അടൂര്‍:എല്‍ഐസി മൈക്രോ ഇന്‍ഷുറന്‍സില്‍ വന്‍ തട്ടിപ്പ്. സ്ത്രികളടക്കമുള്ള നിക്ഷേപകര്‍ അടൂര്‍ എല്‍ഐസി ഓഫീസില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. അടൂരിലെ മൂന്ന് ഏജന്‍സി ഓഫീസുകള്‍ വഴി ലക്ഷക്കണക്കിന് രൂപയാണ് സാധാരണക്കാരില്‍ നിന്നും ശേഖരിച്ചിട്ടുള്ളത്. കാലാവധി പൂര്‍ത്തിയായ പലര്‍ക്കും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ക്രമക്കേട് പുറത്തായത്. അഞ്ചുവര്‍ഷത്തെ പ്രീമിയമാണ് മൈക്രോ ഇന്‍ഷുറന്‍സിന് അടയ്ക്കേണ്ടത്. ആളുകളില്‍ നിന്നും ശേഖരിക്കുന്ന പണം ഏജന്‍സികള്‍ കോട്ടയത്തെ മൈക്രോ ഇന്‍ഷുറന്‍സ് ഓഫീസില്‍ അടയ്ക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണം. കാലാവധി പൂര്‍ത്തിയാക്കിയ പോളിസി ഉടമകള്‍ക്ക് പണം നല്കാന് കഴിയാത്ത സാഹചര്യമാണുള്ളത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ജില്ലകളില്‍ നിന്നുമായി ലക്ഷക്കണത്തിന് രൂപയാണ് ഏജന്‍സി ഓഫീസുകളില്‍ അടച്ചിട്ടുള്ളത്. ഓരോ ഏജന്‍സിയും നൂറുകണക്കിന് കളക്ഷന്‍ ഏജന്റുമാരെ നിയമിച്ചിരുന്നു. ഇവര്‍ ഓരോ മാസവും ശേഖരിക്കുന്ന പണം ഏജന്‍സി ഓഫീസില്‍ അടച്ചിരുന്നതായും പറയുന്നു. ഏജന്‍സികളിലൊന്നില്‍ 2010 മുതല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്. ഇവരെല്ലാം പോളിസി ഉടമകളില്‍ നിന്നും ലഭിക്കുന്ന പണം ഏജന്‍സി ഓഫീസില്‍ കൃത്യമായി അടച്ചെങ്കിലും ഏജന്‍സി കോട്ടയത്തെ എല്‍ഐസി ഓഫീസില്‍ തുക അടയ്ക്കാന്‍ വീഴ്ചവരുത്തി. പണം അടയ്ക്കുന്ന ആളുകള്‍ക്ക് എല്‍ഐസിയുടെ പേരിലുള്ള രസീത് ലഭിച്ചുകൊണ്ടിരുന്നു. പോളിസി ഉടമകളുടെ പരാതിയെത്തുടര്‍ന്ന് അടൂര്‍ എല്‍ഐസി ഓഫീസില്‍ മൈക്രോ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരെത്തി പരാതികളെക്കുറിച്ച് അന്വേഷിച്ചു. വിവരം അറിഞ്ഞ് പണം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകള്‍ എല്‍ഐസി ഓഫീസിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. കോടിക്കണക്കിന് രൂപാ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: