ഒരു കോളേജ് അധ്യാപകനുണ്ടായിരുന്നു, സരസനും ഉല്പതിഷ്ണുവുമായ അധ്യാപകന്. കുട്ടികള്‍ അദ്ദേഹത്തെ കാണാന്‍ പോയി. കൂടെ ഈയുള്ളവനും. ആ സമയം പഴയ പത്രങ്ങളെടുത്ത് അതില്‍ ദ്വാരമിട്ട് കൂട്ടിക്കെട്ടിമാറ്റാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പത്രത്തില്‍ ദ്വാരമിടുന്നത് കണ്ട് ഒരു വിദ്യാര്‍ത്ഥി ചോദിച്ചു.’ എന്താണ് സാര്‍ പത്രമൊക്കെ തുളയ്ക്കുന്നത്’. ഉടനെ വന്നു മറുപടി. ‘ പത്രദ്വാരാ…കാര്യങ്ങള്‍ അറിയണമെന്നല്ലേ പറയാറ്. അതുകൊണ്ട് ഞാന്‍ പത്രത്തിന് ദ്വാരമിട്ട് കാര്യങ്ങള്‍ അറിയുകയാണ്’. ഇത് അദ്ദേഹത്തിന്റെ സരസതയക്ക് ഒരുദാഹരണം മാത്രം.
കാര്യം അതല്ല. ഗൗരവപൂര്‍വ്വം അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി മൗണ്ട്ബാറ്റണ് പ്രഭുവിന്റെയടുത്ത് ഒരാള്‍ ചെന്നുവത്രെ!. സ്വാതന്ത്ര്യം വേണം. അയാളുടെ ഏക ആവശ്യം. പ്രഭു ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ അതിനെന്താ. പക്ഷേ ഒരു ഡിമാന്റ്’. തന്റെ മുന്നിലുള്ള വലിയ പ്ലേ ഗ്രൗണ്ട് കാണിച്ചുകൊടുത്തുകൊണ്ട് ആവശ്യപ്പെട്ടു.’ ഈ ഗ്രൗണ്ടില്‍ നിങ്ങള്‍ പതിനഞ്ച് പ്രാവശ്യം ചുറ്റി ഒടിയിട്ടു വരിക. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’.
വന്നയാള്‍ അന്ധാളിച്ചുപോയി. എന്ത്! ഇത്രയും കാലം സമരവും സഹനവും ഒക്കെ നടത്തിയിട്ടും കിട്ടാതെ പോയ സ്വാതന്ത്ര്യം ഈ ലഘുകാര്യം കൊണ്ടു തരുമെന്നോ?!
അയാളുടെ അന്ധാളിപ്പ് മനസ്സിലാക്കിയ മൗണ്ട്ബാറ്റണ് വീണ്ടും ഉറപ്പിച്ചു.’ ഞാന്‍ പറഞ്ഞത് ഉറപ്പായിട്ടും ചെയ്തിരിക്കും. എന്താ നിങ്ങള്‍ റെഡിയാണോ?!. അയാള്‍ സമ്മതിച്ചു. ഓട്ടം തുടങ്ങി. മൂന്നും നാലും റൗണ്ട് കഴിഞ്ഞപ്പോള്‍ ലഘുവായി കരുതിയ കാര്യം അത്ര ലഘുവല്ലെന്ന് ബോധ്യപ്പെട്ടുതുടങ്ങി. ഒമ്പത് റൗണ്ട് കഴിഞ്ഞപ്പോള്‍ കിതയ്ക്കാനും തളരാനും നാവുവരളാനും തുടങ്ങി. പന്ത്രണ്ടായി…പതിമൂന്നായി… അയാള്‍ തൊണ്ട വരണ്ട് വിളിച്ചു പറഞ്ഞു. ‘ കുറച്ചുവെള്ളം’. നോ അതുനടക്കില്ല. വെള്ളം നിര്‍ബന്ധമാണെങ്കില്‍ ഓട്ടം നിര്‍ത്താം. പ്രഭു കല്പിച്ചു.
പതിനാലാം റൗണ്ടിലേക്കാഞ്ഞപ്പോഴും തളര്‍ന്ന് തകര്‍ന്ന് ഓട്ടം നിര്‍ത്തി അയാള്‍ വെള്ളം വാങ്ങിക്കുടിച്ചു. അങ്ങനെ പന്തയത്തില്‍ അയാള്‍ തോറ്റു.
തുടര്‍ന്ന് സാര്‍ പറഞ്ഞു.’എന്റെ പിള്ളേരെ… ഒരുവട്ടം കൂടി അയാള്‍ എങ്ങനെയെങ്കിലും ഓടിയിരുന്നുവെങ്കില് വെള്ളവും സ്വാതന്ത്ര്യവും ലഭിച്ചേനെ. അല്ല, അതിനുകഴിയാതെ അയാള്‍ ഗ്രൗണ്ടില്‍ വീണുമരിച്ചിരുന്നുവെങ്കില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മരിച്ച വീരപുരുഷനായേനെ. ഇതിനുരണ്ടിനും കഴിഞ്ഞില്ല. ഇതുകൊണ്ട് മനസ്സിലാക്കേണ്ടതെന്താണ്. ആത്യന്തിക ലക്ഷ്യമാണ് വലുത്. അതുനേടാനായാല്‍ മറ്റുള്ളതും ലഭിക്കും. അതിന് അല്പം ത്യാഗം വേണ്ടിവരും’.
തുടര്‍ന്ന് ഒരുകാര്യം കൂടി സാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പരിചയക്കാരന് ഒരു യുവാവ് നന്നായി ഫുട്ബോള്‍ കളിക്കും, ക്രിക്കറ്റ് കളിക്കും, ബാഡ്മിന്റണും വോളിബോളും കളിക്കും. പക്ഷേ ആ യുവാവ് ഒരു കളിയുടേയും ടീമില്‍ എത്തപ്പെട്ടില്ല.
‘എന്താണ് കാരണം?!’. മിഴിച്ചുനിന്നിരുന്ന ഞങ്ങളോട് അദ്ദേഹം കാരണവും വെളിപ്പെടുത്തി. ‘ നന്നായി കളിക്കുന്നവരെയല്ല ടീമിനാവശ്യം. അത്തരം കളിക്കാര്‍ വേറെയും ഉണ്ടായേക്കാം. ഏറ്റവും നന്നായി കളിക്കുന്നയാളെയാണ് ടീമില്‍ ചേര്‍ക്കുക. അതുകൊണ്ട് പലകാര്യങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഒരു കാര്യം ഏറ്റവും നന്നായി ചെയ്യുക. ആ യുവാവ് തന്റെ കഴിവുമുഴുവന്‍ ഏതെങ്കിലും ഒരു കളിയില്‍ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ അതില്‍ അതുല്യനായി മാറിയേനെ അയാള്‍’. ശരിയാണ്. അതുകൊണ്ടാണ് എല്ലാറ്റിനെക്കുറിച്ചും ഒരു സാമാന്യബോധം ഉണ്ടാവുക. ഒന്നില്‍ സ്പെഷ്യലൈസ് ചെയ്യുക എന്നൊക്കെ പറയുന്നത്.
പഴയകാലത്ത്, എട്ടുമണിക്ക് സ്കൂളില്‍ പോകേണ്ട കുട്ടിയെ എന്തെങ്കിലും ഒന്ന് വാങ്ങാന്‍ അത്യാവശ്യമായി ഏഴുമണിക്ക് കടയിലേക്ക് വിടുന്നത്. അവന് പൈസയും വാങ്ങിപ്പോകും. പോകുന്ന വഴിക്ക് കാണുന്നതിലൊക്കെ ശ്രദ്ധിക്കും. തീപ്പെട്ടിപ്പടമോ മറ്റെന്തെങ്കിലുമോ കണ്ടാല്‍ എടുത്തുപോക്കറ്റിലിടും. വാഹനങ്ങളോ മറ്റോ കണ്ടാല്‍ അത്ഭുതത്തോടെ നോക്കി നില്ക്കും. പട്ടിയേയോ ഓന്തിനേയോ എറിഞ്ഞുനോക്കും. ഒടുവില്‍ കടയിലെത്തുമ്പോള്‍ കൈയിലെ പണം നഷ്ടപ്പെട്ടിട്ടുണ്ടാകും. പിന്നെ കരഞ്ഞ് വീട്ടിലെത്തുമ്പോള്‍ സ്കൂളില്‍ പോകുവാനുള്ള സമയവും തെ്റ്റി. വീട്ടില്‍ നിന്ന് രണ്ട് അടിയും കിട്ടുമ്പോള്‍ കാര്യം സമാപ്തം(ഇക്കാലത്ത് കഥയ്ക്ക് മാറ്റമുണ്ടാകാം. പക്ഷേ, അടിസ്ഥാന വസ്തുത ഇങ്ങനെയൊക്കെത്തന്നെ).
