മാനന്തവാടി : വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം അടച്ച് പൂട്ടലിന്റെ വക്കിലായ തവിഞ്ഞാല്‍ പഞ്ചായത്തിലെ പോരൂര്‍ ഗവ എല്‍പി സ്കൂളിനെ രക്ഷിക്കാന്‍ നാട് കൈകൊര്‍ക്കുന്നു. സൗകര്യങ്ങളിലോ പഠന നിലവാരത്തിന്റെ കാര്യത്തിലോ നിലവില്‍ ഒന്നിനും ഒരു കുറവുമില്ല പോരൂരിലുള്ള ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്. എന്നാല്‍ സമീപകാലത്തായി കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതാണ് വിദ്യാലയത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഒരു ക്ലാസില്‍ തന്നെ അമ്പതോളം കുട്ടികള്‍ പഠിച്ചിരുന്നിടത്ത് ഇപ്പോള്‍ അത് സ്കൂളില്‍ തന്നെ അമ്പത് കുട്ടികള്‍ മാത്രമായി ചുരുങ്ങി. ഇതില്‍ മുപ്പത്തിയഞ്ച് കുട്ടികളും ഗോത്രവര്‍ഗക്കാരാണ്. ഭൂരിഭാഗവും ഗോത്രവര്‍ഗക്കാര്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ പട്ടിക വര്‍ഗ വകുപ്പും ഉത്സാഹം കാണിക്കുന്നില്ലെന്നതാണ് സത്യം. പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിയുടെ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് നിലനില്‍പ്പിനായി കേഴുന്നത്. ഗോത്ര സാരഥി പദ്ധതിയില്‍ ഈ വിദ്യാലയത്തെ ഉള്‍പ്പെടുത്തണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പട്ടികവര്‍ഗ വികസന വകുപ്പ് ഇത് വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. കൊളത്താട പോലുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഗോത്രവിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നത്. സമീപ പ്രദേശങ്ങളില്‍ നഴ്സറി ഇംഗ്ലീഷ് മീഡിയം സ്കൂളുള്ളതിനാല്‍ ഭൂരിഭാഗം പേരും മക്കളെ അവിടേക്ക് വിടുന്നതാണ് പോരൂര്‍ സ്കൂളിന്റെ നിലനില്‍പ്പ് ചോദ്യചിഹ്നമായി തീര്‍ന്നത്. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1949ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിദ്യാലയമാണിത്. ഇപ്പോള്‍ കമ്പ്യട്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: