ആലപ്പുഴ: അരൂര്‍ ചന്തിരൂര്‍ മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനിന്ന അവ്യക്തതകള്‍ക്ക് വിരാമമായി. പ്ലാന്റ് നിര്‍മിക്കാനാവശ്യമായ തുക കണ്ടെണ്ടത്തി നല്‍കാന്‍ തയാറാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചതായി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിന്റെ കാര്യത്തില്‍ നിലനിന്ന അവ്യക്തത മറികടക്കാന്‍ തുക സംസ്ഥാന വിഹിതമായി അനുവദിക്കാന്‍ തയാറാണെന്ന് മന്ത്രി പറഞ്ഞതായി എം.പി. അറിയിച്ചു. രണ്ടാഴ്ചയ്‌ക്കകം ടെണ്ടര്‍ നടപടി തുടങ്ങും. ഫണ്ടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും മത്സ്യചെമ്മീന്‍ കയറ്റുമതിക്കാരുടെ സഹായം ഉറപ്പാക്കാനും മന്ത്രിയുടെ സാന്നിധ്യത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ യോഗം ചേരും. പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനി രൂപവത്കരണം പൂര്‍ത്തിയായി. അക്‌സെപ്റ്റ് എന്‍വയോണ്‍മെന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ഉപധനാഭ്യര്‍ഥന വഴി ഇപ്പോള്‍ ലഭിച്ച മൂന്നുകോടി രൂപ ഉടന്‍ ലഭ്യമാക്കാനുംയോഗം തീരുമാനിച്ചു.
പ്രോജക്ട് മാനേജ്‌മെന്റ് കമ്മിറ്റിയെ ഒരാഴ്ചയ്‌ക്കുള്ളില്‍ തീരുമാനിക്കാന്‍ ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എന്‍. പദ്മകുമാറിനെ യോഗം ചുമതലപ്പെടുത്തി. കണ്‍സള്‍ട്ടന്റിനെ തീരുമാനിക്കുമ്പോള്‍ മുന്‍പരിചയവും വിശ്വാസ്യതയും നോക്കണമെന്ന് എ.എം. ആരിഫ് എംഎല്‍എ പറഞ്ഞു. ഇടപാടുകള്‍ക്കായി ട്രഷറി അക്കൗണ്ട് ഉടന്‍ തുറക്കാനും യോഗം തീരുമാനിച്ചു. സ്‌പെഷല്‍ ഓഫീസറായ എ. അബൂബക്കറെ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കും.
കലക്ടര്‍ ചെയര്‍മാനായ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ആലപ്പുഴ എംപി., അരൂര്‍ എംഎല്‍എ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചേംബര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ്, ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ എന്നിവരാണ്. യോഗത്തില്‍ കലക്ടര്‍ എന്‍. പദ്മകുമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവ്, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, ചേംബര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് വി.പി. ഹമീദ്, ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ അലക്‌സ് എന്നിവര്‍ സംസാരിച്ചു.
















