കാസര്‍കോട്: അതിവേഗത്തിലുള്ള മാറ്റത്തിന് വിധേയമാകുന്ന സമകാലിക സമൂഹത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ഉതകുന്നതാകണം പുതിയ വിദ്യാഭ്യാസ നയമെന്ന് ന്യൂഡല്‍ഹി, ന്യൂപാ വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രൊഫ. ഡോ.ജന്ത്യാല ബി. ജി. തിലക് പറഞ്ഞു. കേരള കേന്ദ്രസര്വ്വകലാശലയിലെ വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘എന്‍വിഷനിങ്ങ് ദി ന്യൂനാഷണല്‍ എജ്യുക്കേഷന്‍ പോളിസി ഫോര്‍ സസ്റ്റേനിങ്ങ് എക്സലന്‍സ്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ.ഡോ.ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു.
ദേശീയ വിദ്യാഭ്യാസത്തെ നോക്കി കാണുന്നത് ദേശീയവും പ്രാദേശീയവുമായ കാഴ്ചപ്പാടിലൂടെയാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫ. അനിതാ രാംപാല്‍ പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം വികസിത രാഷ്ട്രങ്ങളെക്കാളും മേന്മയുള്ളതാണെന്നും കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ രാഷ്ട്രനിര്മ്മണത്തിനാവശ്യമായ വിജ്ഞാനവും കഴിവുമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈവിദ്ധ്യവും സമ്പന്നവുമായ രാഷ്ട്രത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ആവശ്യം അതിനാല്‍ അദ്ധ്യാപകരും ഭരണാധികാരികളും പരിശ്രമിക്കണം. രാഷ്ട്രപുരോഗതിക്ക ശക്തവും ദീര്‍ഘദൃഷ്ടിയുമുള്ള ജനത ആവശ്യമാണ്. സ്കൂള്‍ തലംമുതല്‍ സര്‍വ്വകലാശാല വരെ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടണമെങ്കില്‍ ദീര്‍ഘവീക്ഷണവും സമഗ്രമായ വിദ്യാഭ്യാസവും ആവശ്യമാണെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ 7 സംസ്ഥാനങ്ങില്‍ നിന്നുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
മഹാരാഷ്ട്ര, സ്കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ആന്റ് ഡയറക്ടര്‍ പ്രൊഫ. ഡോ.അരവിന്ദ് കുമാര്‍. ഡല്‍ഹി, ന്യൂപാ, ഇന്ത്യാ-ആഫ്രിക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷനല്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്ട്രേഷന് അഡൈ്വസര്‍ പ്രൊഫ. കെ. രാമചന്ദ്രന്, മുന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ.പി. കേളു, മുന്‍ ഗാന്ധിധാം സര്‍വ്വകലാശാല പ്രൊഫ. ഡോ.സൂധീര്‍, യൂണിവേഴ്സിറ്റി പരീക്ഷാ കണ്ട്രോളര് വി. ശശിധരന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിദ്യാഭ്യാസവകുപ്പ് മേധാവി പ്രൊഫ. ഡോ.കെ.പി.സുരേഷ് സ്വാഗതവും, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.എന്‍. മുസ്തഫ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: