അമ്പലവയല്‍:അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി ഒരാഴ്ചക്കിടെ സന്ദര്‍ശിച്ചത് അഞ്ചു ലക്ഷത്തിലധികം പേര്. മേള തുടങ്ങിയ ജനുവരി 22ാം തീയതിയിലെ മാത്രം കളക്ഷന്‍ 85,000 രൂപയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ജനത്തിരക്ക് കൂടിവരുന്നു. 10,000 ചതുരശ്ര മീറ്ററിലൊരുക്കിയ കൂറ്റന്‍ താജ്മഹലാണ് മേളയിലെ മുഖ്യ ആകര്‍ഷണം. യഥാര്‍ത്ഥ താജ് മഹല്‍ പകലും രാത്രിയും യമുനാ നദിയില്‍ പ്രതിഫലിക്കുന്നതിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ട് മേളാ നഗരിക്കു നടുവിലുള്ള കുളത്തില്‍ പ്രതിഫലിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ജനാലകളും സമാധി സ്ഥലവുമെല്ലാം അതേപടി പകര്‍ത്തിയിട്ടുണ്ട്. കൂടാതെ വാതിലിലും ജനലുകളിലുംമറ്റും പേര്‍ഷ്യന്‍ ചിത്രകലകളുമുണ്ട്. രാത്രിയിലെ വെളിച്ച സംവിധാനവും പരമാവധി പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കെട്ടിടത്തിനകത്ത് പ്രവേശിക്കാനും സാധിക്കും. കൂറ്റന്‍ ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്ത സിമ്പോസിയം ഹാളും സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ആദിവാസി ഗോത്ര ഗൃഹങ്ങളുടെ മാതൃകകള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. ജലോപരിതലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ ‘ഫ്ളോട്ടിങ്ങ് ഹട്ടും’ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരുകാലത്ത് കാര്‍ഷിക വിളകള്‍ക്ക് കാവലാകുവാന് ഉപയോഗിച്ചിരുന്ന ഏറുമാടവും ഭംഗിയായി ഒരുക്കിയിട്ടുണ്ട്.
ഇറക്കുമതി ചെയ്തതടക്കമുള്ള വിവിധ തരത്തിലുള്ള ഓര്‍ക്കിഡുകളാണ് പൂക്കളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത്. വിരല്‍ത്തുമ്പത്ത് വെക്കാവുന്നതു മുതല്‍ വളരെ വലുപ്പത്തിലും അപൂര്‍വ്വ ഷേഡുകളിലുമുള്ള കള്ളിച്ചെടികള്‍, വിവിധയിനം ചെണ്ടുമല്ലികള്‍, ഡാലിയ, ഗ്ലാഡിയോലസ്, റോസ്, ജെറേനിയം സീനിയ തുടങ്ങി നാട്ടിന് പുറത്ത് കണ്ടുവരുന്നതും ഇറക്കുമതി ചെയ്തതുമായ നിരവധി പൂക്കള്‍ മേളയിലുണ്ട്. കള്ളിച്ചെടികള്‍ കാണുന്നതിന് സന്ദര്‍ശകരുടെ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ട്. ഉത്സവ നഗരിയിലേക്കുള്ള പ്രവേശന കവാടത്തോടു ചേര്‍ന്ന് 500ല്‍ പരം ഇനങ്ങളിലായി 4000 കള്ളിച്ചെടികളാണ് പ്രദര്‍ശനത്തിനുള്ളത്. വയനാടന്‍ വനങ്ങളില്‍നിന്നു ശേഖരിച്ചവയാണ് ഇവയില്‍ മിക്കതും. ഊട്ടി, സിക്കിം, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കൊണ്ടു വന്നവയും കൂട്ടത്തിലുണ്ട്. മേള അവസാനിച്ചതിനു ശേഷം ഇവ വില്‍പ്പനയ്ക്കു വെക്കും.
പഴവര്‍ഗ്ഗങ്ങളില്‍ ഇപ്പോഴത്തെ താരമായ ‘പെപ്പിനോയും’ മേളയിലുണ്ട്. കൂടാതെ നാടനും വിദേശികളുമടക്കം എല്ലാ വിധ പഴവര്‍ഗ്ഗങ്ങളും അവയുടെ ചെടിയും ലഭ്യമാണ്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് തുടങ്ങി മഞ്ഞയുടെ കയറ്റിറക്കങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ വര്‍ഗ്ഗങ്ങളിലുള്ള ചെടികളുപയോഗിച്ച് സജ്ജീകരിച്ചിട്ടുള്ള ‘മൂണ്‍ ഗാര്‍ഡനും’ ഹൃദയസ്പര്‍ശിയാണ്. മേള കാണാന്‍ അവസാന ദിവസമെത്തുന്നവരെയും നിരാശപ്പെടുത്താതിരിക്കാന്‍ അവസാന ദിവസം വരെ പൂത്തുലഞ്ഞു നില്‍ക്കുന്നവിധത്തില്‍ പൂമൊട്ടുകള്‍ ക്രമീകരിച്ചാണ് ‘മൂണ്‍ ഗാര്ഡന്’ ഒരുക്കിയിട്ടുള്ളത്.
ജില്ലയില്‍ സുലഭമായി ലഭിക്കുന്നതും പലപ്പോഴും നാം പാഴാക്കിക്കളയുന്നതുമായ എല്ലാത്തരം പഴവര്‍ഗ്ഗങ്ങളും കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വില്‍പ്പനയ്ക്കു വെച്ചിട്ടുണ്ട്. പൂക്കളുടെയും ചെടികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ക്കു പുറമേ ചെടികളും ലഭിക്കും. 3500 ചതുരശ്ര മീറ്റര്‍ വീതമുള്ള 350 സ്റ്റാളുകളാണ് മേളയിലുള്ളത്. വിംസ് മെഡിക്കല്‍ കോളേജ്, ജനമൈത്രി പോലീസ് തുടങ്ങിയവയുടെ പവലിയനുകളുമുണ്ട്. കുട്ടികളുടെ റൈഡുകളില്‍ പ്രവേശനം സൗജന്യമാണ്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ നിന്നും ടിക്കറ്റിനത്തില്‍ വമ്പിച്ച കളക്ഷന്‍ നേടുക എന്നതല്ല- മറിച്ച് പരമാവധി ആളുകള്‍ മേള സന്ദര്‍ശിക്കുക; അതുവഴി കാര്‍ഷിക ഗവേഷണ കേന്ദ്രത്തെക്കുറിച്ച് അറിയുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി മേളയെ അന്താരാഷ്ട്ര മേളയാക്കിയതോടെ ഈ വര്‍ഷം 20 ലക്ഷം പേര് സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷയോടെ സംഘാടകര്‍ കാത്തിരിക്കുമ്പോള്‍ ഹൗസ് ബോട്ടും താജ് മഹലും ഗോത്ര വീടുകളും മൂണ്‍ ഗാര്‍ഡനുമൊക്കെയായി ഉത്സവനഗരിയും സന്ദര്‍ശകരെ മാടിവിളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: