേവലം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക എന്ന ചെറിയ ക്യാന്‍വാസിലല്ല എബിവിപി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥി-അധ്യാപക-രക്ഷകര്‍ത്താ സമന്വയം എന്നതാണ് എബിവിപി മുന്നോട്ടുവയ്ക്കുന്ന ആശയം. അതിനാലാണ് എബിവിപിയെ നയിക്കുന്നവരുടെ കൂട്ടത്തില്‍ അധ്യാപകരും രക്ഷിതാക്കളുമുണ്ടാകുന്നത്. എബിവിപിയുടെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം എറണാകുളത്തു നടക്കുമ്പോള്‍ സമൂഹത്തില്‍ സംഘടനയ്ക്കുള്ള സ്ഥാനവും സംഘടന നടത്തിയ സമരമുന്നേറ്റങ്ങളും അനുസ്മരിക്കാതിരിക്കാനാകില്ല.
കേവലം വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ ഏറ്റെടുത്തു സമരം ചെയ്യുക എന്നതുമാത്രമല്ല വിദ്യാര്‍ത്ഥിപരിഷത് ഏറ്റെടുത്തിരിക്കുന്ന പ്രധാന പ്രവര്‍ത്തനം. സമൂഹത്തിന്റെ സമഗ്രപുരോഗതിക്കും വികസനത്തിനും പര്യാപ്തമായ പ്രവര്‍ത്തനം നടത്താന്‍ കഴിവുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ രൂപപ്പെടുത്താനുള്ള പദ്ധതിക്കാണ് ഊന്നല്‍. വിദ്യാഭ്യാസ രംഗത്തെ ചുഴിക്കുത്തുകള്ക്കും അനാരോഗ്യകരമായ പ്രവര്ണതകള്ക്കും എതിരെ പ്രവര്‍ത്തിക്കുന്നതിനൊപ്പം സമൂഹത്തെ പൊതുവായി ബാധിക്കുന്ന അഴിമതിക്കും അരാജകത്വത്തിനും എതിരേയും എബിവിപിയുടെ കരങ്ങള്‍ ഉയരുന്നു. അടുത്ത കാലത്ത് കേരളം ചര്ച്ചയ്ക്കുവച്ചതും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതുമായ അഴിമതികള്‍ക്കെതിരെ എബിവിപി നടത്തിയ സമരങ്ങള്‍ ഇതിനുദാഹരണമാണ്.
വിജയകരമായ സമരപോരാട്ട ചരിത്രം കേരളത്തില്‍ എബിവിപിക്കുണ്ട്. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയനിറം നോക്കിയല്ല ഒരു കാലത്തും എബിവിപി പ്രക്ഷോഭത്തിന്റെ വഴിത്താരകളിലൂടെ സഞ്ചരിച്ചിട്ടുള്ളത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ അതാതുകാലത്തെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് പ്രക്ഷോഭത്തിനും മാറ്റങ്ങള്‍ വരുത്തിയ ചരിത്രമാണുള്ളത്. എന്നാല്‍ എബിവിപി, ഭരിക്കുന്നവരുടെ കൊടിനിറം നോക്കിയല്ല പ്രവര്‍ത്തിച്ചത്. സമൂഹത്തിനുവേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയതേയില്ല.
ഇന്നത്തെ വിദ്യാര്‍ത്ഥി നാളത്തെ പൗരനല്ല, ഇന്നത്തെയും കൂടി പൗരനാണെന്നതായിരുന്നു എക്കാലത്തും വിദ്യാര്‍ത്ഥി പരിഷത്തിന്റെ നിലപാട്. അതിനായി 18-ാം വയസ്സില്‍ വോട്ടവകാശം വേണമെന്ന മഹത്തായ ആശയം മുന്നോട്ടുവച്ചത് എബിവിപിയാണ്. അതിനുവേണ്ടി രാജ്യത്തെങ്ങും നടത്തിയ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്നതായി. 18 വയസ്സില്‍ വോട്ടവകാശം നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ക്കെതിരെ എബിവിപി ശക്തമായ നിലപാട് സ്വീകരിച്ചു. കാമ്പസുകള്‍ ശാരീരിക സംഘട്ടനങ്ങളുടെയല്ല, ആശയസംഘട്ടനങ്ങളുടെ വേദിയാകണമെന്നായിരുന്നു എബിവിപിയുടെ നിലപാട്. എന്നാല്‍ ശാരീരികമായിനേരിട്ട് മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ ഇല്ലായ്മ ചെയ്യാമെന്ന് ധരിച്ചവര്‍ എബിവിപിയോട് ആശയസംഘട്ടനത്തിന് തയ്യാറായില്ല. ആശയസംഘട്ടനത്തില്‍ പരാജയം മണത്തതിനാല്‍ കൂടിയായിരുന്നു അവരുടെ പിന്മാറ്റം.
വിദ്യാലയങ്ങള്‍ക്കുള്ളിലും പുറത്തും വിദ്യാഭ്യാസമേഖലകളിലെ അനാരോഗ്യ പ്രവണതകള്‍ക്കെതിരെ ശക്തമായ സമരവേലിയേറ്റം നടത്താന്‍ എക്കാലത്തും എബിവിപിക്കായിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ക്കൊപ്പം തന്നെ ദേശസംബന്ധിയായ പ്രശ്നങ്ങളിലും പിരിഷത്തിന്റെ സജീവ ഇടപെടലുകളുണ്ടായി. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് അത്തരം സമരമാര്ഗ്ഗങ്ങളില് വിദ്യാര്‍ത്ഥിപരിഷത്തിന്റെ ചങ്ങലക്കണ്ണികളായത്. ഗോവ വിമോചന സമരത്തില്‍ പങ്കാളികളായതും ചൈനീസ് അക്രമത്തിനെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിച്ചതും അടിയന്തരാവസ്ഥയ്ക്കെതിരെ വിദ്യാര്‍ത്ഥിശക്തിയെ അണിനിരത്തിയതുമെല്ലാം അതിന്റെ ആദ്യകാല ഉദാഹരണങ്ങളാണ്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പു നല്‍കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്ത ആദ്യ സംഘടന എബിവിപിയായിരുന്നു.
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റം ഇന്ന് രാജ്യസുരക്ഷക്ക് വലിയ ഭീഷണിയായിരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി നടത്തിയ ബോഫോഴ്സ് അഴിമതിക്കെതിരെ എബിവിപി നടത്തിയ പ്രക്ഷോഭം സമാനതകളില്ലാത്തതായിരുന്നു. ദേശീയ തലത്തില്‍ പ്രശ്നം കൂടുതല്‍ സജീവ ചര്‍ച്ചകള്‍ക്ക് കാരണമായത് എബിവിപി നടത്തിയ പ്രക്ഷോഭങ്ങളാണ്. കാശ്മീരിലെ ഭീകരവാദത്തിനെതിരെ പ്രക്ഷോഭം നടത്തുകയും രാജ്യവ്യാപകമായി ബോധവത്ക്കരിക്കുകയും ചെയ്തു. കാശ്മീരില്‍ ഭീകരവാദം അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി ഒരു വിദ്യാര്‍ത്ഥി സംഘടന അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസ ബന്ദ് നടത്തി. രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമരമായിരുന്നു ഇത്. കാശ്മീരിലേക്ക് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എബിവിപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്തു. തീവ്രവാദ ഭീഷണി വകവയ്ക്കാതെയായിരുന്നു അത്.
നക്സല്‍ അക്രമത്തിനെതിരെയും തീന്ബിഹാ കൈമാറ്റത്തിനെതിരെയും പ്രക്ഷോഭം നടത്തിയതും ഇക്കാലത്താണ്. അയോധ്യ പ്രക്ഷോഭത്തിലും ദേശീയബോധമുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന നിലയില്‍ എബിവിപി പ്രവര്‍ത്തകരുടെ പങ്കാളിത്തമുണ്ടായി. രാജ്യത്തെങ്ങും ദേശാഭിമാന പ്രോജ്ജ്വലരായ സമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു എബിവിപി ഏറ്റെടുത്ത എല്ലാ പ്രക്ഷോഭങ്ങളുടെയും മുഖ്യലക്ഷ്യം. സ്വദേശി ഉല്പന്നങ്ങള് ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തും വിദേശവസ്തുക്കള്‍ ബഹിഷ്കരിച്ചും എബിവിപി നടത്തിയ ബോധവല്‍ക്കരണവും പ്രക്ഷോഭവും രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നു. രാജ്യമെങ്ങും വലിയ പ്രതികരണമാണതിനുണ്ടായത്. കക്ഷി രാഷ്ട്രീയം മറന്ന് സമൂഹം ഒന്നടങ്കം സ്വദേശി സമരത്തിന് പിന്തുണ നല്കി.
കേരളത്തിലും ബംഗാളിലും സിപിഎം നടത്തുന്ന അക്രമ സമരങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ എബിവിപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ ചെറുത്തുനില്‍പ്പു തുടരുമ്പോള്‍ സിപിഎമ്മില്‍ നിന്നും എസ്എഫ്ഐയില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് പ്രവര്‍ത്തകരാണ് എബിവിപിയിലേക്കെത്തുന്നത്. കേരളത്തില്‍ ഒരുകാലത്ത് കടന്നു ചെല്ലാന്‍ കഴിയാതിരുന്ന ചുവന്ന കോട്ടകളില്‍ ദീപശിഖാങ്കിത കാവി പതാക വാനോളം ഉയര്‍ത്താന്‍ എബിവിപിക്കായി.
കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ, കെഎസ്യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുണ്ട്. എന്നാല്‍ അവയെല്ലാം രാഷ്ട്രീയപാര്‍ട്ടികളുടെ പോഷക സംഘടനകളായാണ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കക്ഷി രാഷ്ട്രീയത്തിനതീതമായി ‘രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് വിദ്യാര്‍ത്ഥി ശക്തി’ എന്ന ആശയത്തിലൂടെയാണ് എബിവിപിയുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളെ സമരം ചെയ്യാനുള്ള ആയുധമാക്കി മുന്നില്‍ നിര്‍ത്തി കലാപം സൃഷ്ടിക്കുന്ന പ്രവണതയാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന ശൈലി. എന്നാല്‍ കക്ഷി രാഷ്ട്രീയത്തിന്റെ ചട്ടുകമാകാന്‍ എബിവിപി ഒരിക്കലും തയ്യാറായിട്ടില്ല.
അടിയുറച്ച ദേശഭക്തിയും തെറ്റിനെ എതിര്‍ക്കാനുള്ള കരളുറപ്പും ഭരണകര്‍ത്താക്കളെ നേര്‍വഴിക്ക് നടത്താനുള്ള ഇച്ഛാശക്തിയും എബിവിപി പ്രവര്‍ത്തനത്തിന്റെ കാതലാണ്. അതിന്റെ അടിസ്ഥാനത്തില്‍ ക്രിയാത്മകപ്രവര്ത്തന ശൈലിയും വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കുന്നു.
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയിട്ട് കാലമിത്ര കഴിഞ്ഞിട്ടും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇനിയും പൂര്‍ണ്ണമായി ഭാരതവല്ക്കരിച്ചിട്ടില്ല. ഇപ്പോള്‍ പിന്തുടരുന്ന പഠന സമ്പ്രദായങ്ങള്‍ പലതും ഭാരതീയമാണെന്ന് പറയാന്‍ കഴിയില്ല. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ നമ്മുടെ സംസ്കാരവും സ്വത്വവും ഉള്‍ക്കൊള്ളുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധ്യമാകൂ. നമ്മുടെ കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സമൂഹത്തിന് ലഭിക്കാതെ പോകുന്ന സംസ്കാരവും മൂല്യങ്ങളും രാജ്യാഭിമാനവും നേടിക്കൊടുക്കുന്ന മഹാവിദ്യാലയത്തെ സൃഷ്ടിക്കുവാനാണ് എബിവിപി ലക്ഷ്യമിടുന്നത്.
രാഷ്ട്രനവനിര്മ്മാണമെന്ന ശ്രേഷ്ഠമായ ആശയമാണ് എബിവിപി മുന്നില്‍ വയ്ക്കുന്നത്. അതിനായി ജീവിതത്തിന്റെ സമസ്തമേഖലകളിലും നേതൃത്വം കൊടുക്കാന്‍ പോന്നതരത്തില്‍ കഴിവുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് വിദ്യാര്‍ത്ഥി പരിഷത് ചെയ്യുന്നത്. രാഷ്ട്രീയമാകട്ടെ, അധികാരമാകട്ടെ, നിയമനിര്‍മ്മാണവും നിയമ പരിപാലനവുമാകട്ടെ, കലാപ്രവര്ത്തനമാകട്ടെ, വ്യവസായമാകട്ടെ, ശാസ്ത്രവും ആതുരശുശ്രൂഷയും… എന്നുവേണ്ട സമസ്തമേഖലകളിലും എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വം സാധ്യമാക്കണം.
രാഷ്ട്രം നേരിടുന്ന ഏതൊരു വെല്ലുവിളിയെയും തിരിച്ചറിഞ്ഞ് കൃത്യസമയത്ത് തക്കപരിഹാരം കാണാനുള്ള കര്‍മ്മസേനയെ എബിവിപിയിലൂടെ വളര്‍ത്തിയെടുക്കുന്നു. വെല്ലുവിളികള്‍ തിരിച്ചറിയാനും ചെറുത്തു തോല്‍പ്പിക്കാനും കാര്യക്ഷമതയുള്ള യുവ സമൂഹത്തെ സദാ തയ്യാറാക്കി നിര്‍ത്തുന്നതില്‍ എബിവിപി വിജയം കണ്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി ശക്തി രാഷ്ട്ര ശക്തിയെന്നാണ് എബിവിപി ഉദ്ഘോഷിക്കുന്നത്. രാജ്യം മുഴുവന്‍ യുവജന, വിദ്യാര്‍ത്ഥി സമൂഹത്തിന് ദിശയും ബോധവും നല്കാന് പര്യാപ്തമായ മുദ്രാവാക്യമാണതെന്നതില് കഴിഞ്ഞകാല വിദ്യാര്‍ത്ഥിപരിഷത് പ്രവര്‍ത്തനം തെളിവു നല്കുന്നു.
ദേശീയ ധാരയില്‍ ആകൃഷ്ടമായ യുവസമൂഹമാണ് കേരളത്തിലും എബിവിപിയുടെ പ്രവര്ത്തനമുന്നണിയിലുള്ളത്. പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്താണ് അവര്‍ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്. ആ യാത്രയില്‍ ബലിദാനികളായത് നൂറുകണക്കിന് ദേശസേ്നഹികളായ പ്രവര്‍ത്തകരാണ്. എക്കാലത്തും ദേശവിരുദ്ധ ശക്തികളുടെ പേടി സ്വപ്നമായി എബിവിപി പ്രവര്‍ത്തകര്‍ മാറിയപ്പോള്‍ അവരെ ഉന്മൂലനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയവരില്‍ മതതീവ്രവാദികളും കമ്മ്യൂണിസ്റ്റ് വരട്ടുവാദികളുമുണ്ടായി. അതിനെയെല്ലാം അതിജീവിച്ചാണ് കേരളത്തിലെ എബിവിപി പ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധമായി ആയിരക്കണക്കിനു യുവാക്കള്‍ രംഗത്തിറങ്ങുന്നത്.
ദേശവിരുദ്ധ ശക്തികളും അഴിമതിക്കാരും കേരളത്തെ ശ്വാസം മുട്ടിക്കുന്ന സവിശേഷസാഹചര്യമാണിപ്പോഴുള്ളത്. എല്ലാമേഖലകളിലും അവരുടെ നീരാളിപ്പിടുത്തം. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും കേരളത്തിന്റെ ശാപമാണ്. വികസന നയങ്ങള്‍ തീരുമാനിക്കുന്നതും വിദ്യാഭ്യാസ പദ്ധതികള്‍ അംഗീകരിക്കുന്നതുമെല്ലാം ദേശവിരുദ്ധരുടെ ഇംഗിതത്തിനനുസരിച്ചാകുന്നു. കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും പോലും കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം. വിരുദ്ധാശയങ്ങള്‍ പറയുന്നവരെ ഇല്ലായ്മചെയ്യുന്നു. വിദ്യാഭ്യാസവും വ്യവസായവും കൃഷിയും തകര്‍ന്ന് കേരളം തൊഴിലില്ലായ്മയിലേക്കും ക്ഷാമത്തിലേക്കും നീങ്ങുന്നു. നമ്മുടെ സംസ്കാരത്തെ മറന്ന് വൈദേശികതയെ കെട്ടിപ്പുണരാനുള്ള വ്യഗ്രത. ഇതെല്ലാം കേരളം നേരിടുന്ന അതിദാരുണമായ അവസ്ഥകളാണ്.
ഇതില്‍നിന്നെല്ലാമുള്ള പരിവര്‍ത്തനത്തിന് എബിവിപി പ്രവര്‍ത്തനം ബദല്‍ നിര്‍ദ്ദേശിക്കുന്നു. ആ ബദല്‍ മുന്നില്‍ പിടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് കേരളത്തിന് ആവശ്യം.
ദേശീയ ചിന്താധാരയിലാകൃഷ്ടരായ യുവസമൂഹത്തിനു മാത്രമേ കേരളത്തിന്റെ നാശോന്മുഖതയില് നിന്ന് മോചനം സാധ്യമാക്കാനാകൂ. പരിവര്‍ത്തനത്തിന്റെ പതാക വഹിക്കാന്‍ അവര്‍ക്കേ കഴിയൂ. അതിനായി കരുത്താര്‍ജ്ജിച്ച് മുന്നേറ്റം നടത്തുകയാണ് എബിവിപി. എബിവിപിയുടെ എറണാകുളം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുന്നതും പൊതു സമൂഹത്തിനു മുന്നില്‍ വയ്ക്കുന്നതും അതുമായി ബന്ധപ്പെട്ട പദ്ധതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: