വര്‍ഷങ്ങള്‍ക്കൊണ്ട് ശേഖരിച്ച
വാക്കുകളുടെ ഒരാല്‍ബമുണ്ട് കയ്യില്‍.
അച്ഛനോടും അമ്മയോടും കൂട്ടുകാരോടും
കാമുകിയോടും ഉപയോഗിച്ച വാക്കുകള്‍.
അറം പറ്റിയവ.
പിറക്കാതെ പോയവ.
മരണത്തിന്റെ കറുപ്പുനിറമുള്ളവ.
വിശുദ്ധിയുടെ വെള്ളവാക്ക്.
പ്രണയത്തിന്റെ ആകാശനീല.
തൊട്ടാല്‍ വിരല്‍ മുറിയുന്ന ചുവന്ന വാക്കുകള്‍.
പറഞ്ഞാല്‍ അലിഞ്ഞുപോകുന്ന മഞ്ഞുവാക്കുകള്.
കരിങ്കല്ലും പിളര്‍ത്തുന്ന കൊടുംവാക്കുകള്‍
ലജ്ജയാല്‍ കുനിഞ്ഞുനില്ക്കുന്നവ.
വാതിലിന് മറവില്‍ ഒളിച്ചു നില്ക്കുന്നവ.
പൂമുഖത്ത് കസേരയിട്ടിരിക്കുന്നവ.
ഓരോ വാക്കും ഓരോ ചിത്രങ്ങള്‍.
ആദ്യം ഉച്ചരിച്ച വാക്കോര്മ്മയില്ല,
അവസാനത്തേത് വന്നെത്തിയിട്ടുമില്ല.
വാക്കിന്റെ ദേവന് വരും ഒരിക്കല്‍,
വാക്കുകളുടെ ആല്‍ബം തിരികെച്ചോദിക്കും.
അതിനുശേഷം മൗനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: