കല്‍പ്പറ്റ:മുത്തങ്ങ ചെക്പോസ്റ്റ് വെട്ടിച്ച് മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒന്നര കിലോയോളം കഞ്ചാവ് വൈത്തിരി പൊലീസ് പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി അറസ്റ്റില്‍. പ്രതി ചുണ്ടേലിലും പരിസര പ്രദേശങ്ങളിലും വില്‍പ്പനക്കായി കഞ്ചാവ് മൊത്തമായി എത്തിച്ച് കൊടുക്കുന്നയാളാണെന്ന് വൈത്തിരി എസ്ഐ എയു ജയപ്രകാശ്പറഞ്ഞു.
മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് പാലത്ത് മൂലയില്‍ അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്. വൈത്തിരി സിഐ എംഡി സുനിലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി സിഐ എയു ജയപ്രകാശ്, പൊലീസുകാരായ സെയ്തുമുഹമ്മദ്, സജി അഗസ്റ്റിന്, ലെനു, ഹക്കീം ജി കല്‍പ്പറ്റ ആന്റീ നര്‍ക്കോട്ടിക് സെല്‍ അംഗങ്ങളായ അബ്ദുള്‍ റഹ്മാന്, ജയചന്ദ്രന്, പ്രമോദ് എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ചുണ്ടേല്‍ അമ്മാറക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായെത്തിയ അബ്ദുള്‍ റഹ്മാന് കുടുങ്ങിയത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മുന്നൂറ് ഗ്രാമോളം റഹ്മാന് മടിക്കുത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.കഞ്ചാവ് കടത്തിയ കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള ടാറ്റാ ഇന്‍ഡിക്കാ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പ് പലതവണ റഹ്മാന് കഞ്ചാവ് കടത്തിയിട്ടുള്ളതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചുണ്ടേലിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കഞ്ചാവ് വില്‍പ്പനയെ കുറിച്ച് വൈത്തിരി പൊലീസ് അന്വേഷണം നടത്തി വരുമ്പോഴാണ് വൈത്തിരി സിഐക്ക് കര്‍ണ്ണാടകയില്‍ നിന്ന് കഞ്ചാവുമായി കാര്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആന്റീ നര്‍ക്കോട്ടിക് സെല്ലിന്റെ സഹകരണത്തോടെ വൈത്തിരി എസ്ഐ ജയപ്രകാശും സംഘവും ചേര്‍ന്ന് വാഹന പരിശോധന നടത്തിയത്. പ്രതിയെ നാളെ വടകര നര്‍ക്കോട്ടിക സെല്‍ കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: