കൊട്ടാരക്കര: താലൂക്കാശുപത്രിയില്‍ ക്രമക്കേട്. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പടെ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുന്‍അംഗം ഗിരിജാകുമാരി നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഷൈല സലീംലാല്‍, നഴ്‌സിങ് സൂപ്രണ്ട് മറിയാമ്മ, സീനിയര്‍ ക്ലര്‍ക്ക് സുനില്‍ബാബു എന്നിവര്‍ കുറ്റക്കാരാണന്ന് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.എം.ജോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പണം ചെലവഴിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. രണ്ടു മാസങ്ങളില്‍ ഡീസല്‍ വാങ്ങിയ ഇനത്തില്‍ 30,000 രൂപ ചെലവായതായി കണക്കുകളിലുണ്ടെങ്കിലും ജനറേറ്റര്‍ ലോഗ് ബുക്കിലോ ഫയലിലോ ഇതിന്റെ ബില്ലുകള്‍ രേഖപ്പെടുത്തിയിട്ടില്ല. നഴ്‌സിങ് സൂപ്രണ്ടും സീനിയര്‍ ക്ലര്‍ക്കുമാണ് ഇതിനുത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലോക്ക് പഞ്ചായത്തംഗത്തെ ഗുണഭോക്തൃസമിതില്‍ ഉള്‍പ്പെടുത്താതിരുന്നത് പഞ്ചായത്തീരാജ് ആക്ടിനു വിരുദ്ധമാണെന്നും അതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷൈല സലീംലാലിനെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ആശുപത്രിയില്‍ ഡീ അഡിക്ഷന്‍ സെന്ററിനായി ഹാള്‍ നിര്‍മ്മിക്കുന്നതില്‍ ഗുണഭോക്തൃ സമിതിയില്‍ ബ്ലോക്ക് ഡിവിഷന്‍ മെമ്പറായിരുന്ന ഗീതാകുമാരിയെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും നിര്‍മ്മാണം സംബന്ധിച്ച കണക്കുകള്‍ സമിതിയില്‍ അവതരിപ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 10.6 ലക്ഷം രൂപ ചെലവഴിച്ചാണ് കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളിലായി ഡീ അഡിക്ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. ഗുണഭോക്തൃസമിതി വ്യാജമായി രൂപവല്‍ക്കരിക്കുകയായിരുന്നുവെന്നും വലിയ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ് ഗിരിജകുമാരി വിജിലന്‍സിന് പരാതി നല്‍കിയത്. അഴിമതി ആരോപിച്ച് തുറക്കപ്പെട്ട പുതിയ ഹാള്‍ പുതിയ താഴിട്ട് ഗിരിജകുമാരി അന്നു പൂട്ടിയിട്ട് സമരം നടത്തിയിരുന്നു.
95 ലക്ഷം രൂപ ചെലവില്‍ ഓപ്പറേഷന്‍ തിയേറ്ററും പ്രധാന കെട്ടിടവും അറ്റകുറ്റപണികള്‍ നടത്തിയതിലെ ക്രമക്കേടുകളെ കുറിച്ചു അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ പരാതിയിലും അന്വേഷണം നടക്കുകയാണന്ന് ഗിരിജാകുമാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നീതി പൂര്‍വ്വമായ അന്വേഷണവും ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയും ഉണ്ടായില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗിരിജാകുമാരി കൂട്ടിചേര്‍ത്തു. ഈ പരാതി നല്‍കിയതിനാണ് തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ ഇറക്കിയതെന്നും ഇതുസംബന്ധിച്ച് താന്‍ നല്‍കിയ പരാതിയില്‍ ഒന്നര വര്‍ഷമായിട്ടും നടപടി ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്നും അവര്‍ പറഞ്ഞു.
















