മാവേലിക്കര: കോയമ്പത്തൂര്‍ ചിന്നവേടംപെട്ടി സിഎംഎസ് കോളജ് ഒന്നാംവര്‍ഷ മലയാളി വിദ്യാര്‍ത്ഥിയെ മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വള്ളികുന്നം ഇലിപ്പക്കുളം പോണാല്‍വീട്ടില്‍ എന്‍. അജിത്ത് കുമാറിന്റെ മകനും സിഎംഎസ് കോളജില്‍ ബിഎസ്‌സി ബയോടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഗോവിന്ദ് (21) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തിനിരയായത്.
ഇവിടെ പഠിക്കുന്ന വയനാട് കല്‍പറ്റ സ്വദേശി അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലെത്തിയ ആറംഗ അക്രമി സംഘമാണ് ഗോവിന്ദിനെ മര്‍ദ്ദിച്ചത്. വടകര സ്വദേശി ഷാരോണ്‍, കോഴിക്കോട് സ്വദേശി റഫ്‌നാസ് എന്നിവര്‍ക്കും അക്രമിസംഘത്തിന്റെ മര്‍ദ്ദനമേറ്റു.
വ്യാഴാഴ്ച വൈകിട്ട് നാലിന് കോളജ് വിട്ട് കുറുമ്പംപാളയത്തുള്ള താമസസ്ഥലത്തേക്ക് പോകും വഴി ശരവണം പെട്ടി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ഗോവിന്ദിനെയും സുഹൃത്തുക്കളെയും ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തുവീണ ഗോവിന്ദിനെ അക്രമികള്‍ തന്നെയാണ് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയും ഗോവിന്ദിനെ മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.
കേസു കൊടുത്താല്‍ വീട്ടുകാരെയടക്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗോവിന്ദ് പറഞ്ഞു. വീണ്ടും ആക്രമിക്കുമെന്ന ഭയത്തില്‍ കോഴിക്കോട്ടുള്ള സുഹൃത്തിനെയും കൂട്ടി വെള്ളിയാഴ്ച വൈകിട്ട് മാവേലിക്കരയില്‍ എത്തിയ ഗോവിന്ദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവേലിക്കര രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്ട്‌സ് കോളജ് സൂപ്രണ്ട് എന്‍. അജിത്ത്കുമാറിന്റെ മകനാണ് ഗോവിന്ദ്. പലതവണ രക്ഷാകര്‍ത്താക്കള്‍ റാഗിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോളജില്‍ പരാതിപ്പെട്ടിരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിന് രണ്ടു ദിവസം മുമ്പും ഗോവിന്ദിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുത്തിരുന്നു.
ക്രൂരമായ റാഗിംഗിന് വിധേയമാക്കുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ റൂമുകളില്‍ കൊണ്ടുപോയി ആയുധങ്ങള്‍ കാട്ടി ഭയപ്പെടുത്തി ജോലിചെയ്യിപ്പിക്കലും പതിവാണ്. ശരവണംപെട്ടി പോലീസ് ഗോവിന്ദിന്റെ മൊഴി രഖപ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര സിഐക്ക് പരാതി നല്‍കിയ ഗോവിന്ദ് നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്.
