ഇങ്ങനെ വൈകാരിക താല്പര്യത്തിലും അല്പ സന്തോഷത്തിലുംപെട്ട് ജീവിതം നഷ്ടപ്പെടുത്തിയ എത്രപേരാണ് നമ്മുടെ മുന്നില്‍!.
ടി.വി. ഗോപാലകൃഷ്ണന്. കൊല്ലത്തുകാരനായ കലാകാരന്. തിരക്കഥാകൃത്ത്, സംവിധായകന്, ഗാനരചയിതാവ് അങ്ങനെ അങ്ങനെ…എന്തൊക്കെ തൂവലുകള്‍. ഞാനും ടിവിയും ഒരു ആനുകാലികത്തില്‍ പത്രാധിപ സഹപ്രവര്‍ത്തകരായിരുന്നു. അല്ല. ഇനിയും ടി.വി. ഗോപാലകൃഷ്ണനെ മനസ്സിലായില്ലെന്നുണ്ടോ?.
അദ്ദേഹം എഴുതിയ സിനിമാ ഗാനത്തിന്റെ ഒരു വരിപറഞ്ഞാല്‍ ഓര്‍ക്കും. അത് ഇതാണ്.
‘ എല്ലാ ദുഖവും എനിക്കുതരൂ…
എന്റെ പ്രിയസഖീ പോയ് വരൂ…’
ഓര്‍ക്കുന്നില്ലെ ആ ഗാനം. അതെ. അതെഴുതിയ ടി.വി. ഗോപാലകൃഷ്ണന് തന്നെ. സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്്തു. ചിത്രങ്ങള്‍ വരച്ചു, ചിത്രകഥകള്‍ രചിച്ചു. ബാലെയും നാടകവും പുസ്തകവും എഴുതി. എന്നിട്ടും എങ്ങുമെങ്ങും എത്തിപ്പെടാനാവാതെ രണ്ടുവര്‍ഷം മുമ്പ് മരിക്കുകയും ചെയ്തു.
സാര്‍ പറഞ്ഞതുപോലെ- പലതിലും ശ്രദ്ധിച്ച് ഒന്നിലും ആകാതെപോയ ആള്. ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത് ടിവി, ഊറ്റം കൊള്ളാറുണ്ട്. ‘ ഈ പത്രമുതലാളി കാറുവാങ്ങിക്കും മുമ്പ് ഞാന്‍ സ്വന്തം കാറില്‍ ഇവിടെ വന്നിട്ടുള്ള ആളാ…’
പക്ഷേ, എന്തുകാര്യം. ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ വീട്ടില്‍ പോകേണ്ടിവരുമ്പോള്‍ വണ്ടിക്കൂലി കടം വാങ്ങേണ്ടിവരുന്ന അവസ്ഥ. ഭാര്യ ഓഫീസിലെത്തി വീട്ടാവശ്യങ്ങള്‍ക്ക് പണം വാങ്ങിപോകേണ്ടിവരുന്ന അവസ്ഥ. അനാഥത്വത്തിന്റേയോ അപകര്‍ഷതാബോധത്തിന്റേയോ പിടിയിലമര്‍ന്ന് ജീവിതം മദ്യപിച്ച് ആഘോഷിച്ച്(അതോ ആര്‍മാദിച്ചോ) നഷ്ടപ്പെടുത്തിയ അതുല്യ ഗായക പ്രതിഭ. അതായിരുന്നു എച്ച്. മെഹബൂബ് എന്ന ഗായകന്. കൊച്ചിയില്‍ ജനിച്ച കൊച്ചിക്കാരുടെ സ്വന്തം ഭായി. എത്തിപ്പെട്ട സിനിമാ രംഗത്തുനിന്നും തിരിഞ്ഞോടി കൊച്ചിയിലെത്തി കല്യാണ രാവുകളിലും കള്ളുഷാപ്പിലും പാടിത്തിമിര്‍ത്ത് സനാതനായെന്നു വിശ്വസിച്ച് വൈകാരിക താല്പര്യത്തിനുമുന്നില് ജീവിതം മറ്റൊന്നാക്കിയ ഗായകന്. ഞാന്‍ മെഹബൂബിനെ കണ്ടിട്ടില്ല.പക്ഷേ, മെഹബൂബിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യണം എന്നാവശ്യപ്പെട്ട് എന്റെയടുത്ത് എത്തിയത് ‘ സംഭവം ബാബു’ ആയിരുന്നു. ഡോക്യുമെന്ററി രചനയ്ക്കുവേണ്ടിയുള്ള അന്വേഷണം മെഹബൂബിനെ അറിയാനുള്ള വഴിയായി. പിന്നീട്’ പാട്ടിന്റെ പാനപാത്രം’ എന്ന പേരില്‍ മലയാളം വാരികയില്‍ ഞാന്‍ മെഹബൂബിന്റെ ജീവചരിത്രം എഴുതുകയും ചെയ്തു.
പക്ഷേ, സംഭവം ബാബു. ഒറ്റയാന്, ഖദറേ ധരിക്കൂ. പള്ളുരുത്തിയില്‍ വീട്. നല്ല തറവാട്ടുകാരന്. വീട്ടിലങ്ങനെ അധികമില്ല. വലിയ വലിയ കാര്യങ്ങളേ പറയൂ. സാധാരണ ബന്ധം പോലും മുഖ്യമന്ത്രിയായിട്ടും കേന്ദ്രമന്ത്രിയായിരുന്ന എ.കെ. ആന്റണിയായിട്ടും ആണെന്നാണ് പറയുക. വര്‍ഷങ്ങള്‍ക്കുമുമ്പ് മജീന്ദ്രന് നിര്‍മിച്ച സംഭവം എന്ന സിനിമയുടെ കോ-പ്രൊഡ്യൂസറായിരുന്നു താനെന്നാണ് ബാബു അവകാശപ്പെടുന്നത്. അതോടെയാണത്രെ സംഭവം ബാബു എന്ന പേരുവന്നത്. വലിയ ദുശ്ശീലങ്ങളൊന്നുമില്ല. പക്ഷേ, പ്രൊഡ്യൂസര്‍ പ്രൊഡ്യൂസര്‍ എന്നുപറഞ്ഞു ജീവിക്കുന്നതിലെ സുഖത്തിലാണ് മൂപ്പര്‍ക്കുപ്രിയം. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവം ബാബുവും ഒരു സംഭവം പോലുമല്ലാതെ മരണപ്പെട്ടു.
നോക്കൂ,
പ്രൊഡ്യൂസറെ ഒന്നു സംഘടിപ്പിക്കാനുളള അദ്ദേഹത്തിന്റെ കഴിവും മറ്റും നേരാംവണ്ണം ഉപയോഗിച്ചിരുന്നെങ്കിലോ!?. വെറുതെ ‘പറഞ്ഞു ഞെളിയുന്ന’ പ്രൊഡ്യൂസറായി ജീവിതം നഷ്ടപ്പെടുമായിരുന്നോ.
സാര്‍ പറഞ്ഞത്, എത്ര ശരിയാണ് അല്ലേ. ചിലര്‍ പലകാര്യങ്ങള്‍ ചെയ്ത് ഒന്നുമാകാതെ പോകുന്നു മറ്റു ചിലര്‍. ചില്ലറ ലഹരിയിലൂടെ കഴിവിന്റെ ലഹരി പ്രവൃത്തിയിലൂടെ ലഹരി മറക്കുന്നു. പറഞ്ഞു പറഞ്ഞു തീര്‍ക്കുന്നു.
ജോസും അങ്ങനെതന്നെയായിരുന്നു. (ശരിയായ പേരല്ല). ഞാന്‍ പ്രിഡിഗ്രിക്കു പഠിക്കുന്നു. ചില ‘മാട്ട’ നാടകങ്ങളില്‍( ക്ലബ്ബുകള്‍ ചെയ്യുന്ന അമേച്വര്‍ നാടകങ്ങളെ അങ്ങനെയാണ് അന്ന് വിളിച്ചിരുന്നത്) അഭിനയിക്കാറുണ്ട്.
ഒരുനാള്‍ നാടകത്തിലൊരു വേഷം ചെയ്യാമോ എന്നു ചോദിച്ച് ജോസ് എത്തി. വേഷം ചെയ്തു. ആ നാടകത്തില്‍ ജോസിന്റെ വേഷം പിശാചിന്റേതായിരുന്നു. പിന്നീട് ജോസിനെ പിശാചെന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. ലോക സിനിമയെക്കുറിച്ച്, സാഹിത്യത്തെക്കുറിച്ച് അറിവുള്ള ജോസ് നാടകം എഴുതി ശ്രദ്ധേയനായി.
ബിഎസ്സി കെമിസ്ട്രിക്ക് കോളേജില്‍ പഠനം. ഒരുനാള്‍ ജോസ് കോളേജില്‍ പോകാതായി. പട്ടാളക്കാരനായിരുന്ന അച്ഛന് വിവരം തിരക്കിയപ്പോള്‍ ജോസ് പറഞ്ഞു.’ എനിക്ക് നാടകം പഠിക്കണം. ഡ്രാമ സ്കൂളില്‍ ചേരണം’. മകന്റെ ടാലന്റിനെക്കുറിച്ച് അഭിമാനമുള്ള പിതാവ് സമ്മതിച്ചു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. നല്ല വിദ്യാര്‍ത്ഥി. ശങ്കരപ്പിള്ള സാറിന്റെ കണ്ണിലുണ്ണി.
ഒരുനാള്‍ അതുംവിട്ട് ജോസ് വീട്ടിലെത്തി. ‘എനിക്കറിയാത്ത ഒന്നും അവിടെ പഠിപ്പിക്കുന്നില്ല. ഞാനിനി പോകുന്നില്ല’. അതായിരുന്നു ജോസിന്റെ വാദം. അപ്പോഴേക്കും ജോസ് കഞ്ചാവിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്നു. പകല്‍ മുഴുവന്‍ കിടന്നുറങ്ങും. പാതിരയാകുമ്പോള് പുറത്തേയ്ക്ക് പോകും. വെളുപ്പാകുമ്പോള്‍ കയറിവരും. അങ്ങനെ പണ്ട് കളിയാക്കി വിളിച്ച പേരിലായി ജോസ്, പിശാച് ജോസ്. നാടകം എല്ലാം പോയി. വീടുവിട്ടിറങ്ങി. സുഹൃദ്സംഘങ്ങളില്‍ കൂടി. ഒരു അപ്പൂപ്പന് താടിപോലെ പറന്നുപറന്ന്…നാടകമില്ല, സാഹിത്യമില്ല, ജീവിതംപോലും.
എന്നാല്‍ അക്കാലത്ത് ജോസിനോടും എന്നോടും ഒപ്പം നാടകവുമായി നടന്നിരുന്ന എ.ബി. നാസര്‍, നാസര്‍ ബുഗാരി എന്ന പേരില്‍ ഇപ്പോഴും പ്രൊഫഷണല്‍ നാടകങ്ങള്‍ ചെയ്യുന്നു. ബാക്കി സമയം കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിക്കുന്നു. എന്തൊക്കെ കളിയാട്ടങ്ങള്‍…വേഷപ്പകര്‍ച്ചകള്‍…ഈ അരങ്ങില്‍ ആളുകള്‍ തകര്‍ത്താടുകയാണ്.
നുറുങ്ങുകഥ:
മദ്യപനായിരുന്ന ട്യൂഷന് സാറിന്റടുത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തി. സാര്‍ പറഞ്ഞു.’ നാളെ വരൂ. ഇന്നു ഞാന്‍ നല്ല മൂഢിലാണ്’. പിറ്റേന്നെത്തിയ കുട്ടികളോട് അധ്യാപകന് പറഞ്ഞു. ‘ സോറി. ഇന്നു ക്ലാസില്ല. എനിക്കൊരു മൂഢില്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: