കുന്നത്തൂര്‍: കഴിഞ്ഞദിവസം മണ്‍ട്രോത്തുരുത്തില്‍ ഡിവൈഎഫ്‌ഐ അക്രമത്തില്‍ പരുക്കേറ്റ ആര്‍എസ്എസ് നേതാവിനെതിരെ വധശ്രമത്തിന് കേസ്. അക്രമത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് മണ്ഡലം സേവാപ്രമുഖ് ആദിഭവനത്തില്‍ അജിക്ക് എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ അജിയെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാവിലെ പത്തിന് പന്ത്രണ്ടംഗ ഡിവൈഎഫ്‌ഐ-സിപിഎം ക്രിമിനലുകളുടെ നേതൃത്വത്തില്‍ വീടുകയറിയാണ് ആക്രമിച്ചത്. കമ്പിപാര ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ അജിയുടെ ദേഹമാസകലം പരുക്കേറ്റിരുന്നു. സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് അക്രമം നടന്നിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് പോലും ഇല്ലാതിരുന്ന അജിയെ അക്രമത്തില്‍ പങ്കുണ്ടെന്ന് കാട്ടി സിപിഎം പ്രവര്‍ത്തകര്‍ പരാതി നല്‍കിയ ശേഷം ആസൂത്രിതമായി വീട് കയറി ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണം നിലനില്‍ക്കുകയാണ്. ഇത് ഉപയോഗിച്ച് പോലീസിനെ സിപിഎം സ്വധീനിക്കുകയായിരുന്നു. എന്നാല്‍ പരുക്കേറ്റുകിടന്ന അജിയുടെ മൊഴിയെടുക്കാന്‍ പോലീസ് വരാതെയാണ് അജിക്കെതിരെ കേസെടുത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ കള്ളപരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
പോലീസ് പണം പറ്റിയാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. പ്രദേശത്തെ ബിജെപിയുടെ വളര്‍ച്ച ഭയന്നാണ് സിപിഎം പോലീസിനെകൊണ്ട് അജിക്കെതിരെ നിരന്തരം കള്ളപരാതികള്‍ നല്‍കി കേസെടുപ്പിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടും അജിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ കേസെടുക്കുവാന്‍ വേണ്ടി മാത്രം അഡ്മിറ്റായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിന് ശേഷം മൊഴിയെടുത്ത് അവിടെ നിന്നും സ്ഥലംവിടുകയായിരുന്നു. അജിക്കെതിരെയുള്ള കള്ള പരാതികളില്‍ കേസെടുത്ത പോലീസ് നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംഘപരിവാര്‍ സംഘടനകള്‍.
















